Begin typing your search...

മായമില്ലാതെ മണികണ്ഠന്‍

ഹാസ്യതാരം മണികണ്ഠനുമായി ശ്രേയ കൃഷ്ണകുമാര്‍ നടത്തിയ അഭിമുഖം

മായമില്ലാതെ മണികണ്ഠന്‍
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo


സിനിമയിലും ടെലിവിഷനിലും മായമില്ലാത്ത ഹാസ്യവുമായി പ്രേക്ഷക മനസില്‍ സ്ഥാനം നേടിയ താരമാണ് മണികണ്ഠന്‍. നാടകത്തില്‍ നിന്ന് ആരംഭിച്ച അഭിനയജീവിതത്തിലൂടെ മണികണ്ഠന്‍.

മീശമാധവന്‍ സിനിമയിലെ '' കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള വലിയ വെടി നാല് ചെറിയ വെടി നാല് '' എന്ന ഡയലോഗ് ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മീശമാധവനില്‍ മണികണ്ഠന്‍ പറഞ്ഞ ഡയലോഗ് ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മീശമാധവനിലെ കോമഡി രംഗങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. നാടകത്തിന്റെ പിന്‍ബലവുമായി സിനിമയിലും ടെലിവിഷനിലും സജീവമായ മണികണ്ഠന്റെ അഭിനയജീവിതം ആരംഭിക്കുന്നത് പട്ടാമ്പിയിലെ സ്‌കൂള്‍ കാലഘട്ടം മുതലാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടക പഠനത്തിനു ചേര്‍ന്ന മണികണ്ഠന്റെ അഭിനയജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി നാടകങ്ങള്‍ ചെയ്തു. സുഹൃത്തുക്കള്‍പ്പൊപ്പം ചെയ്ത ആദ്യ സിനിമ മണ്‍കോലങ്ങള്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി. തുടര്‍ന്ന്, ചലച്ചിത്ര രംഗത്തും ടെലിവിഷന്‍ രംഗത്തും സജീവമായി. എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചു. സാമൂഹ്യവിമര്‍ശനം അടിസ്ഥാനമാക്കി മഴവില്‍ മനോരമയില്‍ അവതരിപ്പിക്കുന്ന മറിമായം പരമ്പരയിലെ കേന്ദ്രകഥാപാത്രം മണികണ്ഠന്‍ അവതരിപ്പിക്കുന്ന സത്യശീലന്‍ ആണ്. പച്ചയായ ജീവിതത്തിന്റെ കലര്‍പ്പില്ലാത്ത ഹാസ്യത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു മണികണ്ഠന്‍.* മീശമാധവനും '' വലിയ വെടി നാല് ചെറിയ വെടി നാല് '' എന്ന ഡയലോഗു

മീശമാധവന്‍ റിലീസ് ആയിട്ട് ഇരുപതു വര്‍ഷം പിന്നിടുന്നു. കാലം പോകുന്നത് അറിയുന്നേയില്ല. സിനിമ തിയേറ്ററില്‍ ഓടിക്കൊണ്ടിരുന്നപ്പോഴും ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ കാര്യങ്ങള്‍ പൊടിപൊടിക്കുന്ന വര്‍ത്തമാനകാലത്തും മീശമാധവന്‍ സിനിമയിലെ രസകരമായ സീനുകള്‍ ആളുകള്‍ ആസ്വദിക്കുന്നു എന്നതു വലിയ സന്തോഷമുള്ള കാര്യമാണ്. എന്റെ രണ്ടാമത്തെ സിനിമയാണത്. ഞാനെഴുതുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്ത 'മണ്‍കോലങ്ങള്‍' ആണ് ആദ്യ സിനിമ. അധികം പണം മുടക്കാനില്ലാത്ത സിനിമാപ്രേമികളായ ആളുകള്‍ക്ക് 16 എം.എം ഫിലിമില്‍ ഷൂട്ട് ചെയ്ത് 35 എം.എം-ലേക്ക് കണ്‍വര്‍ട്ട് ചെയ്ത് തിയേറ്ററില്‍ വലിയ സിനിമ പോലെ കാണിക്കാനുള്ള സംവിധാനമുണ്ടായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്. അങ്ങനെയാണ് മണ്‍കോലങ്ങള്‍ ചെയ്തത്. സുബ്രമഹ്ണ്യന്‍ ശാന്തകുമാര്‍, വിജു വര്‍മ, പ്രവീണ്‍ പണിക്കര്‍ എന്നിവരായിരുന്നു പ്രധാനമായും ആ ചിത്രത്തിനു പിന്നിലുണ്ടായിരുന്നത്. സംവിധായകന് സംസ്ഥാന അവാര്‍ഡ്, ഐ.എഫ്.എഫ്.കെ ഫിപ്രസി അവാര്‍ഡ് എന്നിവ ലഭിച്ചു. കൂടാതെ, നിരവധി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. ഈ സിനിമയുടെ ബലത്തിലാണ് എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം വഴി സംവിധായകന്‍ ലാല്‍ജോസിനെ പരിചയപ്പെടുന്നത്. ഞാന്‍ ഇന്നും അഭിനയിച്ചു ജീവിക്കുന്നതിനു കാരണക്കാരായ ഈ രണ്ടു പേരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.

സമാന്തര സിനിമയുടെ പാതയിലൂടെ പോയിരുന്ന ഒരാള്‍ വാണിജ്യ സിനിമയുടെ ചിട്ടവട്ടങ്ങള്‍ കൂടി കണ്ടു പഠിക്കട്ടെ എന്നേ അദ്ദേഹം വിചാരിച്ചിരുന്നുള്ളൂ. ഞാന്‍ കൂടെ മലയാള സിനിമയിലേക്കു വന്നതുകൊണ്ട് മലയാള സിനിമയ്ക്കു പറയത്തക്ക ദോഷങ്ങള്‍ സംഭവിക്കാന്‍ സാധ്യതയില്ല എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവാണ് എനിക്കു തുണയായത്. അന്നദ്ദേഹം പരിഗണിക്കാതെ വിട്ടിരുന്നെങ്കില്‍ ഞാന്‍ മറ്റിടങ്ങളില്‍ പോയി ചാന്‍സ് ചോദിക്കുകയോ, ഭാവിയില്‍ നടനാകുകയോ ചെയ്യില്ലായിരുന്നു. കാര്യമായ വേഷങ്ങളൊന്നും അദ്ദേഹത്തിന്റെ സിനിമയില്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഞാന്‍ സന്തോഷവാനാണ്. പറ്റുന്ന സിനിമകളില്‍ പറ്റുന്ന പോലെ സഹകരിപ്പിച്ചിട്ടുണ്ട്. മീശമാധവനിലെ ഒരു സീനിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ലാല്‍ ജോസിനെയോര്‍ക്കാതെ സീനിനെപ്പറ്റി പറയുന്നതു ശരിയല്ലല്ലോ.ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ അല്ലെങ്കില്‍ ഏതെങ്കിലും ഡയലോഗിന്റെ പേരില്‍ ഒരു നടന്‍ പ്രേക്ഷകമനസില്‍ കാലങ്ങളോളം നിലനില്‍ക്കുന്നുവെന്നതു വലിയ ഭാഗ്യമാണ്. ആ ഷോട്ട് ചിത്രീകരിക്കുന്ന സമയത്ത് റിഹേഴ്‌സലിന് കവിളില്‍ ചൊറിയുന്ന ആംഗ്യം ഞാന്‍ ചെയ്തില്ലായിരുന്നു. എന്നാല്‍, ടേക്ക് സമയത്ത് ഞാന്‍ പോലുമറിയാതെ എന്റെ കൈ പൊങ്ങിവന്നു. പൊങ്ങിവന്ന കൈ പെട്ടെന്നു താഴ്ത്തുന്നതു ശരിയല്ലല്ലോ, പിന്നെ സന്ദര്‍ഭത്തിനനുയോജ്യമായ രീതിയില്‍ ആ കൈ കൊണ്ടു ചെയ്യാവുന്നത്, കവിളിലൊന്നു ചൊറിയുകയാണ്. ഇതാണ് അന്നു സംഭവിച്ചത്. ഇതൊക്കെ നിമിഷങ്ങള്‍ കൊണ്ടു നടക്കുന്ന കാര്യങ്ങളാണ്. എങ്ങാനും പൊങ്ങിവന്ന കൈ കൊണ്ട് കവിള്‍ ചൊറിയാതെ ഞാന്‍ കൈ താഴ്ത്തിയിരുന്നെങ്കില്‍ അന്നേ ചീട്ടു കീറുമായിരുന്നു. എന്നിട്ടും റിഹേഴ്‌സലിനു കാണിക്കാത്തത് എന്തിനു കാണിച്ചുവെന്ന് ക്യാമറമാന്‍ എസ്. കുമാര്‍ സാര്‍ വഴക്കു പറഞ്ഞു പരിഭ്രമിച്ചു. ഇയാളെന്തൊരു മനുഷ്യനാണെന്നു മനസില്‍ ചിരിച്ചു. കാരണം അസ്ഥാനത്തു ചെയ്ത പോലെ ഒരാംഗ്യമായിരുന്നില്ല അത്, എന്ന് എനിക്കുറപ്പുതോന്നിയിരുന്നു. ഡയറക്ടര്‍ ഓക്കെ പറഞ്ഞപ്പോള്‍ സെറ്റില്‍ മാനം കിട്ടിയ പോലെ തോന്നി.

അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ പലപ്പോഴും അങ്ങനെയാണ്. നമ്മള്‍ പോലുമറിയാതെ ഏതോ ബാഹ്യമായ ശക്തി നമ്മെ പലപ്പോഴും സപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കും. ഞാന്‍ എന്റെ കഴിവില്‍ വിശ്വസിക്കുന്നതിനേക്കാള്‍ പുറമേ നിന്നുള്ള ഈ ബ്ലസിങ് കിട്ടാന്‍ സത്യസന്ധനായി നിലകൊള്ളനാണ് എപ്പോഴും മനസു കൊണ്ട് ആഗ്രഹിക്കുന്നത്.* ചിരിയും കരച്ചിലും

ആളുകളെ ചിരിപ്പിക്കുകയോ, കരയിപ്പിക്കുകയോ ചെയ്യുക എന്നതു പ്രയാസമുള്ള കാര്യമാണ് എന്നു ഞാന്‍ വിചാരിക്കുന്നില്ല. മാത്രമല്ല, അഭിനയം ഒരായാസമുള്ള, ഭാരമുള്ള ജോലിയാകാന്‍ പാടില്ല. സിനിമയോ, നാടകമോ കണ്ട് ഒരാള്‍ കരയുന്നതും ചിരിക്കുന്നതുമൊക്കെ, അയാള്‍ ജീവിച്ചുവന്ന ചുറ്റുപാടുകളെയും ജീവിത സാഹചര്യങ്ങളെയും, എത്രത്തോളം സഹൃദയത്വം അയാള്‍ക്കുണ്ട് എന്നതിനെയുമൊക്കെ ആശ്രയിച്ചാണിരിക്കുന്നത്. ഒപ്പം നടനോ, നടിയോ ചെയ്യുന്ന കഥാപാത്രം എത്രത്തോളം വിശ്വസനീയമാണ് എന്നതും പ്രധാനമാണ്. നൂറു ശതമാനത്തോളം കഥാപാത്രമായി മാറുന്നുവെന്നു തന്റെ അഭിനയത്തിലൂടെ നടന്‍ തോന്നിപ്പിച്ചാല്‍, സഹൃദയനായ സാധാരണ പ്രേക്ഷകനില്‍ കരച്ചിലും ചിരിയും സ്വാഭാവികമായും ഒരുപോലെ ഉണ്ടായിവരും. നടന്‍ എന്തു ചെയ്യുന്നു, ഏതു സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്നു, എത്രമാത്രം വിശ്വാസ്യത പ്രേക്ഷകനില്‍ ജനിപ്പിക്കാന്‍ അയാള്‍ക്കു സാധിക്കുന്നു എന്നതിനെയൊക്കെ ആശ്രയിച്ചാണ് ഈ പറയുന്ന വികാരങ്ങളൊക്കെ സംഭവിക്കുന്നത്. നടന്റെ സത്യസന്ധതയില്‍ അയാളോടൊപ്പം സ്വയം വിശ്വസിച്ച് പ്രേക്ഷകന്‍ കൂടെ ചേരുകയാണു ചെയ്യുന്നത്. ഇങ്ങനെ പ്രേക്ഷകരെ തന്റെ ഒപ്പം നിര്‍ത്താന്‍ കഴിയുന്ന നടനു ചിരിയും കരച്ചിലും അവരില്‍ നിറയ്ക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല.


* ചിരിയുടെ രസക്കൂട്ട്

ചിരിക്ക് പ്രത്യേകിച്ച് എന്തു രസക്കൂട്ട്..? രസകരമായ ചിരി ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവുക, അതു രസകരമായി അവതരിപ്പിക്കുക അതിലപ്പുറം ചിരിയുണ്ടാക്കാനുള്ള ഒന്നും നിലവിലില്ല എന്നാണ് എനിക്കു തോന്നുന്നത്. ചില സന്ദര്‍ഭങ്ങളില്‍ വെറും നോട്ടങ്ങള്‍ ചിരി പടര്‍ത്തും. ചിലപ്പോള്‍ സംഭാഷണങ്ങള്‍ ആവാം. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ പോലും കാണികളില്‍ ചിരി പടര്‍ത്താം. എല്ലാ ഹാസ്യവും അതു സംഭവിക്കുന്ന സന്ദര്‍ഭങ്ങളുമായി എത്രമാത്രം ചേര്‍ന്നുനില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചു ചിരി വലിതോ, ചെറുതോ ആകാം.

ഇല്ലാത്ത കട്ട നുണകള്‍ ഉണ്ടെന്നു സമര്‍ത്ഥിക്കാനാണ് നടന്‍ ശ്രമിക്കുന്നത്. എന്ന് അയാള്‍ക്കും പ്രേക്ഷകനുമറിയാം. എന്നിട്ടും പ്രേക്ഷകന്‍ അയാളെ വിശ്വസിക്കുന്നതെങ്ങനെയെന്നു ചിന്തിച്ചിട്ടുണ്ടോ? കള്ളത്തരമില്ലാത്ത, സത്യസന്ധമായ, നിഷ്‌കളങ്കമായ, സരസനായ മനുഷ്യനോടു നമുക്ക് ഇഷ്ടം തോന്നുക സ്വാഭാവികം. അത്രയേയുള്ളൂ. അയാള്‍ തമാശ പറയുമ്പോള്‍ നമ്മള്‍ ചിരിക്കുക, അയാള്‍ക്കു വിഷമം വരുമ്പോള്‍ നമുക്കു സങ്കടം വരും. ആളുകളെ ചിരിപ്പിക്കാന്‍ ഗിമ്മിക്കുകളില്ല.


* മറിമായം

മറിമായത്തിന്റെ ആരംഭം 2011 അവസാന മാസങ്ങളിലാണ്. മഴവില്‍ മനോരമയില്‍ തുടങ്ങിയ ഈ പ്രോഗ്രാം വര്‍ഷങ്ങളായുള്ള അതിന്റെ യാത്രയില്‍ സ്വതസിദ്ധമായ ഒരു അവതരണരീതിയിലേക്കു വളരുകയും അതു സ്വീകരിക്കപ്പെടുകയും ചെയ്തു. ഇന്ന് മറിമായത്തിന് അതിന്റേതായ അസ്ഥിത്വമുണ്ട്, നിലപാടുകളുണ്ട്. മറിമായം ഒരു കോമഡി പരിപാടി എന്ന നിലയിലാണു പലരും കാണുന്നത്. എന്നാല്‍, അതൊരു കോമഡി ഷോ മാത്രമല്ല. തികച്ചും കാലികമായ വിഷയങ്ങള്‍ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു വലിയ ടെലിവിഷന്‍ പ്ലാറ്റ്‌ഫോം ആണ് എന്നെ സംബന്ധിച്ചിടത്തോളം മറിമായം. തുടക്കം മുതലുള്ള എപ്പിസോഡില്‍ ഉണ്ട്. ഈ കാലത്തിന്നിടയില്‍ ഒന്നോ, രണ്ടോ എപ്പിസോഡില്‍ മാത്രമാണ് അഭിനയിക്കാന്‍ കഴിയാതെ പോയത്. മറ്റെന്തൊക്കെ പ്രയാസങ്ങളുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കി മറിമായത്തിനു വേണ്ടി പ്രത്യേകം ദിവസങ്ങള്‍ മാറ്റിവയ്ക്കുന്നതു ശീലമായിരിക്കുന്നു. ഞാന്‍ സ്‌നേഹത്തോടെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് അതിന്റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണന്‍


* കാലികമായ വിമര്‍ശനങ്ങള്‍

മറിമായം നന്നായിത്തന്നെ പോയിക്കൊണ്ടിരിക്കുന്നു. പ്രേക്ഷകരും ടെലിവിഷനും ഞങ്ങളും ഉള്ളിടത്തോളം കാലം മറിമായത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരാണം അതിന്റെ വിഷയങ്ങള്‍ തരുന്നതു ചുറ്റുപാടുകളാണ്, സമൂഹമാണ്. നിത്യജീവിതത്തില്‍ സാധാരണ ആളുകളുമായി ബന്ധപ്പെടാവുന്ന ഇടങ്ങളിലൊക്കെ നല്ലതും ചീത്തയും അധികാരവും അഹങ്കാരവും പോക്രിത്തരങ്ങളും നിറഞ്ഞ കാര്യങ്ങള്‍ ധാരാളം കാണാം. ഇതെല്ലാം നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണുന്ന മറിമായത്തിനു വിഷയദാരിദ്ര്യം നേരിടുന്നില്ല. അതുകൊണ്ടു തന്നെ മറിമായം സുന്ദരവും സുരഭിലവുമായ രീതിയില്‍ മുന്നോട്ടുപോകുന്നു.


* എല്ലാവരും ഇഷ്ടപ്പെടുന്ന മറിമായം

മറിമായത്തിന്റെ അവതരണം തികച്ചും പുതുമ നിറഞ്ഞതായിരുന്നു. ടെലിവിഷന്‍ രംഗത്ത് അഭിനയ സാധ്യതയുടെ, അവതരണത്തിന്റെ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തത് മറിമായമാണ് എന്നു പറയേണ്ടിവരും. വലിയവരും ചെറിയവരും സ്ത്രീകളും പുരുഷന്മാരും കുട്ടികളും വൃദ്ധരും ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെടുന്ന ആളുകള്‍, ആത്മീയാചാര്യന്മാര്‍ മുതല്‍ സാധാരണ കൂലിവേല ചെയ്യുന്ന സഹോദരങ്ങള്‍ വരെ മറിമായം ഇഷ്ടപ്പെടുന്നു. ഇതില്‍ ടീം മറിമായം സന്തുഷ്ടരാണ്. ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കുള്ള അംഗീകാരമായി ഞങ്ങളതിനെ കാണുന്നു. മറ്റൊരു ഭാഗ്യം എന്നു പറയുന്നത്, സമാനമായ രീതിയില്‍ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു കൂട്ടം അഭിനേതാക്കളെ ഒന്നിച്ചു കിട്ടി എന്നതാണ്. അതോടൊപ്പം തന്നെ പരസ്പരമുള്ള സ്‌നേഹം, ബഹുമാനം, ചെയ്യേണ്ട വിഷയങ്ങളിലെ ചില തര്‍ക്കങ്ങള്‍ ഒഴിച്ചാല്‍ ഒരു കുടുംബം പോലെ കഴിയാന്‍ പറ്റുന്നുവെന്നതാണ്. എല്ലാവര്‍ക്കും തുറന്നഭിനയിക്കാന്‍ പറ്റുന്നതിന്റെ ഗുട്ടന്‍സ് എന്ന് വേണമെങ്കില്‍ പറയാം. അല്ലാതെന്ത് രസച്ചരട്...


* സാമൂഹ്യവിമര്‍ശനം

മറിമായത്തിലൂടെ നിശിതമായ സാമൂഹ്യവിമര്‍ശനം സാധ്യമാണ്. അതു തന്നെയാണ് ഈ പ്രോഗ്രാമിന്റെ പ്രസക്തിയും. ഒരു പ്രോഗ്രാം എന്തിനു ചെയ്യുന്നു, അതിന്റെ ലക്ഷ്യമെന്ത് എന്നൊക്കെ ആരായുമ്പോള്‍ മറിമായം നമ്മുടെ സമൂഹത്തിനു നേരെ തുറന്നുവച്ച കണ്ണാടിയാകുന്നു. കോമഡി മാത്രമല്ല, ചില ശുദ്ധീകരണവും കൂടി അതു സാധ്യമാക്കുന്നു. കേരളത്തിലെ ഏതൊരു സര്‍ക്കാര്‍ ഓഫിസിലേക്കും കയറിച്ചെല്ലുമ്പോള്‍ ഉണ്ടാകുന്ന (എല്ലാവരും അങ്ങനെയെന്നല്ല) നിഷേധാത്മക നിലപാടു തന്നെയാണു കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. അധികാര സ്ഥാനങ്ങളിലെത്തുന്നതോടു കൂടി ചോര്‍ന്നുപോകുന്ന മനുഷ്യത്വമാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ആര്‍ക്കും ഇതൊന്നും ചോദ്യം ചെയ്യാന്‍ അവസരമില്ലാത്തിടത്ത് മറിമായം അതിനെയൊക്കെ തുറുന്നുകാണിക്കുന്നു. ആ അര്‍ത്ഥത്തില്‍ വലിയ സാമൂഹ്യ ഇടപെടലുകളാണ് മറിമായം നിര്‍വഹിക്കുന്നത്.


* ബിഗ് സ്‌ക്രീന്‍ / മിനിസ്‌ക്രീന്‍

ബിഗ്‌സ്‌ക്രീനില്‍ നിന്ന് ഒരിക്കലും വിട്ടുനിന്നിട്ടില്ല. സിനിമ ജീവിതോപാധിയായി മാറാത്തതുകൊണ്ട് ടെലിവിഷനിലേക്കു തിരിഞ്ഞു എന്നുമാത്രം. ഇതൊരു നല്ല ജോലിയാണ്. എനിക്കു ഭാര്യയും കുട്ടികളുമുണ്ട്. സിനിമ തന്നെയാണ് സ്വപ്നം. എന്നില്‍, സിനിമ സ്വപ്‌നം കണ്ടിരുന്നാല്‍ ജീവിതം മുന്നോട്ടു പോകില്ല. അതുകൊണ്ട് ടെലിവിഷനില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു എന്നുമാത്രം.


* ഞാന്‍ സംതൃപ്തന്‍

സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചില്ല എന്ന പരാതിയൊന്നുമില്ല. ലഭിച്ച അവസരങ്ങളില്‍ ഞാന്‍ പരിപൂര്‍ണ തൃപ്തനാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാനെന്തൊക്കെ ചെയ്തു, ചെയ്യുന്നു എന്നല്ല, മറിച്ച് ഞാന്‍ സന്തോഷമായി ജീവിക്കുന്നു എന്നതിലാണ് ആനന്ദം.

ഏതോ നിര്‍മാതാവ്, സംവിധായകന്‍, എഴുത്തുകാരന്‍ ഇവരെല്ലാം ഒരു കഥാപാത്രത്തെ ആലോചിക്കുമ്പോള്‍ എന്റെ പേര് ഉയര്‍ന്നുവരണമെങ്കില്‍ ഞാന്‍ സിനിമയുടെ അവിഭാജ്യഘടകമായി മാറണം. അങ്ങനെ വളരാത്ത ഒരാള്‍ക്ക് അര്‍ഹിക്കുന്ന വേഷം കിട്ടിയില്ല എന്നു വിലപിക്കുന്നതിലെന്തുകാര്യം. ഈ സത്യം മനസിലാക്കിക്കഴിഞ്ഞ ഒരാള്‍ക്ക് കിട്ടിയതത്രയും ബോണസല്ലേ. എന്നിട്ടും എനിക്ക് എണ്‍പതോളം സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. അവസാനം ഒ.ടി.ടി റിലീസായ ചരിത്രത്തിലിടം നേടിയ 'സൂഫിയും സുജാതയും' എന്ന സിനിമയിലടക്കം അഭിനയിക്കാനായി. എനിക്കും സത്യത്തില്‍ ഇങ്ങനെയൊക്കെയാണു താത്പര്യവും. തിക്കും തിരക്കും ചീത്തവിളികളുമില്ലാത്ത മനസമാധാനത്തോടെ ജീവിക്കുന്നതല്ലേ സുഖം.


* മനസില്‍ കഥയുണ്ട്

തിരക്കഥ എഴുതാന്‍ ഒരുങ്ങുന്നുണ്ട്. സുഹൃത്തുക്കളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കാലവും സൗകര്യങ്ങളും ഒത്തുവന്നാല്‍ ഉറപ്പായും സിനിമകള്‍ ചെയ്യും. കുറേ നല്ല വിഷയങ്ങള്‍ മനസിലുണ്ട്. എല്ലാം നടക്കുമെന്നുതന്നെ നമുക്കു വിചാരിക്കാം.


* വീട്ടുകാര്യങ്ങള്‍

കുടുംബസമേതം ഇപ്പോള്‍ മുളന്തുരുത്തിയില്‍ താമസിക്കുന്നു. സ്വദേശം പട്ടാമ്പിയാണ്. ഭാര്യ- ജലജ. മക്കള്‍- സാന്ദ്ര, ശ്രേയ.

Krishnendhu
Next Story
Share it