കട്ടപ്പനയിലെ 'കണ്ടക്ടര്‍ പപ്പ'
ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി ലോകമെങ്ങും ഒരുങ്ങി. നാടും നഗരവും ആഘോഷത്തിമര്‍പ്പിലാണ്. കേരളത്തിലെ എല്ലാ നഗരങ്ങളിലും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നു. കാരള്‍ ഗാനങ്ങള്‍ എങ്ങും അലയടിക്കുന്നു. ക്രിസ്മസ് പപ്പാമാരുടെ ഘോഷയാത്രകളും നടക്കുന്നു. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തില്‍ ക്രിസ്മസ് പപ്പാമാര്‍ അണിനിരന്ന ആഘോഷയാത്രയുണ്ടായിരുന്നു. ഇന്നലെ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ കുട്ടികളുടെ ഘോഷയാത്രയും നടക്കുകയുണ്ടായി. കാരള്‍ ഗാനസംഘങ്ങളും പപ്പാമാരും ഘോഷയാത്രയെ അവിസ്മരണീയമാക്കി.
നാടെങ്ങും പപ്പാമാരിറങ്ങിയ വാര്‍ത്തയുണ്ടെങ്കിലും ഇടുക്കിയില്‍ നിന്നുള്ള ക്രിസ്മസ് പപ്പയുടെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്. കട്ടപ്പന-നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കുട്ടിമാളു എന്ന ബസിലെ കണ്ടക്ടര്‍ ജോലിക്കെത്തിയത് ക്രിസ്മപ്പ് പപ്പയുടെ വേഷത്തിലാണ്. ആദ്യം യാത്രക്കാര്‍ക്ക് മനസിലായില്ല വന്നിരിക്കുന്നത് കണ്ടക്ടര്‍ ആണെന്ന്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ആശംസകളര്‍പ്പിക്കാന്‍ എത്തിയതായിരിക്കും പപ്പ എന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാല്‍, ടിക്കറ്റ് മെഷീനും ബാഗുമായി 'കണ്ടക്ടര്‍ പപ്പ' എത്തിയതോടെ യാത്രക്കാര്‍ക്ക് കൗതുകവും ആവേശവുമായി. കട്ടപ്പന ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റു ബസിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കണ്ടക്ടറുടെ പപ്പ വേഷം കൗതുകം നിറഞ്ഞ കാഴ്ചയായി.
കട്ടപ്പന-നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കുട്ടിമാളു യാത്രക്കാര്‍ക്ക് പ്രിയപ്പെട്ട ബസ് ആണ്. ബസിലെ ജീവനക്കാരുടെ സ്‌നേഹത്തോടെയുള്ള പെരുമാറ്റം ആരും മറക്കില്ല. ധാരാളം സ്ഥിരയാത്രക്കാരുള്ള ബസ് ആണ് കുട്ടിമാളു. എന്തായാലും, ക്രിസ്മസ് പപ്പ ടിക്കറ്റിനോടൊപ്പം യാത്രക്കാര്‍ക്ക് ക്രിസ്മസ്-പുതുവത്സര ആശംസകളും അര്‍പ്പിച്ചു. കുട്ടിമാളു 'കണ്ടക്ടര്‍ പപ്പ' യുമായി യാത്രയും തുടര്‍ന്നു.