മഞ്ജു വാര്യർ സമ്മാനിച്ചത് മാധവിക്കുട്ടിയുടെ പുസ്തകം: അനശ്വര രാജൻ
തെന്നിന്ത്യൻ യുവതാരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയാണ് അനശ്വരയുടെ ആദ്യചിത്രം. ചിത്രത്തിൻറെ ലൊക്കേഷനിൽ നടന്ന ഒരു സംഭവം എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുമെന്നു പറയുകയാണ് അനശ്വര രാജൻ.
'ഉദാഹരണം സുജാതയുടെ ഷൂട്ടിങ്ങിനിടയിൽ ധാരാളം ഓർമകളുണ്ട്. കുട്ടികളോടൊപ്പമുള്ള അഭിനയം നല്ല ഓർമയാണ്. അവരൊക്കെ നല്ല കമ്പനിയായി. ഉച്ചയ്ക്ക് ബ്രേക്കാവുമ്പോൾ മറ്റെല്ലാവരും ഉറങ്ങും. ഞങ്ങൾ കുട്ടികൾ പാട്ടുവച്ച് ഡാൻസ് കളിക്കും.
ഷൂട്ടിങ് പകുതിയായപ്പോൾ മഞ്ജു ചേച്ചി ഒരു പുസ്തകം സമ്മാനമായി തന്നു. മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം എന്ന പുസ്തകമായിരുന്നു. പുസ്തകം വായിക്കാൻ ഇഷ്ടമാണോ എന്ന് ചേച്ചി നേരത്തെ ചോദിച്ചിട്ടുണ്ടായിരുന്നു. ഞാൻ ഇഷ്ടമാണെന്ന് പറയുകയും ചെയ്തിരുന്നു. ലൈബ്രറിയിൽ വച്ച് ഒരു സീൻ എടുക്കുമ്പോഴാണ് ചോദിച്ചത്. ചേച്ചി പുസ്തകം തന്നപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. ആമിയുടെ ആശംസകൾ. അക്ഷരങ്ങളുടെ സുഗന്ധം എന്നും ജീവിതത്തിൽ നിറയട്ടെ എന്നെഴുതിയ പുസ്തകമാണ് തന്നത്.
മഞ്ജു ചേച്ചിയുടെ ഒരു ഇൻറർവ്യൂവിൽ ഞാൻ കേൾക്കാനിടയായി. ചേച്ചി മാധവിക്കുട്ടിയെ കണ്ടപ്പോൾ ഇതുപോലെ എഴുതിയ ഒരു പുസ്തകം മാധവിക്കുട്ടി ചേച്ചിക്കുകൊടുത്തിട്ടുണ്ട് എന്ന്. അത്രയും പ്രാധാന്യമാണ് ചേച്ചി എനിക്ക് തന്നത് എന്നറിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ആ പുസ്തകം അപ്പോൾത്തന്നെ ഞാൻ വായിച്ചുതീർത്തു. പുസ്തകം ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്...' അനശ്വര പറഞ്ഞു.