Begin typing your search...

ആനന്ദനടനം അലര്‍മേല്‍വള്ളിയുടെ കലാജീവിതം

ആനന്ദനടനം അലര്‍മേല്‍വള്ളിയുടെ കലാജീവിതം
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

രതനാട്യത്തില്‍ വിസ്മയം തീര്‍ത്ത അതുല്യപ്രതിഭയാണ് അലര്‍മേല്‍വള്ളി. പന്തനല്ലൂര്‍ ശൈലിയില്‍ അടിയുറച്ച നൃത്തരീതിയിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചെടുത്ത നര്‍ത്തകി. അലര്‍മേല്‍വള്ളിയുടെ ആത്മകഥയില്‍ നിന്നുള്ള ചില ഭാഗങ്ങള്‍


''നൃത്തംചെയ്യുന്ന വേളകളിലൊക്കെ ഞാന്‍ ഒരേ സമയം കവിയും ചിത്രകാരിയും ഗായികയുമാണെന്ന തോന്നലാണെനിക്ക്. സ്വന്തമായി നൃത്തകാവ്യം രചിക്കുന്നതിന് എന്റേതാക്കി മാറ്റിയ ഭാഷയാണു നൃത്തം. ഞാന്‍ തന്നെ ചായക്കൂട്ടു കൊടുത്തു ജീവസുറ്റതാക്കിയ ചിത്രങ്ങളാണ്. നൃത്തവും സംഗീതവും മനോധര്‍മങ്ങളെ പരസ്പരം പങ്കുവച്ച് ഒന്നിച്ചൊഴുകുമ്പോള്‍ ശരീരംകൊണ്ടു നടനം ചെയ്യുന്നതായും സംഗീതം നടനമാകുന്നതായും എനിയ്ക്ക് അനുഭവപ്പെടുന്നു.'

പ്രപഞ്ചതാളത്തിന്റെ സുശക്തമായ പ്രതിപാദനമായിട്ടാണ്, ദൈവീകതയുടെ പ്രത്യക്ഷമായിട്ടാണു നൃത്തകല നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്നുപോരുന്നത്. ഭരതനാട്യത്തിന്റെ ഉത്ഭവത്തിന് രണ്ടായിരം വര്‍ഷത്തെ പഴക്കവും കല്‍പ്പിച്ചിരിക്കുന്നു. അനുഷ്ഠാനസമാനമായി തെക്കേ ഇന്ത്യയിലെ മഹാക്ഷേത്രങ്ങളിലും രാജകൊട്ടാരങ്ങളിലും ഈ നൃത്തരൂപം കാലങ്ങളിലൂടെ പുലര്‍ന്നുപോന്നു. ശില്‍പ്പ-ചിത്രകലകളിലും കാവ്യങ്ങളിലും ഗീതികളിലും ആഘോഷിക്കപ്പെട്ടും ബലിഷ്ഠകായന്മാരായ നട്ടുവന്മാരാലും നര്‍ത്തകരാലും സമ്പന്നമാക്കപ്പെട്ടും നൂറ്റണ്ടുകളിലൂടെ തിടംവച്ച് ഈ നൃത്തഭാഷ മുതിര്‍ന്നു. അനുഷ്ഠാനബദ്ധവും അനുഷ്ഠാനേതരവുമായ ഇഴകള്‍ ചേര്‍ത്തു നിര്‍മിച്ചെടുത്ത ഭരതനാട്യത്തില്‍ കായികവും മാനസികവും ധൈഷണികവും ആത്മീയവുമായ വിതാനങ്ങള്‍ ഒത്തൊരുമിക്കുന്ന അത്ഭുതം നമുക്കു കാണാനാവും. ഇതുതന്നെയാണതിന്റെ കരുത്തും കാന്തിയും.

സങ്കീര്‍ണമായ താളക്കെട്ടുകളും ജ്യാമിതീയഭംഗികളും കാല്‍പ്പെരുമാറ്റങ്ങളുടെ സൂക്ഷ്മസംഹിതയും സുഭദ്രമാക്കിയ ഹസ്തമുദ്രാവിന്യാസവും സംഗോപാംഗം തിളങ്ങുന്ന ഭാവങ്ങളും മനോവികാരങ്ങളുടെ ധ്വന്യാത്മകമായ ആവിഷ്‌കാരവും ഭരതനാട്യത്തില്‍ സംഗമിക്കുന്നു. 'ആറാം വയസിലാണ് ഞാന്‍ ഭരതനാട്യത്തിലേക്ക് ഉപനയിക്കപ്പെട്ടത്. എന്റെ ഗുരുനാഥന്മാരായ പന്തനല്ലൂര്‍ ചൊക്കലിംഗംപിള്ളയും മകന്‍ സുബ്ബരായപിള്ളയും അനവധി തലമുറകളില്‍പ്പെട്ട പ്രയോക്താക്കളുടെ സഞ്ചിതസംസ്‌ക്കാരമായിരുന്നു. പാരമ്പര്യമെന്നാല്‍ വളര്‍ച്ചയുടെ അനുസ്യൂതിയും ഭൂതകാലമഹിമയും അവിരാമമായ നവീകരണവുമാണെന്ന് അവരില്‍നിന്നു ഞാന്‍ തിരിച്ചറിഞ്ഞു. വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതും ഭാവിയിലേക്കു നീളുന്നതും ഈ ഗുണവിശേഷങ്ങളാണെന്നും എനിക്കു വെളിപ്പെട്ടു. ഗുരുക്കന്മാരൊരുക്കിയ അടിത്തറയില്‍ നിന്നാണു ഞാന്‍, സ്ഥലത്തിലും കാലത്തിലുമായി, ഘടനകള്‍ പണിതുയര്‍ത്തിയത്. സമകാലിക ജീവിതാനുഭവം എന്റെ പ്രയത്‌നത്തിന് പിന്തുണയായി.വിവര സാങ്കേതിക വിദ്യകളുടെ അധിനിവേശത്തിനു മുമ്പുള്ള കാലത്താണ് ഞാന്‍ നൃത്തവിദ്യാര്‍ത്ഥിനിയായത്. കാസറ്റുകളും സി.ഡി.യും വി.സി.ഡി.യുമില്ലാത്ത സ്വച്ഛതയാര്‍ന്നൊരു കാലം. ഇന്റര്‍നെറ്റും ശബ്ദലേഖനയന്ത്രങ്ങളും വീഡിയോകളും ഇല്ലാതിരുന്നതിനാല്‍ സാങ്കേതികവിദ്യ നൃത്തപഠനത്തിന് ഊന്നുവടിയായില്ല. പഠന സാമഗ്രികളായിവന്ന് ഡി.വി.ഡികള്‍ ഗുരുക്കന്മാരെ നിഷ്‌ക്കാസനം ചെയ്യുന്ന അവസ്ഥ അന്ന് സ്വപ്നത്തില്‍പ്പോലുമില്ല. അക്കാലം ഓര്‍മിക്കലും നിരീക്ഷണവും ഏകാഗ്രതയും ആത്മപരിശോധനയും മാത്രമായിരുന്നു നൃത്തവിദ്യാര്‍ത്ഥികളുടെ ആശ്രയം. ഗുരുമുഖത്തുനിന്ന് ലഭിച്ച പാഠങ്ങളെ അവരങ്ങനെയാണു സ്വാംശീകരിച്ചത്.

നൃത്തകലയെ മനസിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും എനിയ്ക്കു സഹജമായി ലഭിച്ചത് കവിതയും സംഗീതവും. വാഗര്‍ത്ഥവും സംഗീതവുമായുളള അഭേദ്യബന്ധം എന്നില്‍ വലിയ അവബോധമായി പരിണമിച്ചത് ടി. മുക്തയില്‍ നിന്നു കിട്ടിയ സംഗീത പാഠങ്ങളുടെ ഫലമായിട്ടാണ്. ഇതിവൃത്തത്തെ/പ്രമേയത്തെ കേവലമായി ചിത്രീകരിക്കുക മാത്രമല്ല, തത്സമയം എന്റെ ശരീരത്തെ സംഗീതം കേള്‍ക്കാനനുവദിക്കുക കൂടിയാണ് ഞാന്‍ ചെയ്യുന്നതെന്നു ബോധ്യപ്പെടുകയായിരുന്നു. ഈ 'ചലനാത്മക ശ്രവണ'മാണ് നൃത്തമെന്നു ഞാന്‍ കണ്ടെത്തി.

ആത്യന്തികമായും അതിസൂക്ഷ്മാവസ്ഥയിലും നൃത്തമെന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ജ്യാമിതീയതയേക്കാള്‍, ആശ്ചര്യജനകമായ കായികപ്രകടനത്തേക്കാള്‍ ഉപരിയായ മറ്റൊന്നാണ്. അഗാധമായ ആത്മീയതയും സമൃദ്ധവും സാന്ദ്രവുമായ സംഗീതാത്മകതയും നൃത്തം ആവഹിക്കുന്നു. രാഗസ്‌നിഗ്ദ്ധവും ലോലവുമാണത്. ധ്വനിപാഠങ്ങളുടെ ആഖ്യാനത്തിലാണ് നൃത്തത്തിന്റെ മാന്ത്രികത കുടികൊളളുന്നത്. നര്‍ത്തകിയുടെ ശിരോചലനത്തില്‍, മന്ദമായി ചലിക്കുന്ന പുരികക്കൊടികളില്‍, കടാക്ഷങ്ങളില്‍, കണങ്കാലിളക്കത്തില്‍, കരചലനത്തില്‍, ശരീരത്തിന്റെ ഉലച്ചിലില്‍, വെളിച്ചവും നിഴലും ഉള്‍ച്ചേരുന്ന പദവിന്യാസങ്ങളില്‍, ഈ മാന്ത്രികത മൂര്‍ത്തമാവുന്നു.

ശാസ്ത്രീയമെന്നു വിവക്ഷിതമായ ഭാരതീയനൃത്തം ദേഹത്തിന്റെയും ദേഹിയുടെയും ആഘോഷമാണ്. നര്‍ത്തകിയ്ക്ക്/നര്‍ത്തകന് ഇത് ആനന്ദപ്രദവും ശാന്തിദായകവും ആത്മപ്രചോദിതവുമായ അനുഭവമാകുന്നു. ഒപ്പം പ്രേക്ഷകനും. നൃത്തമെന്നാല്‍ എനിയ്ക്ക് പ്രാര്‍ത്ഥനയാണ്. മനുവും തനുവും ചേര്‍ന്ന പ്രാര്‍ത്ഥന. ജീവിതാഘോഷത്തിന്റെ ഉന്മത്തത.

ഭരതനാട്യത്തിന്റെ പരമ്പരാഗത ഘടന ഈ കലയുടെ വൈവിദ്ധ്യപൂര്‍ണമായ മാനങ്ങളെയും മുഖങ്ങളെയും പ്രദര്‍ശിപ്പിക്കാന്‍ പര്യാപ്തമാണ്. ഞാന്‍ കാവ്യങ്ങളും ഗീതങ്ങളും എന്റെ അവതരണങ്ങളില്‍ സ്വീകരിക്കുന്നത് വ്യത്യസ്ത സ്രോതസുകളില്‍ നിന്നാണ്. എന്റെ അരങ്ങില്‍, ന്യത്തത്തിന്റെയും നാട്യത്തിന്റെയും പ്രമേയത്തിന്റെയും പലതരം അടവുകളുടെയും ഉദ്ഗ്രഥനമാണ് ലക്ഷ്യമാക്കുന്നത്. വര്‍ണനിബിഡവും സങ്കീര്‍ണവും അതേസമയം സുതാര്യവുമായ ഒരു നടനസംസ്‌ക്കാരം.

നൃത്തകലയുമായി അത്രയൊന്നും ബന്ധമില്ലാത്തവരുടെയടക്കം മനസുകളെ തൊട്ടറിയാനും ഭാഷാപരവും സംസ്‌ക്കാരികവുമായ അതിരുകളെ ലംഘിക്കുവാനും കഴിയുന്നതിലാണ് ഏതൊരു നര്‍ത്തകിയുടെയും ശക്തി-സൗന്ദര്യങ്ങള്‍ നിരീക്ഷിക്കപ്പെടുക. എന്റെ അവലംബവും മാര്‍ഗദര്‍ശിയും പ്രചോദനവും പിന്തുണയും എക്കാലവും അമ്മയാണ്. കലയോടുള്ള പവിത്രമായ പ്രതിജ്ഞാബദ്ധത എന്നില്‍ പതിഞ്ഞത് അമ്മയിലൂടെയാണ്.

ക്ഷേത്രജ്ഞപദങ്ങളുടെ പഠനവും 'കോര്‍വെ'കളും എന്റെ അഭിനയ സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിച്ചു. ആലാപനത്തിലെ സൂക്ഷ്മവിനിയോഗങ്ങള്‍ക്കും ഞൊറിവുകള്‍ക്കുമനുസരിച്ച് എന്റെ അംഗോപാംഗവ്യവഹാരങ്ങളും പരിവര്‍ത്തിക്കപ്പെട്ടു. റൂത്ത്‌സെന്റെ ഡെനിസ് അഭിപ്രായപ്പെട്ടതുപോലെ നൃത്തം എനിക്ക് 'ആത്മാവും ആത്മാവും തമ്മിലുള്ള വിനിമയമായി. എന്തിന്? കൂടുതല്‍ ആഴമുള്ളതിനെയും വാഗതീതമായതിനെയും പ്രകാശിപ്പിക്കാന്‍'.

ഇന്നത്തെ ജനത പലപ്പോഴും അലസരും ഉള്‍ക്കനമില്ലാത്ത വിനോദശകലങ്ങളില്‍ അഭിരമിക്കുന്നവരുമായി മാറിയിരിക്കുന്നു. 'ശാസ്ത്രീയം' എന്ന് തരംതിരിക്കപ്പെട്ട കലകള്‍ക്ക് കാണികളെ/ശ്രോതാക്കളെ അതിവേഗം ഭ്രമിപ്പിക്കാനാവില്ല. പ്രേക്ഷകരെ വളര്‍ത്തലാണ് നര്‍ത്തകര്‍ ഏറ്റടുക്കേണ്ട ഒരു ദൗത്യം. സുസംസ്‌കൃതസംഗീതവും നൃത്തവും നാട്യവും ആസ്വദിക്കാന്‍ പ്രാപ്തരാവുന്നവര്‍ ഒട്ടേറെ മൂല്യങ്ങള്‍കൂടി സ്വന്തമാക്കുന്നു. അച്ചടക്കവും മികവിനുള്ള ദാഹവും ജാഗ്രതയും അപങ്കിലമായ ലാവണ്യബോധവും ശാസ്ത്രീയ കലകള്‍ അടുത്തനുഭവിക്കുന്നവരുടെ എടുത്താലൊടുങ്ങാത്ത ധനം. കരണശുദ്ധിയും രേഖാഭംഗിയും അഭ്യാസമികവും കൊണ്ടുമാത്രം സദസിനെ കൂടെ കൂട്ടാനാവില്ല, ഏതൊരു നര്‍ത്തകനും നര്‍ത്തകിയ്ക്കും. പ്രയോക്താവിന്റെ താദാത്മതീഷ്ണതയും നിരുപാധികമായ ഹര്‍ഷവും പ്രേക്ഷകനെ ഹരം കൊള്ളിക്കാതിരിക്കില്ല. അത്തരത്തിലുള്ള ജനകീയതയ്ക്കുമാത്രമേ ശസ്ത്രീയകലകളില്‍ സ്ഥാനമവകാശപ്പെടാനാവൂ. നിത്യമായ അശാന്തിയാണ് നര്‍ത്തകിയുടെ/നര്‍ത്തകന്റെ വ്യക്തിത്വത്തിലെ അപ്രതിരോധ്യമായ മൂല്യം. വിശ്വവിഖ്യാതനായ ഷേക്‌സ്പിയറെ ഉദ്ധരിക്കട്ടെ: 'രാപ്പകല്‍ തന്നോടുതന്നെ വിശ്വസ്തമായിരിക്കുക. എങ്കിലോ ഏതൊരുവന്റെ മുമ്പിലും നീ അന്യൂനയായിരിക്കും'. നൃത്തകലയില്‍ എന്റെ ദര്‍ശനവും മറ്റൊന്നല്ല.


നമ്മള്‍ കേട്ടതും അറിഞ്ഞതുമായ സകലതും കീഴ്‌മേല്‍മറിയുന്ന ഈ കാലത്ത് ഭരതനാട്യം ഉപേക്ഷിച്ച് സ്വന്തം സ്വര്‍ഗാത്മതകയെ പുതിയൊരു ദിശയിലേക്കു നയിക്കാന്‍ നിങ്ങള്‍ ഒരുമ്പെടാത്തതെന്താണന്ന ചോദ്യം വീണ്ടും വീണ്ടും എന്റെ കര്‍ണപുടങ്ങളില്‍ വീഴുന്നു. ഇതിനുള്ള എന്റെ മറുപടി ഒരു കാരണവശാലും ഞാനതിനില്ല എന്നുതന്നെയാണ്. എതൊരു നര്‍ത്തകനും/നര്‍ത്തകിയും ഒരു പ്രത്യേക നൃത്തകല ആത്മപ്രകാശനോപാധിയായി തെരഞ്ഞെടുക്കാന്‍ കാരണം വ്യത്യസ്തമായതൊന്ന് സാധ്യമല്ല എന്നതിനാലാണ്. ആത്മാവിഷ്‌ക്കാരത്തിനുള്ള ഏറ്റവും ഫലപ്രദമായ ഉപാധി എന്ന നിലയ്ക്കു മാത്രമല്ല, എനിക്ക് ഈ കല പരമാനന്ദത്തിന്റെയും സ്വയം പൂര്‍ത്തീകരണത്തിന്റെയും ഉറവിടം കൂടിയാണ്. സംഗീതത്തിന്റെ ആന്ദോളനവും സാഹിത്യത്തിന്റെ ആഴവും ധ്വനിയും കാവ്യ-ബിംബങ്ങളുടെയും രൂപകങ്ങളുടെയും മാസ്മരികതയും സ്‌തോഭപ്പകര്‍ച്ചകളും ശരീരത്തിലും മനസിലുമായി ഏറ്റുവാങ്ങിയ ഏതൊരു നര്‍ത്തകിയ്ക്കും ഭരതനാട്യത്തിന്റെ കാലാതീതമാന്ത്രികതയെ നിസംഗതയോടെ നേരിടാനാവില്ല.

നര്‍ത്തകിയ്‌ക്കൊപ്പം വളരുന്നതാണു നൃത്തം. നൃത്തത്തിനൊപ്പം ഞാനും വളര്‍ന്നിട്ടുണ്ട്. ആത്മജ്ഞാനത്തിലേയ്ക്കും പ്രകാശത്തിലേയ്ക്കുമുള്ള ജാലകമെന്ന നിലയില്‍ മാത്രമല്ല ലോകപരിജ്ഞാനസമാര്‍ജനത്തിനും എന്റെ ഉപാസനകലയായ നൃത്തം സുപ്രധാനമാവുന്നു. മനുഷ്യവികാരങ്ങളെ അവയുടെ സമഗ്രതയില്‍ അനുഭവിക്കാന്‍ മാത്രമല്ല ജീവിതത്തിന്റെയും സൃഷ്ടിയുടെയും വൈപുല്യവും അപാരമായ വൈവിധ്യവും അനുഭവിക്കാന്‍ തക്ക ആയുര്‍ദൈര്‍ഘ്യവും നമുക്കില്ല. നൃത്തകലയിലുള്‍ച്ചേര്‍ന്ന പ്രതീകങ്ങളും പ്രതിനിധാനങ്ങളും ഈ അപാരതയെയും വൈവിധ്യത്തെയും നമുക്ക് മനസിലാക്കാനും ചേര്‍ത്തുവയ്ക്കാനും പാകത്തിലുള്ള അളവുകളും രൂപങ്ങളുമായി മാറ്റുന്നു. ഭാരതീയമനസിന്റെ അന്തസത്തയെ പ്രത്യക്ഷമാക്കുന്ന 'പ്രതീകങ്ങളുടെ കല' കടന്നുപോവുന്ന സമകാലികാവസ്ഥ ഉത്ക്കണ്ഠാജനകമാണ്.

സമ്പര്‍ക്കസാധ്യതകള്‍ പെരുകിയ, ഉപഭോക്തൃസംസ്‌കാരം ദുസഹമായിത്തീര്‍ന്ന ഒരു ലോകത്ത് നര്‍ത്തകിയുടെ ചുറ്റുപാട് ഇവയില്‍നിന്നെല്ലാം മുക്തമായി നിലകൊള്ളുമെന്നു കരുതുന്നതില്‍ അര്‍ത്ഥമില്ല. ഇന്ന് ഇന്ത്യയുടെ തനതു നൃത്തരൂപങ്ങള്‍ ഒരു വിഷമസന്ധിയിലാണ്. കലകളുടെ വാണിജ്യവത്ക്കരണം ഉയര്‍ത്തുന്ന തിന്മകളെ പുരസ്‌കരിച്ച് അസംഖ്യം സംവാദങ്ങളും പ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു ഭാഗത്ത് അനുഗൃഹീതരായ കലാകാരന്മാരും കലാകാരികളും നൃത്തമണ്ഡലത്തില്‍ പ്രവേശിക്കുന്നു. മറുഭാഗത്ത് പ്രതിഭാശൂന്യരായ വളരെപ്പേര്‍ കലാമേഖലയില്‍ കടന്നുവന്ന് ഭീമമായ അഴിമതികള്‍ക്ക് കളമൊരുക്കുന്നു. എന്നെ പിടിച്ചുലച്ച ഒരു സംഭവം ഈയിടെയുണ്ടായി. കഴിവും കലാഭക്തിയുമുള്ള ഒരു യുവനര്‍ത്തകി എന്നോടു ചോദിച്ചു. 'പണത്തിനുവേണ്ടി മാത്രം ജ്ഞാനം കച്ചവടച്ചരക്കാക്കുന്ന ഒരധ്യാപകനെ/ അധ്യാപികയെ എങ്ങനെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് ബഹുമാനിക്കാനാവും. പൈസ കൊടുത്താല്‍ സാധനം തരുന്ന ഒരു വില്‍പ്പനക്കാരനില്‍ നിന്ന് ഇയാള്‍ക്ക് എന്ത് വ്യത്യാസമാണുള്ളത്.' ഈ നര്‍ത്തകിയുടെ ധാര്‍മികരോഷം എന്നെ ദുഃഖിതയാക്കി. നൃത്തം പഠിച്ചിരുന്ന എന്റെ കുട്ടിക്കാലം ഞാനവളുമായി പങ്കുവച്ചു. പൊട്ടിപ്പൊളിഞ്ഞ് ആകെ വീഴാറായ ഒരു കെട്ടിടത്തിലാണ് ചൊക്കലിംഗംപിള്ളയും മകന്‍ സുബ്ബരായപിള്ളയും കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നത്. തൊട്ടരികിലൂടെ ഇരമ്പിപ്പായുന്ന തീവണ്ടികളുടെ താങ്ങാനാവാത്ത ശബ്ദവും. ഇവിടെവെച്ചാണ് ഭരതനാട്യത്തിന്റെ അത്ഭുതലോകം ഇവര്‍ എനിയ്ക്കായി തുറന്നുതന്നത്. എന്നില്‍ ഒളിഞ്ഞിരിക്കുന്ന സിദ്ധികളെ ഇവരെനിയ്ക്ക് കാട്ടിത്തന്നു. കല ആവശ്യപ്പെടുന്ന ആത്മായനത്തിന് ഈ ഗുരുനാഥന്മാര്‍ എന്നെ സജ്ജരാക്കി. സ്വാതന്ത്ര്യവും കരുത്തും ധൈര്യവും ഇവരെനിക്കു പകര്‍ന്നുനല്‍കി.

കലാജീവിതത്തില്‍ വിജയംവരിച്ച നര്‍ത്തകര്‍ പിന്നിട്ട വഴികള്‍ ഒട്ടും സുഗമമായിരുന്നില്ല. മിക്കവാറും ഒറ്റയ്ക്കായിരുന്നല്ലോ അവരുടെ ജീവിതപ്പോരാട്ടങ്ങള്‍. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നൂലാമാലകള്‍, ആലഭാരങ്ങള്‍ എന്നിവയ്ക്കു പുറമെ സമയക്രമീകരണങ്ങളും യാത്രകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പാട്ടുകാരും മേളക്കാരും മന:പൂര്‍വമല്ലാതെയാണെങ്കില്‍പ്പോലും സൃഷ്ടിക്കുന്ന വൈതരണികളും നര്‍ത്തകര്‍ക്കു വലിയ തലവേദനയുണ്ടാക്കാറുണ്ട്. ഇതെല്ലാം തരണംചെയ്ത് അരങ്ങില്‍ പിടിച്ചുനില്‍ക്കുക കനത്ത വെല്ലുവിളിയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കലാബാഹ്യമായ കാര്യങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ഏറെ സൗകര്യങ്ങള്‍ നിലവിലുണ്ട്. അങ്ങനെയൊരു സാഹചര്യം ഇന്ത്യയിലുണ്ടായാല്‍ നര്‍ത്തകര്‍ക്ക് അവരുടെ പ്രവൃത്തിമണ്ഡലത്തില്‍ കൂടുതല്‍ സമയവും ധൈഷണിക സ്വാതന്ത്ര്യവും കൈവരും.

നൃത്തകലയുടെ സമകാലികാന്തരീക്ഷം മുന്നോട്ടുവയ്ക്കുന്ന അപകടകരമായ മറ്റൊരു സ്ഥിതിവിശേഷംകൂടി എടുത്തുപറയാതെ വയ്യ. ഇന്നു പലരുടെയും സ്ഥിരമായൊരു ചോദ്യമുണ്ട്. 'ഇന്നത്തെ അരങ്ങില്‍ പുതുതായി എന്താണ് അവതരിപ്പിക്കുന്നത്? പ്രമേയത്തിലും സങ്കേതങ്ങളിലും നിത്യേന പുതുമ കൊണ്ടുവരാനുള്ള നെട്ടോട്ടത്തിലാണ് ഭൂരിഭാഗം നര്‍ത്തകരും. സ്വയം പ്രചോദിതമായിട്ടല്ലാതെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി സ്വക്ഷേത്രത്തില്‍ ചെയ്തുകൂട്ടുന്ന പുതുമകള്‍ ഉപരിപ്ലവമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തം സൗന്ദര്യാവബോധത്തില്‍നിന്ന് ഉരുവംകൊള്ളാത്ത സൃഷ്ടാക്കള്‍ക്കു കലാപരമായ സത്യസന്ധതയുണ്ടാവില്ല. സാമാജികരില്‍ താല്‍ക്കാലിക വിഭ്രമം ഉളവാക്കാന്‍മാത്രമേ അത്തരം ശ്രമങ്ങളിലേര്‍പ്പെട്ടവര്‍ക്കു കഴിയൂ.

നമ്മുടെ പാരമ്പര്യകലകള്‍ കൂടുതല്‍ സ്വതന്ത്രമെന്നും വിശാലമെന്നും വിശ്വസിക്കപ്പെടുന്ന ഈ കാലയളവിലും യാഥാസ്ഥിതികത്വത്തിന്റെ ഉരുക്കുമുഷ്ടികള്‍ അവയെ വലയംചെയ്തിരിക്കുന്നത് കാണാതിരിക്കാനാവില്ല. പ്രമേയപരീക്ഷണങ്ങളോടുള്ള അസഹിഷ്ണതയും നൃത്തത്തിന്റെ വ്യാകരണത്തിലുള്ള കടുംപിടുത്തവും ആയുധങ്ങളാക്കിയ യാഥാസ്ഥിതികരും സ്വകപോലകല്‍പ്പിതങ്ങളായ ആവിഷ്‌കാരസ്വരൂപത്തില്‍ അന്ധമായി വിശ്വസിക്കുന്ന ആധുനികരും നൃത്തകലയോടു നീതിചെയ്യുന്നവരല്ല. കാടു കാണാതെ ഒറ്റമരങ്ങള്‍ കാണുന്നവനും, സാംസ്‌കാരികമായ സന്ദിഗ്ദ്ധതയിലാണ്.

കപിലാവാത്സ്യായനന്‍ നാട്യശാസ്ത്രത്തെ ഉദ്ധരിച്ചു പറഞ്ഞത് ഓര്‍മ വരുന്നു. 'ലോകത്തിന്റെ അനന്തവൈവിധ്യം എണ്ണമറ്റ രൂപങ്ങളില്‍ ആവിഷ്‌ക്കരിക്കാനാവും. അവ നിത്യനൂതനവും അതിരില്ലാത്തതുമാകുന്നു.'

ശാസ്ത്രീയകലകളെ ജീവിതഗന്ധിയല്ലാത്ത പ്രാചീനാവശിഷ്ടമായി പുച്ഛിച്ചുതള്ളുന്നവരും അവയ്ക്ക് തെറ്റായ മതപരിവേഷം കൊടുക്കുന്നവരും ശുദ്ധകലാവാദികളെപ്പൊലെതന്നെ മൂരാച്ചികളാണ്. കാഴ്ചപ്പാടിലുളള നാനാത്വവും വൈവിധ്യമാര്‍ന്ന രുചിയും പ്രത്യയശാസ്ത്രവും ആശയപ്രകാശനസ്വാതന്ത്ര്യവും ഭാരതീയസംസ്‌കാരത്തിന്റെയും തത്വചിന്തയുടെയും മൂലാധാരമാണ്. നൃത്തകലയുടെ സൃഷ്ടിപരതയ്ക്ക് ഒരൊറ്റ സൂത്രസംജ്ഞയല്ല നമ്മുടെ മുന്‍പിലുള്ളത്. എന്നെ സംബന്ധിച്ച് ധാരണാബലവും സത്യസന്ധതയും നിലയ്ക്കാത്ത താപവുമാണ് സര്‍വപ്രധാനം.

(ഫേബിയന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച അലര്‍മേല്‍വള്ളിയുടെ ആത്മകഥ - ആനന്ദനൃത്തശാല - എന്ന പുസ്തകത്തില്‍ നിന്നു തെരഞ്ഞെടുത്ത ഭാഗങ്ങള്‍.)

Krishnendhu
Next Story
Share it