മലയാളികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് അഭിരാമി സുരേഷ്
മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയിലും സജീവമായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ഏറെ ശ്രദ്ധനേടാറുണ്ട്.
ടെലിവിഷന്‍ പരമ്പരയിൽ ബാലതാരമായാണ് അഭിരാമിയുടെ തുടക്കം. പിന്നീട് അവതാരകയായും ഗായികയായുമൊക്കെ മലയാളികളുടെ മനസിൽ ഇടംപിടിച്ച അഭിരാമി, സഹോദരി അമൃത സുരേഷിനൊപ്പം ബിഗ് ബോസിലുമെത്തിയിരുന്നു. .
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മലയാളികള്‍ക്ക് സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍ കൂടുതലാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍ ലൈംഗിക വിദ്യാഭ്യാസം ശരിയായി കിട്ടാത്തതു കൊണ്ടാണെന്ന് അഭിരാമി പറയുന്നു.
അഭിരാമി സുരേഷിന്റെ വാക്കുകൾ
'ലൈംഗിക വിദ്യാഭ്യാസം ശരിയായി കിട്ടാത്തവരാണ് മലയാളികള്‍ എന്ന് തോന്നിയിട്ടുണ്ട്. അല്ലാതെ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍ കൂടുതലുള്ളവരാണെന്ന് തോന്നിയിട്ടില്ല. നമുക്കൊരു കാര്യത്തെക്കുറിച്ച് വിശദമായി അറിയില്ലെങ്കില്‍ അത് കയ്യില്‍ കിട്ടുമ്പോള്‍ നശിപ്പിക്കും. അതായത്, കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ അവസ്ഥ. ഇന്ന് നമുക്ക് ഇതിലൊക്കെ ആക്‌സസുണ്ട്. ഈ തലമുറയ്ക്ക് സ്വാതന്ത്ര്യവും ഇത്തരം കാര്യങ്ങളില്‍ ആക്‌സസും കൂടുതലുണ്ട്. പക്ഷെ എങ്ങനെ അത് കൃത്യമായി ഉപയോഗിക്കണം എന്ന് അറിയില്ല.
സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം ശരിയായി കിട്ടാത്തതു കൊണ്ടാണ്. ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ എങ്ങനെ ഈ കാര്യങ്ങള്‍ ചെയ്യണം എന്നല്ല. അങ്ങനെയാണ് പലരുടേയും തെറ്റിദ്ധാരണ. ആണിന്റേയും പെണ്ണിനും അവരുടെ ശരീരത്തെക്കുറിച്ച് അറിയാനുള്ളതാണ്. സെക്ഷ്വല്‍ മാത്രമല്ല. ആണ്‍കുട്ടികളും അറിഞ്ഞിരിക്കണം. ഒരു റിലേഷന്‍ഷിപ്പിനെ വരെ അത് സഹായിക്കും. പെണ്‍കുട്ടിയുടെ ആര്‍ത്തവത്തെക്കുറിച്ചൊക്കെ അറിയുന്നയാളാണെങ്കില്‍ അയാളുടെ മൂഡ് സ്വിംഗ്‌സ് ഒരിക്കലുമൊരു വഴക്കിലേക്ക് നീങ്ങില്ല.
ലൈംഗിക വിദ്യാഭാസ്യം എന്നത് നമ്മളുടെ നാട്ടില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഗുഡ് ടച്ചും ബാഡ് ടച്ചും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ആര്‍ത്തവവും ഇന്റിമസിയുമൊക്കെ ഇതിന്റെ പല പല ഭാഗങ്ങളാണ്. ഫ്രസ്റ്റ്രേഷന്റെ കാര്യം എനിക്കറിയില്ല, ഞാനത്ര ജഡ്ജുമെന്റല്‍ അല്ല. പക്ഷെ ലൈംഗിക വിദ്യാഭ്യാസം കുറവാണെന്ന് തോന്നിയിട്ടുണ്ട്'.