അവൻ യാത്രയായി.
അന്തരിച്ച സതീഷ് ബാബു പയ്യന്നൂരി നെക്കുറിച്ച് സുഹൃത്തും സാഹിത്ത്യകാരനുമായ എം രാജീവ് കുമാറുമെഴുതുന്ന ഓർമ്മ
ഇനി ഇല്ല സതീഷ്ബാബു പയ്യന്നൂർ . എന്റെ ലേഖനമോ കഥയൊ വായിച്ചുടനെ വിളിക്കില്ല. രാത്രിയിൽ സാഹിത്യവൃത്താന്തങ്ങൾ ഇനി വിളിച്ചറിയിക്കില്ല. 1991 ൽ തുടങ്ങിയ സൗഹൃദമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ....
ഓർക്കാൻ ഒരുപാടുണ്ട്. തിരുവനന്തപുരത്ത് ഒരു വൃശ്ചികമാസത്തിലാണ് അവൻ വന്നത്. പത്മരാജൻ മരിച്ച അതേ വർഷം 1991 ൽ. ജനുവരി 24 ന് പത്മരാജൻ മരിക്കുന്നു. നവംബറിൽ സതീഷ്ബാബു വരുന്നു.
വന്ന നാളുകളിലൊന്നിൽ എന്നെ വിളിച്ചു.
നമുക്കൊന്ന് കാണണം.
കണ്ടു.
പാളയം പള്ളിക്കു പിറകിലെ ഹോട്ട്‌സ്‌പോട്ടിൽ. അവിടെ വിശാലമായ സ്ഥലത്ത് ഞങ്ങൾ കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു.
'ഇവിടെ എന്താണ് പരിപാടി?''
'സിനിമ. പത്മരാജൻ വിളിച്ചിട്ടാണ് വന്നത്.''
'ബാങ്കിൽ ഉദ്യോഗസ്ഥനായി ശ്രീകണ്ഠപുരത്തുനിന്ന് ട്രാൻസ്ഫർ മേടിച്ചു വന്നതാണ്.'
'ഇത് തിരുവനന്തപുരമാണ്. എങ്ങനെയും ഏത് വഴിക്കും പോകാം. ആദ്യമേ ഒരു വഴിതിരഞ്ഞെടുക്കണം.എന്നാലുംവഴുതിപ്പോകും. "
ഞാൻ പറഞ്ഞു.
സതീഷ്, കഥയെഴുതി കത്തി നിൽക്കുന്നകാലമാണ്.1988ൽ "ഒരു തൂവലിന്റെ സ്പർശം"സാഹിത്യ പ്ര വർത്തകസഹകരണസംഘം വഴി പുറത്തുവന്നുകഴിഞ്ഞിരുന്നു. ദൈവപ്പുര,മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയാരാവിൽ, ഹൃദയദൈവതം,മണ്ണ് എന്നീ നോവലുകളെല്ലാം 1988ന് മുൻപ് എഴുതിയവയാണ്.
തിരുവനന്തപുരത്തു വന്നതിനുശേഷം കഥയെഴുത്തു കുറഞ്ഞു.
അതുവരെയുണ്ടായിരുന്ന വേഗം കഥയെഴുത്തിൽ നിന്ന് സിനിമാക്കാര്യത്തിലേക്കായി. "നക്ഷത്രക്കൂടാരം" 1992 ൽ പുറത്തുവന്നു. 'ഓ ഫാബി' എന്ന മറ്റൊരു സിനിമയും. പിന്നെ സിനിമാക്കഥയും എഴുത്തുമായി നീങ്ങുകയായിരുന്നു.
എന്നെക്കാൾ അഞ്ചുവയസ്സിനിളപ്പമായിരുന്നു. 1963 ൽ ജനനം. അടുത്ത വർഷം 60 വയസ്സ് തികയുമ്പോൾ കഥകളുടെയും നോവലുകളുടെയും വെവ്വേറെ ബൃഹത്കൃതികൾ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഷഷ്ഠ്യബ്ധപൂർത്തിയാഘോഷമാക്കാനും.
'സത്രം' എന്ന പേരിൽ പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നോവൽ മൂന്നുനാലു കൊല്ലമായി എഴുതാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് സിനിമയും ടെലിവിഷനുമൊക്കെ കടന്നു വരുന്നതും ശ്രദ്ധ അതിലേക്കാവുന്നതും.
ഇടയ്ക്ക് ഫോൺ വന്നപ്പോൾ പറഞ്ഞു.
'"എന്റെ നോവലിന്റെ പേര് പപ്പേട്ടൻ കഥയാക്കിയല്ലോ "സത്രം"! ഇനി അതേ പേരിൽ നോവൽ എഴുതിയാൽ അനുകരണമാവില്ലേ?''
ഞാൻ പറഞ്ഞു,
'അതെങ്ങനെ അനുകരണമാകും. ഒരേ പേർ രണ്ടുപേർ എടുക്കുന്നില്ലേ. പപ്പേട്ടന്റെ പ്രഖ്യാതമായ കഥയുടെ ടൈറ്റിലെടുത്ത് സക്കറിയയും കഥയെഴുതിയിട്ടുണ്ടല്ലോ. ധൈര്യമായിട്ടെഴുതുക."
എന്തിലും ഒരു സന്ദേഹമുണ്ടാകാറുണ്ട്. എന്തിന് സന്ദേഹിക്കണം? ഇരുപത്തിനാലാം വയസ്സിൽ 'മണ്ണ്' എന്ന ബൃഹത് നോവൽ എഴുതിയ സതീഷ്ബാബു പയ്യന്നൂരിന് അവതാരിക കുറിച്ചത് സഖാവ് ഇ.എം.എസ് ആയിരുന്നു. വടക്കൻ മലബാറിലെ കർഷക വിപ്ലവങ്ങളുടെ പശ്ചാത്തലത്തിൽ അന്നോളം ആരുമെഴുതാത്ത നോവലായിരുന്നു ആ യുവാവ് എഴുതിയത് . പിന്നീട് 2017 ൽ ചിന്ത പുനഃപ്രകാശനം നടത്തി. ആ ഒരൊറ്റ നോവൽ മതി സതീഷ്ബാബുവിന്റെ ഖ്യാതി നിലനിർത്താൻ.
സി.പി. സത്രത്തിൽ ഒരു വൃശ്ചികത്തിൽ ഒറ്റയ്ക്ക് കിടന്ന് കണ്ണടച്ച പി. കുഞ്ഞിരാമൻ നായർ. അദ്ദേഹത്തിന്റെ മരണം എഴുതാൻ വല്ലാത്ത മനഃക്ലേശം സതീഷ്ബാബു അനുഭവിച്ചിരുന്നു. ഈ വർഷം ഞാനത് എഴുതിത്തീർക്കും എന്ന നിശ്ചയത്തിലായിരുന്നു. പി. കുഞ്ഞിരാമൻ നായരുടെ ഏകാന്തമരണം എഴുതിതീർത്തോ ആവോ?
"ഫോട്ടോ"യിൽ പ്രസിദ്ധപ്പെടുത്താൻ. എനിക്കെഴുതിത്തന്നെ വിശദമായ ജീവചരിത്രക്കുറി
പ്പിന്റെ തുടക്കം ഇപ്രകാരമാണ്.
'ശതാബ്ദം 1885 ശ്രാവണമാസം 21 ന് കൊല്ലവർഷം 1138 കർക്കടക മാസം 27 ന് എടവക്കൂറിൽ കാർത്തിക നക്ഷത്രത്തിൽ ചന്ദ്രവാരമസ്തമിച്ച് പുലരാൻ മൂന്നുനാഴികയും 49 വിനാഴികയുമുള്ളപ്പോൾ 1963 ആഗസ്റ്റ് മാസം 13 ന് രാവിലെ 4 മണി 55 മിനിറ്റിന് പാലക്കാട് പത്തിരിപ്പാലയിൽ ജനനം. അച്ഛൻ വാസുദേവൻ നമ്പൂതിരി, അമ്മ പാർവ്വതി. സഹോദരങ്ങൾ മൃദുല, അനിൽകുമാർ. നാലു വയസ്സുവരെ വയനാട്ടിൽ. പിന്നെ പയ്യന്നൂരിൽ.
ഹൈസ്‌കൂൾ വിദ്യാഭ്യാസ കാലം മുതൽക്കേ എഴുത്തു തുടങ്ങി. ഫീച്ചറുകളായിരുന്നു ആദ്യം പിന്നെ കഥകൾ. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഈയാഴ്ച എന്ന വാരികയുടെ എഡിറ്ററായി പത്രപ്രവർത്തനം ആരംഭിച്ചു. 1985 ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനാകുന്നത്. 2001 വരെ അതു തുടർന്നു.
കഥ, നോവൽ, അനുഭവക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലായി മുപ്പത് പുസ്തകങ്ങളാണ് പ്രസിദ്ധപ്പെടുത്തിയത്. 'മണ്ണ്' എന്ന നോവലിന് കേരള സാഹിത്യവേദി അവാർഡ് 'സീൻ ഓവറിന്' എസ്.ബി.ടി. അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവ ലഭിച്ചു. 'പേരമരം' എന്ന കഥാസമാഹാരത്തിന് 2012 ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് അമേരിക്കയിലെ ഫൊക്കാനോ ഇന്റർനാഷണൽ ലിറ്റററി അവാർഡ് 'ഉൽഖനനങ്ങൾ' എന്ന നോവലിന് കൈരളി അറ്റ്‌ലസ് അവാർഡ്. നോവലിനുള്ള അബുദാബി ശക്തി അവാർഡ് എന്നിവ ലഭിച്ചു. തീർന്നില്ല 'ഖമറുന്നീസയുടെ കൂട്ടുകാരി'യ്ക്ക് 2017 ലെ കഥയ്ക്കുള്ള മലയാറ്റൂർ അവാർഡ് കിട്ടി.ആദ്യമേ കാർ പുരസ്കാരവും കിട്ടിയിരുന്നു
ടെലിവിഷൻ രംഗത്തും അവാർഡ് കൊയ്ത്തു നടത്തിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ടെലിവിഷൻ അവാർഡ് ഫിലിം ക്രിട്ടിക്ക് അസോസിയേഷന്റെ ടി.എൻ. സ്വർണ്ണമെഡൽ ലഭിച്ചു.
അവാർഡ് കരസ്ഥമാക്കുന്നതിലുള്ള സതീഷിന്റെ ഉത്സാഹം ഒന്നുവേറെയായിരുന്നു
കേരള സാഹിത്യ അക്കാഡമി, ചലച്ചിത്ര അക്കാഡമി, എന്നിവയിൽ ഭരണസമിതി അംഗമായി സേവനമനുഷ്ഠിച്ചത് ആഭരണമായിട്ടല്ല. കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവർത്തിച്ചു. ചെന്നിടത്തെല്ലാം സാന്നിദ്ധ്യം അറിയിക്കാൻ പ്രാപ്തനായിരുന്നു.
പത്തിരുപത് കൊല്ലമായി വഞ്ചിയൂർ മാതൃഭൂമി റോഡിലുള്ള ആർ.പി. അപ്പാർട്ട്‌മെന്റിലായിരുന്നു താമസം. ഭാര്യ ഗിരിജയ്ക്കും മകൾ വർഷയ്ക്കുമൊപ്പം. വർഷ വിവാഹിതയായി വടക്കേ ഇന്ത്യയിലെ ജാംനഗറിലാണ്. വർഷക്കൊരു കുഞ്ഞുമായി.
2011 മുതൽ 2016 വരെ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയായി. അങ്ങനെയൊരു സ്ഥാപനം ഉണ്ടെന്നറിയുന്നത് സതീഷ്ബാബു സാരഥ്യം ഏറ്റെടുക്കുമ്പോഴാണ്. എന്നെയും പിടിച്ച് ഭരണസമിതിയിലിട്ടു. നളന്ദയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചായ്പിൽ നിന്ന് തൈക്കാട് ഇന്നു കാണുന്ന പ്രൗഢിയിൽ ഭാരത് ഭവനെ ആക്കിത്തീർത്തത് സതീഷ്ബാബുവല്ലാതെ മറ്റാരാണ്? ഓപ്പൺ എർ ആഡിറ്റോറിയവും ശെമ്മാൻകുടി സ്മൃതി മണ്ഡപവുമെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണുണ്ടായത്. വിവർത്തന അവാർഡും അന്നുതുടങ്ങിയതാണ്. എന്തൊരു സംഘാടകശേഷിയായിരുന്നു ബാബുവിനെന്ന് ഞാനോർക്കുകയായിരുന്നു. സെക്രട്ടേറിയറ്റിൽ കയറി ഇറങ്ങി കാടുപിടിച്ച ആ മന്ദിരം ഭാരത് ഭവന്റേതാക്കിയതും സ്വന്തമായി സ്ഥാപനത്തിന് കാറുവാങ്ങിയതും ചില്ലറക്കാര്യം വല്ലതുമാണോ? ആ വലിയശരീരത്തിൽ ഇത്രയും ഊർജമുണ്ടല്ലോ എന്നറിയുമ്പോൾ മൂക്കത്ത് വിരൽ വച്ചുപോകും.പലരും അതുകണ്ട് കണ്ണുതള്ളിയിട്ടുണ്ട്. അഞ്ചുകൊല്ലത്തെ കോൺഗ്രസ്സ് ഭരണകാലത്തായിരുന്നു അതൊക്കെ നടത്തിയത്. എന്തെന്ത് വിനിമയ പരിപാടികൾ.
അമിത പ്രതീക്ഷകളായിരുന്നു ജീവിതത്തിൽ സതീഷ് വച്ചുപുലർത്തിയിരുന്നത്. 'പനോരമ വിഷനെ' വ്യാപിപ്പിച്ച് ഒരു ചാനൽ സങ്കൽപ്പത്തിലേക്ക് ഉയർത്താനും സിനിമാരചനാരംഗത്ത് ചുവടുറപ്പിക്കാനും ആഗ്രഹിക്കുമ്പോൾ തന്നെ അക്കാഡമിയുടെ സാരഥ്യത്തിൽ വ്യാപരിക്കാനും ആഗ്രഹിച്ചില്ലേ? എനിക്കു തോന്നിയിട്ടുണ്ട് ഒന്നിലും പരാജയപ്പെട്ടിരുന്നില്ല.
എഴുത്തിലേക്ക് വളരെ പെട്ടെന്നാണ് തിരിച്ചു വന്നത്. കഴിഞ്ഞ ഓണത്തിന് ഏറ്റവും കൂടുതൽ കഥകൾ എഴുതിയത് ഒരുപക്ഷേ സതീഷ് ബാബു പയ്യന്നൂരായിരിക്കും. പതിനാല് കഥകൾ! അവ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയായിരുമായിരുന്നു.
"ലിഫ്റ്റ് "പുതിയകാലത്തിലെ ഏറ്റവും മികച്ചകഥയാണ്."അരി കിൽ ആരോ """ സതീഷിന്റെ
ആകസ്മികമായഎന്ന കഥയും ഒപ്പംനിർത്താം. അന്ത്യംയാദൃച്ഛികം കൂടിയാകുമ്പോൾ ആ കഥയുടെ തലങ്ങൾ മാസ്മരികതയോടെ മുന്നിൽ നിൽക്കുന്നു.
"എന്നിട്ടും നീ എഴുതാത്തതെന്തേ" എന്നമട്ടിൽ അറം പറ്റിയകഥയായിമാറുന്നു. ഒരു ഫ്ലാറ്റിലെ ഏകാന്ത മരണം!
മഴയും തണുപ്പും സതീഷ്ബാബുവിന്റെ കഥകൾക്ക് ഏഴഴകാണ് സമ്മാനിക്കുന്നത്. 'വൃശ്ചികം വന്നു വിളിച്ചപ്പോൾ' എന്നൊരു കഥാസമാഹാരം തന്നെയുണ്ട്. അതെ ജീവിതത്തിലും അറം പറ്റുകയായിരുന്നു. പി. കുഞ്ഞിരാമൻ നായരുടെ അന്ത്യവും സതീഷ്ബാബുവിന്റെ അന്ത്യവും. ഏകാന്തരാത്രിയിലെ വിരൽസ്പർശനങ്ങൾ!
അതെ. വൃശ്ചികം വന്നു വിളിച്ചു. അവൻ പോവുകയായിരുന്നു.ഇന്നലെ 2022 നവംബർ 24. ഇനി സതീഷ്ബാബു പയ്യന്നൂർ വിളിക്കില്ല!