വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം, ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല; അൽഫോൺസ് പുത്രൻ
ഗോൾഡ് സിനിമയ്ക്കെതിരെയുള്ള വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ ട്രോളുകളും ഒട്ടേറെ വിമർശനങ്ങളും സംവിധായകന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇവയോടുള്ള പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് അൽഫോൺസ്.
താൻ ആരുടെയും അടിമയല്ലെന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം പക്ഷേ സോഷ്യൽ മീഡിയ പേജിൽ വന്ന് ദേഷ്യം കാണിക്കരുതെന്ന് അൽഫോൺസ് കുറിച്ചു.
'നിങ്ങൾ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോൾഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്. അത് നിങ്ങൾക്ക് നല്ലതാണ്. എനിക്കു വേണ്ടിയല്ല. അതുകൊണ്ട് ഇന്റർനെറ്റിൽ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുന്നു. ഞാൻ നിങ്ങളുടെ അടിമയല്ല അല്ലെങ്കിൽ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ നിങ്ങൾക്ക് അവകാശം നൽകിയിട്ടില്ല. അതിനാൽ നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം. പിന്നെ എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, ഞാൻ ഇന്റർനെറ്റിൽ അദൃശ്യനാകും.
ഞാൻ പഴയതുപോലെയല്ല. ഞാൻ ആദ്യം എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീണപ്പോൾ എനിക്കൊപ്പം നിന്നവരോടും സത്യസന്ധത പുലർത്തും. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴുന്നില്ല. അത് പ്രകൃതിയാൽ സംഭവിക്കുന്നു. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു'.