'ഒരു പടം മാറ്റിവെയ്ക്കണം എന്നുപറയാൻ ആർക്കും അധികാരമില്ല, അന്ന് വെറുതേയിരുന്നെങ്കിൽ ആ സിനിമ റിലീസാവില്ലായിരുന്നു'; റെഡ് ജയന്റിനെതിരെ വിശാൽ
തമിഴ് ചലച്ചിത്ര നിർമാണ-വിതരണ കമ്പനിയായ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ നടനും നിർമാതാവുമായ വിശാൽ രംഗത്ത്. തന്റെ മുൻചിത്രമായ മാർക്ക് ആന്റണി തിയേറ്ററുകളിൽ റിലീസ് ചെയ്യാതിരിക്കാനുള്ള ശ്രമം നടന്നുവെന്ന് വിശാൽ പറഞ്ഞു. അന്ന് അടിയുണ്ടാക്കിയിട്ടാണ് ചിത്രം റിലീസ് ചെയ്തതെന്നും അല്ലായിരുന്നെങ്കിൽ മാർക്ക് ആന്റണി ഇപ്പോഴും പെട്ടിയിലിരുന്നേനേയെന്നും അദ്ദേഹം പറഞ്ഞു.
രത്‌നം എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സിന്റെ പേരെടുത്തുപറഞ്ഞ് വിശാൽ രൂക്ഷവിമർശനം നടത്തിയത്. താൻ നായകനായി അഭിനയിച്ച എനിമി എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് ഒരു പ്രശ്‌നം നടന്നിരുന്നുവെന്ന് വിശാൽ പറഞ്ഞു. ദീപാവലിയായിരുന്നു ആ സമയം. റെഡ് ജയന്റ്‌സ് പ്രൊഡക്ഷൻ കമ്പനിയിലെ ഒരാളുമായി തനിക്ക് ചെറിയ പ്രശ്‌നമുണ്ട്. ഇത് ഉദയനിധി സ്റ്റാലിന് അറിയുമോ എന്നറിയില്ലെന്നും വിശാൽ പറഞ്ഞു.
'ഒരു പടം മാറ്റിവെയ്ക്കണം എന്നുപറയാൻ ആർക്കും അധികാരമില്ല. തമിഴ് സിനിമ എന്റെ കയ്യിലാണ് എന്ന് ധാർഷ്ട്യം പ്രകടിപ്പിക്കുന്നവർ വിജയിച്ച ചരിത്രമില്ല. എനിക്കുവേണ്ടി മാത്രമല്ല ഇത് പറയുന്നത്. എ.സി മുറിയിലിരുന്ന് ഫോണെടുത്ത് പടം റിലീസ് ചെയ്, വേറാരുടേയും സിനിമ പ്രദർശിപ്പിക്കേണ്ട എന്ന് പറയുന്നവരല്ല എന്റെ സിനിമാ നിർമാതാക്കൾ. പണം പലിശയ്‌ക്കെടുത്ത് വിയർപ്പൊഴുക്കി, ഞങ്ങളെപ്പോലുള്ളവർ രക്തവും ചിന്തി ഒരു സിനിമ എടുത്തുകൊണ്ടുവന്നാൽ അങ്ങോട്ട് മാറിനിൽക്ക് എന്ന് പറയാൻ ആരാണ് ഇവർക്കെല്ലാം ഇതിനുള്ള അധികാരം കൊടുത്തത് നിങ്ങൾ ഇതൊരു കുത്തകയാക്കിവെച്ചിരിക്കുകയാണോ എന്ന് ഞാൻ റെഡ് ജയന്റ്‌സ് മൂവീസിലെ ഒരാളോടുചോദിച്ചിട്ടുണ്ട്. ഞാൻതന്നെയാണ് അയാളെ ഉദയനിധിയുടെ അടുത്തെത്തിച്ചത്.
മാർക്ക് ആന്റണിക്ക് 65 കോടിയായിരുന്നു മുടക്കുമുതൽ. വിനായക ചതുർത്ഥി ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ റിലീസിന് ഒരാഴ്ച മുന്നേ തിയേറ്റർ തരാൻകഴിയില്ലെന്ന് ഇവർ പറഞ്ഞു. ദേഷ്യം വന്നിട്ട് ഞാൻ അതിനെ ചോദ്യംചെയ്തു. എന്റെ പ്രൊഡ്യൂസർ 50 കോടിക്ക് മേലേ മുടക്കിയെടുത്ത സിനിമ എപ്പോൾ ഇറങ്ങണം, ഇറങ്ങേണ്ട എന്ന് തീരുമാനിക്കാൻ ഇവരൊക്കെ ആരാണ് കടം വാങ്ങിയിട്ടാണ് ആ പ്രൊഡ്യൂസർ പടം ചെയ്തത്. അന്ന് പ്രശ്‌നമുണ്ടാക്കിയിട്ടാണെങ്കിലും മാർക്ക് ആന്റണി റിലീസ് ചെയ്തു. ഭാഗ്യവശാൽ ആ ചിത്രം വിജയിക്കുകയും നിർമാതാവിന് ലാഭമുണ്ടാവുകയും ചെയ്തു. സംവിധായകൻ ആദിക്കിന് ഒരു നല്ല ഭാവിയും എനിക്ക് ഒരു വിജയവും കിട്ടി. അന്ന് ഞാൻ വെറുതേയിരുന്നെങ്കിൽ മാർക്ക് ആന്റണി ഇന്നും റിലീസാവില്ലായിരുന്നു. എന്റേതായി ഇനി റിലീസാവാനിരിക്കുന്ന രത്‌നത്തിനും ഇതേ പ്രശ്‌നം വരും.' വിശാൽ ചൂണ്ടിക്കാട്ടി.
ഇവരോടൊക്കെ എതിർത്ത് പറയാൻ ആർക്കും ധൈര്യമില്ല. നിർമാതാക്കൾക്ക് ധൈര്യമുണ്ടാവണം. നിർമാതാക്കൾ നന്നായാലേ തന്നെപ്പോലുള്ള നിരവധി താരങ്ങളെവെച്ച് ധാരാളം സിനിമകളുണ്ടാക്കാനാവൂ. ബിസിനസ് തന്റെ ജോലിയാണ്. മൂന്നുനേരത്തെ ആഹാരത്തിന് അധ്വാനിക്കുന്നവരാണ് തങ്ങളെപ്പോലുള്ളവർ. നിങ്ങളെപ്പോലുള്ളവർക്ക് അങ്ങനെയല്ല. രത്‌നം ഇറങ്ങുമ്പോൾ എന്തെങ്കിലും തടസം സൃഷ്ടിച്ചാൽ തിരിച്ചടിക്കാൻ റെഡിയാണ്. സിനിമ ആരുടേയും കാൽക്കീഴിലല്ലെന്നും വിശാൽ പറഞ്ഞു.