Begin typing your search...

അഭിനയം അഭിനിവേശം

മലയാള സിനിമയുടെ നിറസാന്നിധ്യമാകുന്നു നടി ജലജയുടെ മകള്‍ ദേവിയുമായി ജേർണലിസ്റ്റ് ശ്രേയ കൃഷ്ണകുമാര്‍ നടത്തിയ അഭിമുഖം

അഭിനയം അഭിനിവേശം
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo


ഒട്ടവനവധി താരപുത്രന്മാര്‍ മലയാളസിനിമയില്‍ അരങ്ങുവാഴുന്ന മലയാളസിനിമയില്‍ ഒരു നടിയുടെ മകള്‍ കൂടി വെള്ളിത്തിരയിലെത്തി സാന്നിധ്യം ഉറപ്പിക്കുകയാണ്. എണ്‍പതുകളില്‍ മലയാള സിനിമയുടെ ശാലീന സുന്ദരിയായി തിളങ്ങിയ ജലജയുടെ മകള്‍ ദേവിയാണ് ഈ പുത്തന്‍ താരോദയം.താരത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്.വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ടു നിന്ന ജലജ 27 വര്‍ഷത്തിനു ശേഷം മാലിക് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. മകള്‍ ദേവിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റവും ഈ ആ ചിത്രത്തിലൂടെയായിരുന്നു എന്നത് ഏറെ ശ്രദ്ധേയം. ഫഹദ് ഫാസില്‍ നായകനായ ചിത്രമായിരുന്നു മാലിക്. മാലിക്ക് എന്ന നായക കഥാപാത്രത്തിന്റെ അമ്മ ജമീല എന്ന കഥാപാത്രത്തെയാണ് ജലജ അവതരിപ്പിച്ചത്. ജലജ അവതിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് ദേവി ചെയ്തത്. പിന്നീട്, ഹെഡ്മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ ബാബു ആന്റണിയുടെ മകളായി ദേവി നായികാനിരയിലേക്കുയര്‍ന്നു. ആ സിനിമയില്‍ അമ്മ ജലജയെപ്പോലെ തന്നെ ഏറെ പാകതയോടെ വേഷപ്പകര്‍ച്ച നടത്തിയിരിക്കുകയാണ് ദേവി. ഇനിയുള്ള നാളുകളില്‍ മലയാള സിനിമയിലെ നിറസാന്നിധ്യമാവും ദേവി എന്ന് ആ ചിത്രത്തിലെ അഭിനയം നമുക്കു കാട്ടിത്തരുന്നു. ദേവിയുടെ സിനിമാവിശേഷങ്ങളിലേക്ക്...


* സിനിമയിലേക്ക്

വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തുന്നത്. മഹേഷേട്ടന്‍ (മാലിക്കിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍) ഒരു ദിവസം അമ്മയെ വിളിച്ച് മാലിക്കിനെക്കുറിച്ച് സംസാരിച്ചു. അമ്മ വിചാരിച്ചത് എന്നെ സിനിമയിലേക്ക് വിളിക്കാനായിരിക്കും എന്നാണ്. എന്നാല്‍ ജമീല ടീച്ചര്‍ എന്ന കഥാപാത്രം ചെയ്തു സിനിമയിലേക്കു മടങ്ങിവരണമെന്നു പറയാനായിരുന്നു മഹേഷേട്ടന്‍ വിളിച്ചത്. പിന്നീടാണ് ജമീല ടീച്ചറിന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ എനിക്ക് ഓഫര്‍ കിട്ടിയത്. അമ്മയുടെ കൂടെ, ഒരേ കഥാപാത്രമായി അഭിനയിച്ചുകൊണ്ട് അരങ്ങേറ്റം നടത്താന്‍ പറ്റിയതില്‍ ഒത്തിരി സന്തോഷം. അങ്ങനെ ഏറെ പ്രത്യേകതയോടൊപ്പം അപൂര്‍വവുമായ ഒരു തുടക്കം തന്നെയായിരുന്നു എനിക്കു ലഭിച്ചത്. ദേശീയപുരസ്‌കാരം ലഭിച്ച ഒരു സിനിമയുടെ സംവിധായകന്റെ സിനിമയിലൂടെ തുടക്കം കുറിക്കാനായതും വലിയ ഭാഗ്യമായി കാണുന്നു.


* മാലിക്ക്

മാലിക്കിന്റെ സെറ്റിലെ അന്തരീക്ഷം ശരിക്കും പ്രോത്സാഹനം തരുന്ന തരത്തിലുള്ളതായിരുന്നു. അമ്മയ്ക്കൊപ്പം ആദ്യം തന്നെ ഞാന്‍ ലൊക്കേഷനില്‍ എല്ലാവരെയും കാണാനും പരിചയപ്പെടാനുമൊക്കെയായി പോയിരുന്നു. ഓരോ രംഗത്തെക്കുറിച്ചും വളരെ വ്യക്തമായി മഹേഷേട്ടന്‍ പറഞ്ഞുതരുമായിരുന്നു. ആദ്യഷോട്ടെടുക്കുന്നതിനു മുമ്പ് പരിശീലനമൊക്കെ തന്നു. ഒന്നുരണ്ടു സീനുകള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്കു കുറച്ച് ആത്മവിശ്വാസമൊക്കെ കൈവന്നു. ഒരു രംഗത്തു മാത്രമാണ് കുറച്ചു റീടേക്കുകള്‍ വേണ്ടി വന്നത്. സിനിമയില്‍ എന്റെ കഥാപാത്രം മകനെ തല്ലുന്ന ഒരു സീനുണ്ട്. അതെടുക്കുന്നതിനു മുമ്പ് പ്രാക്ടീസ് ഒക്കെ ചെയ്തെങ്കിലും ആക്ഷന്‍ പറഞ്ഞപ്പോള്‍ അടി ഒറിജിലായിപ്പോയി. ഞാന്‍ ഷോക്കായി പോയെങ്കിലും എല്ലാവരും അതിനെ തമാശയായി കണ്ടു ചിരിക്കുകയാണ് ചെയ്ത്.* ഹെഡ്മാസ്റ്റര്‍

എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും എന്നെ സംബന്ധിടത്തോളം വലിയ ഭാഗ്യമായിരുന്നു. ആ സിനിമയും സംവിധാനം ചെയ്തത് ദേശീയ പുരസ്‌കാരം നേടിയ രാജീവ് നാഥ് എന്ന സംവിധായകനായിരുന്നു. ബാബു ആന്റണി സാറിനെ പോലെ മുതിര്‍ന്ന പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി.


* പുതിയ സിനിമകള്‍

അടുത്ത സിനിമ ദേശീയ പുരസ്‌കാരത്തിനു പുറമെ ഓസ്‌കര്‍ പുരസ്‌കാരവും ലഭിച്ചയാള്‍ക്കൊപ്പമാണ്. റസൂല്‍ പൂക്കുട്ടി സാര്‍ സംവിധാനം ചെയ്യുന്ന ഒറ്റ ആണ്. ചിത്രീകരണം ആരംഭിച്ച ഈ സിനിമയില്‍ ആസിഫ് അലിയും അര്‍ജുര്‍ അശോകനുമൊക്കെയാണ് അഭിനയിക്കുന്നത്.


* ഇഷ്ട നടന്‍

എന്റെ ഇഷ്ടനടന്‍ അന്നും ഇന്നും എന്നും ഒരാള്‍ തന്നെയാണ്. ഞാന്‍ ചെറുതായിരുന്നപ്പോള്‍ അമ്മയെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്നവരില്‍ പലരും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന് എന്നോടും ചോദിക്കുമായിരുന്നു. അത് ജഗതി ശ്രീകുമാര്‍ അങ്കിളാണ്. അദ്ദേഹത്തപ്പോലെ റേഞ്ചുള്ള ഒരു നടനെ കണ്ടെത്താന്‍ പ്രയാസമാണ്. നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും അതുപോലെ കരയിപ്പിക്കുകയും ചെയ്യുന്ന മികച്ച ആര്‍ട്ടിസ്റ്റാണ് ജഗതി അങ്കിള്‍.


* അമ്മയുടെ സിനിമ

അമ്മ ഏകദേശം 120 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മയുടെ എല്ലാ സിനിമകളും കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ആദ്യം കണ്ട അമ്മ അഭിനയിച്ച ചിത്രം മണ്ടന്മാര്‍ ലണ്ടനില്‍ ആണ്. അമ്മ അഭിനയിച്ച ഏക കോമഡി ചിത്രം. ഈ വര്‍ഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പോകാനുള്ള ഭാഗ്യം ഞങ്ങള്‍ക്കു ലഭിച്ചു. അവിടെ വച്ചാണ് അമ്മയുടെ ആദ്യസിനിമ തമ്പ് കാണാനായത്. അമ്മയോടും അച്ഛനോടുമൊപ്പം അമ്മയുടെ ആദ്യസിനിമ തിയറ്ററില്‍ കാണനായത് വലിയ ഭാഗ്യം തന്നെയാണ്.
* അഭിനയമോഹം

എനിക്ക് ഓര്‍മയുള്ള കാലം മുതല്‍, അമ്മ അഭിനേത്രി ആണെന്ന് അറിയുന്നതിനു മുമ്പു തന്നെ അഭിനയിക്കണമെന്നു തന്നെയായിരുന്നു മോഹം. നാലു വയസു മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. വെസ്റ്റേണ്‍ ക്ലാസിക്കല്‍ ബാലെ 12 വര്‍ഷം ചെയ്തിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഐറിഷ് റിവ ഡാന്‍സിങ് പഠിച്ചിട്ടുണ്ട്. കൂടാതെ പിയാനോ അറിയാം. അതുകൊണ്ടു കലാരംഗത്തോടു ചെറുപ്പം മുതല്‍ വലിയ ഇഷ്ടമായിരുന്നു. സിനിമയോടുള്ള പാഷനും എനിക്കൊപ്പം വളര്‍ന്നുവന്നു. വിദേശത്തു പഠനത്തിനു പോയപ്പോള്‍ അവിടെ ജോലിയായി സെറ്റില്‍ ആകുമെന്നാണ് അച്ഛനും അമ്മയും കരുതിയത്. എന്നാല്‍ സിനിമയുടെ കാര്യത്തില്‍ ചെറുപ്പകാലത്തു തുടങ്ങിയ പാഷന്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോള്‍ ഇവിടെ വരെയെത്തി.

Krishnendhu
Next Story
Share it