ചീറ്റകള്‍ക്ക് പേരിടാന്‍ വലയും എട്ട് ചീറ്റകള്‍ക്കായി ലഭിച്ചത് 11,565 പേരുകള്‍
ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് എത്തിച്ച എട്ട് ചീറ്റകള്‍ക്കു പേരിടാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം ചീറ്റകള്‍ക്ക് പേര് നിര്‍ദേശിക്കാന്‍ ഓണ്‍ലൈന്‍ മത്സരം നടത്തിയിരുന്നു. രാജ്യമെമ്പാടും പേരിടല്‍ പദ്ധതിക്കു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആകെ ലഭിച്ചത് 11,565 പേരുകള്‍. അതേസമയം, ചീറ്റപ്പുലി പദ്ധതിക്കായി ഓണ്‍ലൈനില്‍ 18,221-ലധികം പേരുകളാണ് ആളുകള്‍ നിര്‍ദ്ദേശിച്ചത്.
11,565 പേരുകളില്‍ നിന്ന് എട്ടു പേരുകള്‍ തെരഞ്ഞെടുക്കാനുള്ള ജോലി ഉദ്യോഗസ്ഥര്‍ തുടങ്ങിക്കഴിഞ്ഞു. ചീറ്റകള്‍ക്ക് അനുയോജ്യമായ പേരുകള്‍ തെരഞ്ഞെടുക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. 70 വര്‍ഷങ്ങള്‍ക്കു ശേഷമണ് രാജ്യത്തേക്ക് ചീറ്റകള്‍ എത്തുന്നത്. ഈ സെപ്തംബര്‍ 17 ന് കുനോ നാഷണല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ ജന്മദിനത്തില്‍ ചീറ്റകളെ ദേശീയോദ്യാനത്തിലേക്കു തുറന്നുവിട്ടത്. ശേഷം, സെപ്റ്റംബര്‍ 25നു നടത്തിയ മന്‍ കി ബാത്ത് പരിപാടിയിലാണ് രാജ്യത്തെ ജനങ്ങളോട് ചീറ്റകള്‍ക്ക് പേര് നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞത്. സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു പേര് നിര്‍ദ്ദേശിക്കാന്‍ അനുവദിച്ചിരുന്നു സമയം. ഓണ്‍ലൈന്‍ മത്സരമാണു നടത്തിയത്.
നിര്‍ദേശമായി ലഭിച്ച പേരുകള്‍
പരമ്പരാഗത പേരുകളാണ് ആളുകളധികം നിര്‍ദേശിച്ചത്. പുരാണങ്ങളില്‍ നിന്നും ഐതിഹ്യങ്ങളില്‍ നിന്നുമുള്ള പേരുകളാണധികവും. രാജ്യത്തെ പ്രധാനപ്പെട്ട നദികളുടെ പേരുകളും നിര്‍ദേശത്തിലുണ്ട്. ആണ്‍ ചീറ്റകള്‍ക്ക് ശിവന്‍, ഗണേശന്‍, വിഷ്ണു, ബ്രഹ്മാവ്, കല്യാണ്‍, അമൃത്, നമ്പി, രവീന്ദ്ര, ശിവ, ആരംഭ് എന്നിങ്ങനെയാണ് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത്. പെണ്‍ചീറ്റകള്‍ക്ക് പാര്‍വതി, ലക്ഷ്മി, ദുര്‍ഗ, ഗൗരി, ദേവി, കാവേരി, മനു, വിന്ധ്യ നൈറ്റിംഗേല്‍, കാശ്മീര, ജയന്തി, വൈശാഖി, കാളി തുടങ്ങിയ പേരുകളും നിര്‍ദേശമായി ലഭിച്ചു.