1,800 വര്‍ഷം പഴക്കമുള്ള റോമന്‍ ഭരണി; കൗതുകമായി ലാറ്റിന്‍ കവിത!
ലോകപ്രശസ്തരായ എഴുത്തുകാരുടെ രചനാശകലങ്ങള്‍, ഹൈക്കുകള്‍, കവിതകള്‍, തത്വചിന്താപരമായ വാക്യങ്ങള്‍ തുടങ്ങിയവ പ്രിന്റ് ചെയ്ത കപ്പുകളും പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രസന്റേഷന്‍ കടകളിലും പുസ്തകശാലകളിലുമെല്ലാം ഇക്കാലത്തു സുലഭമാണ്. വിശേഷാവസരങ്ങളില്‍ ഇതെല്ലാം വാങ്ങുകയും പ്രിയപ്പെട്ടവര്‍ക്കു സമ്മാനിക്കുകയും ചെയ്യുന്നവരും ധാരാളമാണ്. എന്നാല്‍, 1,800 വര്‍ഷം പഴക്കമുള്ള റോമന്‍ ഭരണി ഗവേഷകര്‍ക്കിടയില്‍ കൗതുകമായി. പുരാതന റോമന്‍ കവി വിര്‍ജിലിന്റെ കവിത ആലേഖനം ചെയ്ത ഒരു ഭരണിയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ലോകകവിതയില്‍ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന കവിയാണ് ലാറ്റിന്‍ ഭാഷയില്‍ കവിത എഴുതിയിരുന്ന പബ്ലിയസ് വിര്‍ജീലിയസ് മാരോ (ബിസി 70 ഒക്ടോബര്‍ 15ബിസി 19 സെപ്റ്റംബര്‍ 21) എന്ന വിര്‍ജില്‍. എക്‌ളോഗ്വസ്, ജിയോര്‍ജിക്‌സ്, ഈനിഡ് എന്നിവയാണ് വിര്‍ജിലിന്റെ പുസ്തകത്രയങ്ങള്‍. വിര്‍ജിലിന്റെ ഏറ്റവും പ്രശസ്തമായ ഇതിഹാസകാവ്യമാണ് ഈനിഡ്. 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയ ഇതിഹാസമാണ്. ദൈവങ്ങളും മിഥോളജിയും ഉള്‍പ്പെടുന്നതാണ് വിര്‍ജിലിന്റെ കാവ്യപ്രപഞ്ചം.
തെക്കന്‍ സ്‌പെയിനില്‍നിന്നാണു ഭരണിയുടെ ഭാഗം കണ്ടെത്തിയത്. ഒലിവ് ഓയില്‍ സൂക്ഷിക്കുന്ന ഭരണിയായിരുന്നു ഇത്. മൂന്ന് ഇഞ്ച് നീളമുള്ള കഷണം ഒരു കാലത്ത് റോമന്‍ ആംഫോറയുടെ ഭാഗമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. റോമന്‍ ആര്‍ക്കിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ആംഫോറയില്‍ കണ്ടെത്തിയ ആദ്യത്തെ സാഹിത്യഉദ്ധരണിയാണ് ഈ ലിഖിതമെന്ന് ഗവേഷകര്‍ പറയുന്നു. ഒരു തരം ഭരണി (കണ്ടെയ്‌നര്‍) യാണ് ആംഫോറ. പ്രത്യേക ആകൃതിയിലുള്ള ഭരണിയാണിത്. കൂര്‍ത്ത അടിഭാഗവും ഇരുവശവും കൈപ്പിടികളും വായുപോലും കടക്കാതെ അടക്കാവുന്ന മുകള്‍ഭാഗവും ആംഫോറയുടെ പ്രത്യേകതകളാണ്. കര-കടല്‍ മാര്‍ഗങ്ങളിലൂടെ ചരക്കുകള്‍ കേടുകൂടാതെ കൊണ്ടുപോകാന്‍ അക്കാലത്തു വ്യാപകമായി ഉപയോഗിച്ചിരുന്ന ഭരണിയാണിത്. പുരാതന ഗ്രീക്ക് വെയ്‌സ് പെയിന്റിംഗില്‍ ഉപയോഗിച്ചിരുന്ന പല രൂപങ്ങളില്‍ ഒന്നായിരുന്നു ആംഫോറയുടെ പതിപ്പുകള്‍. ഏഴു വര്‍ഷം മുമ്പാണ് പുരാവസ്തു ഗവേഷകര്‍ ഭരണിയുടെ ഭാഗം കണ്ടെത്തിയത്. അന്ന്, ഭരണിയുടെ ഭാഗം പ്രത്യേകിച്ച് ശ്രദ്ധേയമാണെന്ന് അവര്‍ കരുതിയിരുന്നില്ല. സ്‌പെയിനിലെ കോര്‍ഡോബ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരുടെ അഭിപ്രായപ്രകാരം അത്തരം പാത്രങ്ങളില്‍ വാചകങ്ങള്‍ കൊത്തിവയ്ക്കുന്നതു സാധാരണമാണ്. അതു പലപ്പോഴും ചരക്കുമായും അല്ലെങ്കില്‍ നികുതിയുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും അവര്‍ പറഞ്ഞു.
പക്ഷേ, ഒരു ആംഫോറയില്‍ ഒന്നോ രണ്ടോ വരിയില്‍ കൂടുതലുള്ള കൊത്തുപണികള്‍ ഒരിക്കലും കാണാന്‍ കഴിയില്ല. ഭരണിയുടെ പാളിയില്‍ കണ്ടെത്തിയതിന് അഞ്ചു വരികളോളം ഉണ്ടായിരുുന്നു. സ്‌പെയിനിലെ ബലേറിക് ഐലന്‍ഡ്‌സ് സര്‍വകലാശാലയിലെ ക്ലാസിക്കല്‍ ഭാഷാ പണ്ഡിതനായ അന്റോണിയ സോളര്‍ ഈ വരികള്‍ പരിചിതമാണെന്ന് തിരിച്ചറിഞ്ഞു. ബിസി 29ലെയാണ് ഈ കാവ്യശലകമെന്ന് അദ്ദേഹം് പറഞ്ഞു. ഒരു ഫാമിനെ എങ്ങനെ പരിപാലിക്കാം എന്നതിനെക്കുറിച്ചുള്ള വിര്‍ജിലിന്റെ കവിതയാണിതെന്നും അദ്ദേഹം പറഞ്ഞു. കവിത തിരിച്ചറിയാന്‍ പ്രയാസമായിരുന്നു, കാരണം ഭാഗികമായാണ് ഇതു ലഭിച്ചത്. ഓ, പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള പ്രകാശങ്ങളേ- എന്നു തുടങ്ങി ഒരുമിച്ചു നൃത്തം ചെയ്യൂ, വനദേവതയും പെണ്‍കുട്ടികളും- എന്നവസാനിക്കുന്നതാണ് കാവ്യഭാഗം. ഈ കാവ്യഭാഗം ഒലിവ് ഓയില്‍ അടങ്ങിയ ആംഫോറയെ സംബന്ധിച്ചിടത്തോളം അന്വര്‍ഥമാണെന്ന് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ ജെയ്ന്‍ ഡ്രെയ്‌കോട്ട് അഭിപ്രായപ്പെടുന്നു. കൃഷിയെക്കുറിച്ചാണ് ഈ കവിത.