'അടൂർ വരെ ചോദിച്ചു, ബാബു ആന്റണിയെ വച്ച് സിനിമ പിടിക്കണോ എന്ന്; പിന്നീട് അടൂരിനു തിരുത്തേണ്ടിവന്നു...'
അപരാഹ്നത്തിലാണ് താൻ ആദ്യമായി ഹീറോ ആകുന്നതെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷൻ താരം ബാബു ആന്റണി. സംവിധായകൻ എം.പി. സുകുമാരൻ നായർ കർക്കശമായിട്ട് പറഞ്ഞു ബാബു ആന്റണി തന്നെ നന്ദകുമാർ എന്ന കഥാപാത്രം ചെയ്യണമെന്ന്. അടൂർ ഗോപാലകൃഷ്ണൻ സാർ വരെ ചോദിച്ചു അയാളുടെ ശരീരം വച്ചിട്ട് എങ്ങനെ ഈ കഥാപാത്രം ചെയ്യുമെന്ന്. എന്നാൽ സുകുമാരൻ നായർക്ക് വിശ്വാസമുണ്ടായിരുന്നു. അടൂർ സാർ അന്ന് ഒരു സംശയം പ്രകടിപ്പിച്ചതേയുള്ളൂ. പിന്നീട്, അദ്ദേഹം തന്നെ പറഞ്ഞു മലയാളത്തിൽ ഉണ്ടായ മികച്ച പത്തു സിനിമകളിൽ ഒന്നാണ് അപരാഹ്നമെന്ന്.
നന്ദകുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ അതു ചെയ്തു. അതിനായി ഭാരം കുറച്ചു. സാധാരണ ബനിയൊനൊക്കെ ഇട്ട് കൈലിയുടുത്ത് നന്ദകുമാറായി. കഥാപാത്രത്തെ മനസുകൊണ്ട് ഉൾക്കൊണ്ടാൽ ശാരീരികമായും അതാകും. മാർഷൽ ആർട്സ് അറിയാവുന്നതുകൊണ്ട് ബോഡി ഫ്ളക്സിബിളാണ്. അതും കഥാപാത്രങ്ങളാകാൻ സഹായകമാണ്.
ബാബു ആന്റണി എന്ന നടനെ മലയാള സിനിമ ശരിക്കും ഉപയോഗിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. ചിലപ്പോൾ രചയിതാക്കളുടെയോ സംവിധാകരുടെയോ മനസിൽ എനിക്കു പറ്റിയ കഥാപാത്രങ്ങളൊന്നും വന്നില്ലായിരിക്കാം. ആരെയും കുറ്റപ്പെടുത്തുന്നില്ല. പിന്നെ, എനിക്കു കൂടി ഇഷ്ടപ്പെട്ടാലേ സിനിമ സാധ്യമാകു എന്നും ബാബു ആന്റണി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.