ബാലന്‍ കെ. നായരെയും ജോസ്പ്രകാശിനെയും വെറുത്തു, അന്നത്തെ കാലത്തിന്റെ കൂടി പ്രശ്‌നമാണ്- മധു
ഇമേജുകളുടെ കൂടെയല്ല സിനിമയിലെ പുതുതലമുറക്കാര്‍ സഞ്ചരിക്കുന്നതെന്ന് മലയാളത്തിന്റെ മഹാനടന്‍ മധു പറഞ്ഞു. കഥാപാത്രം ഏതായാലും സ്വീകരിക്കാന്‍ അവര്‍ കാണിക്കുന്ന തന്റേടം അവരുടെ അഭിനയത്തിലുമുണ്ട്. നായകനായി രംഗത്തെത്തിയവന് വില്ലന്‍ വേഷം ചെയ്യാനും ഒരു മടിയുമില്ല. അങ്ങനെയൊരാര്‍ജവം അഭിനേതാക്കളില്‍നിന്നുണ്ടായാലേ ഏതു കഥാപാത്രത്തേയും അവര്‍ക്കു സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.
മറിച്ചാണെങ്കില്‍ ഒരു പ്രത്യേക ഇമേജില്‍ അവര്‍ കുരുങ്ങിപ്പോകും. അതില്‍നിന്നും രക്ഷപ്പെടാനും കഴിഞ്ഞെന്നുവരില്ല. വില്ലനായിട്ടാണ് മോഹന്‍ലാലിന്റെ രംഗപ്രവേശം. എത്രയോ ചിത്രങ്ങളില്‍ വില്ലന്‍വേഷം കൈകാര്യം ചെയ്തശേഷമാണ് ലാല്‍ പതിയെപ്പതിയെ സ്വഭാവ കഥാപാത്രങ്ങളിലേക്ക് കടന്നുചെന്നത്. ഒരു നടന്റെ അഭിനയ റേഞ്ച് അളക്കാന്‍ അതുതന്നെ ധാരാളം.
വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാലന്‍ കെ. നായര്‍ക്കും ജോസ്പ്രകാശിനും ഗോവിന്ദന്‍കുട്ടിക്കുമൊക്കെ പ്രേക്ഷകരുടെ വെറുപ്പ് ആ കാലത്ത് ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അത് അന്നത്തെ കാലത്തെ ആസ്വാദനത്തിന്റെ കൂടി പ്രശ്‌നമാണ്. യഥാര്‍ഥ ജീവിതത്തിലും ഇവര്‍ ഇങ്ങനെയൊക്കെയാണെന്ന പ്രേക്ഷകരുടെ മുന്‍വിധി പെട്ടെന്നു മാറ്റിമറിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇന്നതല്ല അവസ്ഥ. നന്നായി പെര്‍ഫോം ചെയ്യുന്ന വില്ലനുപോലും കൈയടി ലഭിക്കുന്ന കാലമാണെന്നും മധു പറഞ്ഞു.