'വിവാദങ്ങൾ കാരണം സിനിമയുടെ പ്രൊമോഷനിൽ നിന്നെല്ലാം എന്നെ മാറ്റി നിർത്തി'; അമല പോൾ
നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് അമല പോൾ. തമിഴകത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി തിളങ്ങിയ അമല തെലുങ്ക് സിനിമകളിലും അഭിനയിച്ചു. താര റാണിയായപ്പോൾ മലയാളത്തിലും മികച്ച സിനിമകൾ അമലയ്ക്ക് ലഭിച്ചു. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, മിലി തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ കുറച്ച് ബുദ്ധിമുട്ടിയ ഒരു തുടക്ക കാലം അമലയ്ക്ക് സിനിമാ രംഗത്തുണ്ടായിട്ടുണ്ട്. ഒരുപക്ഷെ മൈന എന്ന സിനിമ ഹിറ്റായിരുന്നില്ലെങ്കിൽ അമലയ്ക്ക് ഇന്നത്തെ നിലയിലേക്ക് ഉയരാൻ കഴിയുമായിരുന്നില്ല.
സിന്ധുസമവേലി എന്ന തമിഴ് ചിത്രമാണ് അമലയ്ക്ക് അക്കാലത്ത് വിനയായത്. ഇന്റിമേറ്റ് രംഗങ്ങളും വിവാദപരമായ കഥാഗതിയുമുള്ള സിനിമ അന്ന് ചർച്ചയായതാണ്. കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് അമലയിപ്പോൾ. റേഡിയോ മാംഗോയാണ് പ്രതികരണം. നീലത്താമര കഴിഞ്ഞ് തമിഴിൽ എന്റെ ആദ്യം റിലീസ് ചെയ്ത സിനിമ വീരശേഖരം ആണ്. അത് കാണാൻ പോയപ്പോൾ തിയറ്ററിൽ അഞ്ച് പേരെ ഉള്ളൂ. അതിൽ നാല് പേർ എന്റെ കുടുംബമാണ്. തുടക്കത്തിൽ ഒന്നിന് പിറകെ ഒന്നായി നിരാശജനകമായ അനുഭവമായിരുന്നു.
ഞാൻ മൈന കാണാൻ പോകുമ്പോഴും വീരശേഖരൻ കാണാൻ പോയതിന്റെ ട്രോമയുണ്ട്. എന്തായിരിക്കും എന്നറിയാത്ത ടെൻഷനിൽ പോയിട്ട് ഹൗസ് ഫുളായി കണ്ടു. അത് കഴിഞ്ഞ് വികടകവി വരുമ്പോൾ ഞാൻ വളരെ എക്‌സൈറ്റഡ് ആയിരുന്നു. വികടകവിയുടെ പോസ്റ്ററിൽ മൈനയായി അഭിനയിച്ച അമല പോളിന്റെ അടുത്ത സിനിമ എന്ന് കൊടുത്തെന്നും അമല പോൾ വ്യക്തമാക്കി. സിന്ധു സമവേലി എന്ന സിനിമ വിവാദമായതിനെക്കുറിച്ചും അമല സംസാരിച്ചു.
മൈന കഴിഞ്ഞാണ് ആ സിനിമയിൽ അഭിനയിച്ചത്. പക്ഷെ മൈനയ്ക്ക് മുമ്പ് അത് റിലീസായി. ആ സിനിമയുടെ വിവാദങ്ങൾ കാരണം മൈനയുടെ പ്രൊമോഷനിൽ നിന്നെല്ലാം എന്നെ മാറ്റി നിർത്തി. എന്നെ ക്ഷണിച്ചില്ല. ആ ഇമേജ് മൈനയിലെ കഥാപാത്രത്തിലേക്ക് പോകേണ്ടെന്ന് കരുതി. പക്ഷെ നമുക്ക് അർഹമായ വിജയം നേടുന്നതിൽ നിന്നും ആർക്കും നമ്മളെ തടയാൻ പറ്റില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്.
മൈന ഒരു സൂപ്പർഹിറ്റ് സിനിമയായി. ആളുകൾ എന്നെ ഒരുപാട് സ്‌നേഹിച്ചു. ഇതോടെ മൈനയുടെ അണിയറ പ്രവർത്തകർക്ക് തന്നെ പ്രൊമോഷന് വിളിക്കേണ്ടി വന്നെന്നും അമല പോൾ വ്യക്തമാക്കി. ആടുജീവിതമാണ് അമല പോളിന്റെ പുതിയ സിനിമ.