Begin typing your search...

ജാഡയില്ലാത്ത മമ്മൂക്കയും ഞെട്ടിച്ച ലാലേട്ടനും

ഹാസ്യ താരം ഹരീഷ് പെരുമനയുമായി ശ്രേയ കൃഷ്ണകുമാർ നടത്തിയ അഭിമുഖം

ജാഡയില്ലാത്ത മമ്മൂക്കയും ഞെട്ടിച്ച ലാലേട്ടനും
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo


''ഞാന്‍ ഒരു സാധാരണക്കാരനാണ്. ഇപ്പോഴും കൈലി ഉടുത്താണ് പുറത്തിറങ്ങുക. നാട്ടുകാരുമായി സൊറ പറഞ്ഞിരിക്കും. സ്വന്തം നാട്ടിലെ ആളുകളുടെ സ്‌നേഹത്തേക്കാള്‍ വലിതായി ഒന്നുമില്ല''സിനിമ വിളിച്ചു ഞാന്‍ പോയി

മിനി സ്‌ക്രീനിലെ ജാലിയന്‍ കണാരനെ കണ്ട് അക്കു അക്ബറാണ് സിനിമയില്‍ അവസരം തരുന്നത്. കണാരന്‍ എന്ന കഥാപാത്രത്തെ സിനിമയിലും അവതരിപ്പിച്ചു. എന്നാല്‍ 'സപ്തമശ്രീ തസ്‌കരാഃ' എന്ന സിനിമയാണ് ബ്രേക്ക് തരുന്നത്. സിനിമ അന്നും ഇന്നും സ്വപ്നലോകമാണ്. ഒരിക്കലും മതിമറന്നു പോയിട്ടില്ല. ഓരോ അവസരവും വരുമ്പോള്‍ ദൈവത്തോടു നന്ദി മാത്രമേയുള്ളു. മിമിക്രിയോടുള്ള ഇഷ്ടം കൊണ്ടു കലാരംഗത്തെത്തിയ എന്നെപ്പോലൊരാളെ ഇരുകൈയും നീട്ടിയാണ് സിനിമ സ്വീകരിച്ചത്.

ഞെട്ടിച്ച ലാലേട്ടന്‍

മമ്മൂക്കയ്ക്കും ലാലേട്ടനോടൊപ്പവും അഭിനയിച്ചു. ഒരു കാലത്ത്, ലാലേട്ടനെ നേരിട്ടു കാണാനായി ആഗ്രഹിച്ചു നടന്നിട്ടുണ്ട്. അദൈ്വതം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഞാനന്ന് സ്‌കൂളില്‍ പഠിക്കുന്നു. ലാലേട്ടനെ കാണാന്‍ മനസു നിറയെ ആഗ്രഹവുമായി പോകുകയാണ്. എന്നാല്‍, ഷൂട്ടിംഗ് നടക്കുന്ന പരിസരത്തേക്കു പോലും അടുക്കാനാവാതെ മടങ്ങി. പിന്നീട് 'ശ്രദ്ധ' എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി. അവിടെയും നിരാശ തന്നെയായിരുന്നു ഫലം. അങ്ങനെ കാത്തുകാത്തിരുന്ന് ഒരവസരം വന്നു. കോഴിക്കോട്ട് 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. സിനിമയില്‍ കാണിക്കുന്ന പുഴയും തീരവുമൊക്കെ എന്റെ നാടാണ്. നമ്മുടെ നാട്ടില്‍ വന്നിട്ട് ലാലേട്ടനെ കാണാതിരുന്നാല്‍ മോശമല്ലേ? എന്നും രാവിലെ കുളിച്ചൊരുങ്ങി ലൊക്കേഷനില്‍ പോകും. തിക്കിലും തിരക്കിലുംപെട്ട് എവിടെയെങ്കിലും ഉരുണ്ട് വീഴുന്നതല്ലാതെ ലാലേട്ടനെ കാണുക എന്ന മോഹം നടന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്ത ഒപ്പത്തിന്റെ സെറ്റില്‍ വച്ചാണ് ലാലേട്ടനെ ആദ്യമായി കണ്ടത്. എന്റെ മുന്നില്‍ വന്ന് 'എന്തൊക്കെയുണ്ട് മോനെ' എന്ന് ചോദിച്ചത് മാത്രമേ ഓര്‍മയുള്ളൂ. ഇതിലും വലിയൊരു സന്തോഷം ഇനി ജന്മത്തില്‍ കിട്ടാനില്ല എന്നതായിരുന്നു അപ്പോഴത്തെ അവസ്ഥ.


ജാഡയില്ലാതെ മമ്മൂക്ക

മമ്മൂക്കയോടൊപ്പം തുടര്‍ച്ചയായി അഭിനയിക്കാന്‍ സാധിച്ചു എന്നതു വലിയൊരു ഭാഗ്യം തന്നെയാണ്. അച്ചാ ദിന്നിലാണ് ആദ്യം മമ്മൂക്കയോടൊപ്പം അഭിനയിച്ചത്. സത്യം പറഞ്ഞാല്‍ വളരെ പേടിച്ചാണ് ആദ്യ ഷോട്ടിനു ചെന്നത്. എന്നെ കുറച്ചു നേരം നോക്കിയിരുന്നു ശേഷം മമ്മൂക്ക അടുത്തു വന്നു തോളില്‍ പിടിച്ചു ചോദിച്ചു. 'എന്തൊക്കെണ്ട് ബാബേട്ടാ വിശേഷങ്ങള്‍' എന്ന്. അദ്ദേഹം എന്റെ ടി.വി പരിപാടികള്‍ കണ്ടിട്ടുണ്ടായിരുന്നു.

എന്നെ കുടുംബത്തിലെ ഒരംഗത്തെ പോലെ കരുതുന്ന ഒരാള്‍ ബിജു മേനോനാണ്. എന്റെ സ്വന്തം ചേട്ടനെ പോലെയാണ് അദ്ദേഹം. സാള്‍ട്ട് മാംഗോ ട്രീയിലാണ് ആദ്യം ഒരുമിച്ചഭിനയിച്ചത്. പിന്നീട് അദ്ദേഹം ഏത് സിനിമ ചെയ്താലും 'എടാ പുതിയ സിനിമ തുടങ്ങാന്‍ പോകുകയാണ് ഡേറ്റ് മാറ്റി വച്ചേക്കണേ' എന്ന് വിളിച്ചു പറയും. മരുഭൂമിയിലെ ആന, സ്വര്‍ണക്കടുവ, രക്ഷാധാകാരി ബൈജു തുടങ്ങിയ സിനിമയെല്ലാം അങ്ങനെ കിട്ടിയതാണ്. സിനിമയിലെ ന്യൂജനറേഷന്‍കാരുമായും നല്ല അടുപ്പമാണ്. ധ്യാനും അജുവര്‍ഗീസുമെല്ലാം സ്വന്തം അനുജന്മാരെ പോലെയാണ്. സിനിമ തന്ന വലിയ ഭാഗ്യങ്ങളാണ് ഈ വിലമതിക്കാനാവാത്ത സൗഹൃദങ്ങള്‍.എന്നും നാട്ടുമ്പുറത്തുകാരന്‍

ഞാന്‍ ഒരു സാധാരണക്കാരനാണ്. ഇപ്പോഴും കൈലി ഉടുത്താണ് പുറത്തിറങ്ങുക. നാട്ടുകാരുമായി സൊറ പറഞ്ഞിരിക്കും. സ്വന്തം നാട്ടിലെ ആളുകളുടെ സ്‌നേഹത്തേക്കാള്‍ വലിതായി ഒന്നുമില്ല. ചാനലില്‍ ഹിറ്റാകും വരെ ഞാന്‍ അഭിനയിക്കുമെന്ന കാര്യമൊന്നും മിക്കവര്‍ക്കും അറിയില്ലായിരുന്നു. മിമിക്രി അവതരിപ്പിച്ച് നടന്ന സമയത്ത് ഇങ്ങനെ ഉഴപ്പി നടക്കാതെ ജോലി ചെയ്ത് ജീവിക്കാന്‍ ഉപദേശിച്ച ഒരുപാട് പേരുണ്ട്. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഇതൊന്നും ജീവിക്കാന്‍ പറ്റിയ വഴിയായി അവര്‍ കണ്ടിരുന്നില്ല. ഒഴിവുസമയങ്ങളില്‍ പെയിന്റിംഗ്, ഓട്ടോ ഓടിക്കല്‍ തുടങ്ങി പല ജോലിക്കും പോയിരുന്നു. പക്ഷേ, അപ്പോഴും വയസു ചെന്നവരെയും നാട്ടിന്‍പുറത്തെ സാധാരണക്കാരെയും വെറുതേ നോക്കി അവരുടെ പെരുമാറ്റവും സംസാര രീതിയിമെല്ലാം പഠിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു.ജാലിയന്‍ കണാരന്‍ എന്ന കോഴിക്കോട്ടുകാരന്‍ അങ്ങനെ രൂപപ്പെട്ടതാണ്. പിന്നെ, കാഴിക്കോട്ട് മിമിക്രി കളിച്ചുവളര്‍ന്നതിന്റെ ഗുണങ്ങള്‍ സിനിമയില്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്. കോഴിക്കോടൊരു പരിപാടി അവതരിപ്പിച്ചാല്‍ റെസ്‌പോണ്‍സ് വേഗത്തിലറിയാം. നന്നായാല്‍ അഭിനന്ദിക്കും. ഇനി മോശമായാലോ കൂവിത്തോല്‍പ്പിക്കാന്‍ അവരു കഴിഞ്ഞേ ആളുണ്ടാകൂ. കലയും കലാകാരന്മാരെയും ഇത്രയ്ക്കു സ്‌നേഹിക്കുന്ന മറ്റൊരു നാടില്ല. അതിഥികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നതാണ് കോഴിക്കോട്ടുകാരുടെ മറ്റൊരു ഹോബി.

(തയാറാക്കിയത് - ശ്രേയ കൃഷ്ണകുമാര്‍)

Krishnendhu
Next Story
Share it