രാജീവം വിടരും നിന്‍ മിഴിയില്‍ ഓര്‍മകളുടെ 20 വര്‍ഷം
മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്ത നടനാണ് രതീഷ്. നായകനായും വില്ലനായും സ്വഭാവനടനായും തിളങ്ങിയ താരമാണ് രതീഷ് (1954-2002). ആ അതുല്യ നടന്‍ വിടപറഞ്ഞിട്ട് ഇരുപതു വര്‍ഷം പിന്നിടുകയാണ്. പതിവു നായകകഥാപാത്ര സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച രതീഷ് മലയാളസിനിമയില്‍ പുതുയുഗത്തിനു തുടക്കം കുറിച്ച നടനാണ്. ജയന്റെ മരണശേഷം 1981ന്റെ തുടക്കം മുതല്‍ മലയാളസിനിമയില്‍ തിളങ്ങിനിന്ന സൂപ്പര്‍താരമായിരുന്നു രതീഷ്. പ്രണയനായകന്‍ എന്ന ഇമേജിനപ്പുറം ആക്ഷന്‍ ഹീറോ എന്ന നിലയിലാണ് രതീഷ് വെള്ളിത്തിരയില്‍ നിറഞ്ഞാടിയത്. അതിസാഹസിക രംഗങ്ങളിലൂടെ മലയാളിയെ ത്രസിപ്പിച്ചുകടന്നുപോയ ഇതിഹാസതാരം ജയനുശേഷം ആക്ഷന്‍ ഹീറോ ഇമേജിലേക്കെത്തിയ രതീഷ് വാണിജ്യസിനിമകളുടെ അഭിഭാജ്യഘടകമായി മാറുകയായിരുന്നു.
നിഷ്‌കളങ്കമായ പുഞ്ചിരിയോടുകൂടിയ മുഖമുള്ള നായകന്‍ വെള്ളിത്തിരയിലെത്തുമ്പോള്‍ ആരാധകര്‍ ആര്‍പ്പുവിളിയോടെയാണ് എതിരേറ്റത്. ആരെയും പിടിച്ചിരുത്തുന്ന അഭിനയശൈലിയിലെ ആകര്‍ഷണീയത, സ്ഫുടതയാര്‍ന്ന ഡയലോഗ് പ്രസന്റേഷന്‍ തുടങ്ങിയവ അക്കാലത്തെ നായകനടന്മാരില്‍ നിന്ന് എടുത്തുപറയേണ്ട രതീഷിന്റെ മാത്രം പ്രത്യേകതകളാണ്. ഭാവാര്‍ദ്രമായ ആ കണ്ണുകള്‍ കൊണ്ടുള്ള ഒരു നോട്ടം പോലും പ്രേക്ഷകരെ ആകര്‍ഷിച്ചു. തന്റെ അഭിനയകാലം സമ്പന്നമാക്കിയ രതീഷ് തിരശീലയില്‍ തന്റേടമുള്ള നിരവധി കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കി. നടന്‍ മാത്രമായിരുന്നില്ല രതീഷ്, നിര്‍മാണരംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഹസംവിധായകനാകാന്‍ ആഗ്രഹിച്ച് കെ.ജി. ജോര്‍ജിനെ കാണാനെത്തിയ രതീഷിനെ ഉള്‍ക്കടല്‍ (1979) എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ലഭിച്ചു. സ്റ്റാന്‍ലി ജോസിന്റെ സംവിധാനത്തിലൂടെ 1977ല്‍ പുറത്തിറങ്ങിയ വേഴാമ്പല്‍ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. ഉള്‍ക്കടല്‍ അക്കാലത്തെ മികച്ച സിനിമകളിലൊന്നായിരുന്നു. മലയാള ചലച്ചിത്രാസ്വാദകരുടെ പതിവുകളില്‍ നിന്നു വ്യത്യസ്തമായി നവശൈലിയില്‍ ഒരുക്കിയ ചിത്രമായിരുന്നു കെ.ജി. ജോര്‍ജിന്റെ ഉള്‍ക്കടല്‍. ഇന്നും സിനിമ പഠിക്കുന്നവരുടെ പഠനവിഷയങ്ങളിലൊന്നാണ് ഉള്‍ക്കടല്‍.
ഉള്‍ക്കടലിലെ മെഡിക്കല്‍ റപ്രസെന്റേറ്റിവ് ആയ ഡേവിസ് എന്ന കഥാപാത്രത്തെ രതീഷ് അനശ്വരമാക്കി. ആ ചിത്രം രതീഷിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. ഐ.വി. ശശി സംവിധാനം ചെയ്ത തുഷാരം എന്ന ചിത്രത്തിലാണ് രതീഷ് ആദ്യമായി നായകനാകുന്നത്. ജയനുവേണ്ടി തയാറാക്കിയ ചിത്രമായിരുന്നു തുഷാരം. ജയന്റെ അകാലമരണത്തില്‍ മാറ്റിവച്ച ചിത്രം രതീഷിനെ തേടിയെത്തുകയായിരുന്നു. തുഷാരത്തിലൂടെ മലയാള സിനിമയില്‍ രതീഷ് തന്റെ താരസിംഹാസനം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, രതീഷിന്റെ കാലമായിരുന്നു. പിന്നെയും പൂക്കുന്ന കാട്, ഗ്രീഷ്മ ജ്വാല, വളര്‍ത്തുമൃഗങ്ങള്‍, തൃഷ്ണ, സംഘര്‍ഷം, മുന്നേറ്റം, വിഷം, ഹംസഗീതം, കരിമ്പൂച്ച, അമ്മക്കൊരുമ്മ, അഹിംസ, ഇടിയും മിന്നലും, ഒടുക്കം തുടക്കം, ഈ നാട്, ചമ്പല്‍ക്കാട്, ഒരു തിര പിന്നെയും തിര, എന്തിനോ പൂക്കുന്ന പൂക്കള്‍, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, സിന്ദൂരസന്ധ്യക്കു മൗനം, ഇന്നല്ലെങ്കില്‍ നാളെ, കൂലി, ബെല്‍റ്റ് മത്തായി, അമേരിക്ക അമേരിക്ക, ഒരുമുഖം പലമുഖം, അറബിക്കടല്‍, യുദ്ധം... അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍.
ഇക്കാലഘട്ടത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളിലും രതീഷ് വേഷമിട്ടു. ഈ നാട്, രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, അബ്കാരി, ഉണരൂ, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ സിനിമകള്‍. 1990ഓടെ ചലച്ചിത്രരംഗത്തു നിന്നു പൂര്‍ണമായും മാറിനിന്ന രതീഷ് നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കമ്മീഷണര്‍ എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്. രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് ടീമിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു കമ്മീഷണര്‍.
മലയാളികളുടെ ചുണ്ടില്‍ ഇന്നും മധുരമായിനില്‍ക്കുന്ന നിരവധി ഗാനങ്ങള്‍ രതീഷ് വെള്ളിത്തിരയിലവതരിപ്പിച്ചു. മഞ്ഞേ വാ.., രാജീവം വിടരും നിന്‍ മിഴിയില്‍.., കാറ്റു താരാട്ടും.., തൂ മഞ്ഞിന്‍ തൂവല്‍.., വൃന്ദാവന കണ്ണാ.., അടിമുടി പൂത്തുനിന്നു.., മൂടല്‍ മഞ്ഞിന്‍.., നീരദശ്യാമള... തുടങ്ങിയ എത്രയോ ഗാനങ്ങള്‍.
രതീഷിന്റെ ഭൂരിഭാഗം ചിത്രങ്ങളും സാമ്പത്തിക വിജയം നേടിയവയായിരുന്നു. എന്നാല്‍, അഭിനയജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് ഈ നടന്റെ പരാജയകാരണമായി. നിലവാരമില്ലാത്ത ചിത്രങ്ങളില്‍ അഭിനയിക്കേണ്ടിവന്നു, മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചില്ല, സുഹൃത്തുക്കളുടെ ചൂഷണം, വഴിതെറ്റിക്കുന്ന ഉപദേശങ്ങള്‍ തുടങ്ങിയ അദ്ദേഹത്തിന്റെ വീഴചകളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ചലച്ചിത്രലോകത്തെ ചതിക്കുഴികള്‍ നോക്കാതെ പലയിടത്തും ഇടറിവീണതും വിനയായി. 'നേരെ വാ നേരെ പോ' എന്ന ശൈലിയുള്ള, ജീവിതത്തില്‍ സത്യസന്ധനായ രതീഷ് കരിയറില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രങ്ങളൊന്നും പയറ്റുകയുമുണ്ടായില്ല.
അഭിയനജീവിതത്തില്‍ നിന്നു മാറിനിന്ന രതീഷ് ചില ബിസിനസുകളില്‍ ചെന്നുപെട്ടു. ബിസിനസ് തകര്‍ച്ച അദ്ദേഹത്തെ സാമ്പത്തികക്കെണിയില്‍ കുടുക്കി. ജീവിതത്തിലും പരാജയത്തിന്റെ കയ്പ്പാണ് ആ മഹാനടനെ തേടിയെത്തിയത്. നായകനായും വില്ലനായും സ്വഭാവനടനായും പകര്‍ന്നാടിയ രതീഷ് 2002 ഡിസംബര്‍ 23ന് അകാലത്തില്‍ ലോകത്തെ വിട്ടുപിരിഞ്ഞു. എത്ര വര്‍ഷം പിന്നിട്ടാലും രതീഷ് ഓരോ മലയാളിയുടെയും മനസില്‍ നടനവിസ്മയമായി എന്നും നിലനില്‍ക്കും.