ആരാണ് പുതുവര്‍ഷം ആഘോഷിക്കാന്‍ 'ഒരു ചെയ്ഞ്ച്' ആഗ്രഹിക്കാത്തത്, വരൂ രാജസ്ഥാനില്‍!
ലോകമെമ്പാടുമുള്ളവര്‍ പുതുവര്‍ഷം ആഘോഷിക്കാനുള്ള തയാറെടുപ്പുകളിലാണ്. പുതുവര്‍ഷ രാവിനു വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ബീച്ചുകളും അതുമായി ബന്ധപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലും പുതുവത്സരനാളില്‍ തിരക്കേറുമെന്നാണ് വിലയിരുത്തല്‍. കൊറോണയില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യവും കൂടിയാണിത്.
നിങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരും തീരുമാനങ്ങളെടുക്കുന്നവരുമാണോ? ഈ പുതുവത്സരപ്പിറവി പതിവില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായി ആഘോഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ബീച്ചുകളിലും നഗരത്തിലെ മായക്കാഴ്ചകളില്‍ നിന്നുമൊല്ലാം മാറി പുതുവര്‍ഷത്തെ എതിരേല്‍ക്കാനും ആഘോഷിക്കാനും പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.
രാജസ്ഥാന്‍ എന്നു കേള്‍ക്കുമ്പോഴെ നമ്മുടെ മനസിലേക്ക് ഓടിയെത്തുക, രജപുത്രന്മാരുടെ വീരേതിഹാസങ്ങളും കോട്ടകൊത്തളങ്ങളും പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുരുമാണ്. മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് രാജസ്ഥാനിലുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താര്‍ മരുഭൂമി രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പര്‍വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനില്‍ സ്ഥിതിചെയ്യുന്നു.
അല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ രാജസ്ഥാന്‍ പുതുവത്സര യാത്ര ഓര്‍മയില്‍ മായാത്ത അനുഭവമാക്കി മാറ്റാം.
1. കുംഭല്‍ഗഡ്
ഉദയ്പുര്‍ നഗരത്തില്‍ നിന്ന് 84 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് കുംഭല്‍ഗഡ്. രാജ്‌സാമന്ദ് ജില്ലയില്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശം. കുംഭല്‍ഗഡ് കോട്ടയാണ് ഇവിടത്തെ സവിശേഷത.
യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ കുംഭല്‍ഗഡ് കോട്ട ആരവല്ലി കുന്നുകളുടെ പടിഞ്ഞാറാണ് സ്ഥിതിചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ മേവാര്‍ (മേവാഡ്) പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകര്‍ണ സിങ് ആണ് കോട്ട നിര്‍മിച്ചത്. മേവാര്‍ ചക്രവര്‍ത്തിയായിരുന്ന മഹാറാണ പ്രതാപിന്റെ ജന്മസ്ഥലം കൂടിയാണ് കുംഭല്‍ഗഡ്. 38 കി.മീ. നീളത്തില്‍ വ്യാപിച്ച് കിടക്കുന്ന കുംഭല്‍ഗഡ് കോട്ടമതില്‍ ചൈനയിലെ വന്‍മതിലിന് ശേഷം ഏറ്റവും നീളമുള്ള രണ്ടാമത്തെ മതിലാണ്.
2. ബിക്കാനീര്‍
താര്‍ മരുഭൂമിയിലെ സ്വര്‍ണമണല്‍ത്തരികളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ബിക്കാനീര്‍. പ്രശസ്തമായ കര്‍ണിമാതാ ക്ഷേത്രവും ബിക്കാനീറില്‍ സ്ഥിതിചെയ്യുന്നു. രാജസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ബിക്കാനീര്‍ സംസ്‌കാരസമ്പന്നവുമാണ്. ജയ്പുരില്‍ നിന്ന് 330 കി.മീ. യാത്ര ചെയ്താല്‍ ബിക്കാനീറില്‍ എത്തിച്ചേരാം.
3. രണ്‍ഥംഭോര്‍ നാഷണല്‍ പാര്‍ക്ക്
വനവും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച ചോയ്‌സാണ് രണ്‍ഥംഭോര്‍ നാഷണല്‍ പാര്‍ക്ക്. സാവോയ് മധോപുര്‍ ജില്ലയിലാണ് രണ്‍ഥംഭോര്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. കടുവാ സംരക്ഷണ കേന്ദ്രവും കൂടിയാണ് രണ്‍ഥംഭോര്‍. ഒരുകാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഈ പ്രദേശം. ആരവല്ലി പര്‍വതനിരയുടെ ഭാഗമായ ഇതിലൂടെയാണ് ബാണാസ് നദി ഒഴുകുന്നത്. ധോക്ക്, കുളു, ബെര്‍, ഖിമി, പോളസ് എന്നീ വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായുണ്ട്. വിവിധയിനം മൃഗങ്ങളെക്കൂടാതെ 250ലധികം പക്ഷികളും ഇവിടെ അധിവസിക്കുന്നു.
4. സരിസ്‌ക നാഷണല്‍ പാര്‍ക്ക്
രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് സരിസ്‌ക നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. സരിസ്‌ക ഒരു കടുവ സംരക്ഷണകേന്ദ്രമാണ്. സരിസ്‌ക സന്ദര്‍ശനം ഒരിക്കലും മറക്കാനാകാത്ത അനുഭവം പകരുമെന്നതില്‍ തര്‍ക്കമില്ല. കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ അടുത്തുകാണാം. 1992ലാണ് സരിസ്‌ക നാഷണല്‍ പാര്‍ക്ക് ആയി പ്രഖ്യാപിക്കുന്നത്. ഔറംഗസീബിന്റെ കാങ്ക്‌വാരി കോട്ട, മഹാരാജ ജയ്‌സിംഹന്റെ കരിഷ്‌ക കൊട്ടാരം എന്നിവ ഈ ഉദ്യാനത്തിനകത്താണു സ്ഥിതി ചെയ്യുന്നത്.
ആരവല്ലി പര്‍വതനിരയുടെ ഭാഗമാണ് സരിസ്‌ക. കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങളെ കൂടാതെ ആയിരത്തിലേറെ പുഷ്പിക്കുന്ന സസ്യവിഭാഗങ്ങള്‍ സരിസ്‌ക നാഷണല്‍ പാര്‍ക്കിലുണ്ട്.