'അവിടെ നിന്നും ഇറങ്ങിപ്പോകാൻ മുത്തശ്ശി പറഞ്ഞു; സോപ്പ് നിർമാണം തുടങ്ങിയപ്പോൾ അവർ പറഞ്ഞത്..'; ഐശ്വര്യ ഭാസ്‌കരൻ
സിനിമാ ലോകത്ത് മിക്കപ്പോഴും ചർച്ചയാകാറുള്ള നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്‌കരൻ. ലക്ഷ്മിയുടെ അമ്മയാണ് പഴയ കാല നടി കുമാരി രുക്മിണി. അമ്മയുടെയും മുത്തശ്ശിയുടെയും പാത പിന്തുടർന്നാണ് ഐശ്വര്യ ഭാസ്‌കരൻ സിനിമാ രംഗത്തെത്തുന്നത്. ഒരു സെറ്റിൽ വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ ഭാസ്‌കരൻ.
ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്ന് പറച്ചിൽ. ഫിലിം ഇൻഡസ്ട്രിയിലുള്ള സീനിയർ നടിയാണ്. അവരുടെ പ്രൊജക്ടിൽ ഞാൻ അഭിനയിച്ചു. മൂന്ന് മാസം വർക്ക് ചെയ്തിട്ടും പ്രതിഫലം ലഭിച്ചില്ല. ആന്റീ, എനിക്ക് പേയ്‌മെന്റ് വേണമെന്ന് ഫോണിലൂടെ ചോദിച്ചു. പിറ്റേ ദിവസം ഷൂട്ടിംഗിന് വന്നപ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് അവർ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞു. വഴക്ക് കേട്ട് ഞാൻ ഷോക്കിലായി.
നമ്മളേക്കാൾ മൂത്തവരായതിനാൽ കരയാനേ പറ്റൂ, അടിക്കാൻ സാധിക്കില്ല. ജൂനിയർ ആരെങ്കിലുമാണ് പറഞ്ഞതെങ്കിൽ ഒന്ന് കൊടുത്തേനെ. എന്റെ പാട്ടി അന്ന് ജീവനോടെയുണ്ട്. ഇവരെ ചെറുപ്പം മുതലേ പാട്ടിക്ക് അറിയാം. അകത്തേക്ക് പോയി കരഞ്ഞ് ഞാൻ പാട്ടിയെ ഫോൺ ചെയ്തു. ഫോണെടുത്ത് പാട്ടി, ഇങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞു. കാശ് ചോദിച്ചത് തെറ്റാണോ എന്ന് ചോദിച്ചു. നീ ഇപ്പോൾ ചെയ്ത തെറ്റ് എന്നെ ഫോൺ ചെയ്തതാണ്. സെറ്റിൽ നിന്ന് ഇറങ്ങിപ്പോകൂയെന്ന് പാട്ടി മറുപടി നൽകി.
ഈ പണം ആവശ്യമില്ല, അവൾ തന്നെ വെച്ചോട്ടെ, ഈ അപമാനം നമുക്ക് വേണ്ട, ഒറ്റയ്ക്കാണ് പറഞ്ഞതെങ്കിൽ കുഴപ്പമില്ല, എല്ലാവരുടെയും മുന്നിൽ വെച്ച് ഇങ്ങനെ സംസാരിക്കാൻ അവൾക്ക് അവകാശമില്ല, നീ ഇറങ്ങി വായെന്ന് പറഞ്ഞു. പാട്ടി കാർ ഡ്രൈവറെ അയച്ചു. ഞാൻ പോകുമ്പോൾ അവർ ഡയറക്ടറോട് എന്തോ സംസാരിക്കുകയാണ്. എവിടെ പോവുകയാണ് എന്ന് ചോദിച്ചു. വീട്ടിൽ പോകുന്നെന്ന് ഞാൻ.
പാട്ടി ഇനി ഇവിടെ വർക്ക് ചെയ്യേണ്ട, തിരിച്ച് വരാൻ പറഞ്ഞെന്നും ഞാൻ വ്യക്തമാക്കി. 2004 ലാണ് ഈ സംഭവം നടന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം താൻ സോപ്പ് ബിസിനസ് തുടങ്ങിയപ്പോൾ എന്നെക്കുറിച്ച് അവർ യൂട്യൂബ് ചാനലിൽ സംസാരിച്ചു. ഐ ലവ് യു ഐശൂ എന്നൊക്കെ പറഞ്ഞു.
വർക്ക് ചെയ്തതിന് പണം ചോദിച്ചപ്പോൾ എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക് പറഞ്ഞയാളാണ്. അതിന് ശേഷം അത്രയും വർഷങ്ങൾ ഞാൻ ജീവനോടെയുണ്ടോ എന്ന് പോലും ചോദിച്ച് ഒരു ഫോൺ കോൾ പോലും വന്നിട്ടില്ല. എനിക്കൊരു പ്രശ്‌നം വന്ന് അത് വൈറലായപ്പോൾ അത് അവർ അവരുടെ യൂട്യൂബ് ചാനലിൽ കണ്ടന്റാക്കി. വളരെ തരം താണ പ്രവൃത്തിയാണതെന്നും ഐശ്വര്യ ഭാസ്‌കരൻ തുറന്നടിച്ചു.
നടിയും നിർമാതാവുമായ കുട്ടി പത്മിനിയെയാണ് ഐശ്വര്യ ഭാസ്‌കരൻ സൂചിപ്പിച്ചതെന്നാണ് അഭിമുഖത്തിന് താഴെ വരുന്ന കമന്റുകൾ. ഐശ്വര്യ സോപ്പ് ബിസിനസ് തുടങ്ങിയപ്പോൾ കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഐശ്വര്യക്ക് പ്രൊജക്ടുകൾ നൽകാൻ ശ്രമിച്ചതാണെന്നും എന്നാൽ ഐശ്വര്യ തന്നോട് സംസാരിക്കാൻ തയ്യാറായില്ലെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.