അയാള്‍ യഥാര്‍ഥ നായകന്‍ സിനിമാക്കഥയെ വെല്ലുന്ന ജീവിതം !
ദി ടെര്‍മിനല്‍ എന്ന അമേരിക്കൻ സിനിമ ജനിച്ചത് പതിനെട്ടു വര്‍ഷം എയര്‍പോര്‍ട്ടിൽ ജീവിച്ച ഇറാന്‍ പൗരന്‍ മെഹ്‌റാന്‍ കരീമി നാസെറിയിൽ നിന്ന്
സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ഇറാന്‍ പൗരന്‍ മെഹ്‌റാന്‍ കരീമി നാസെറിയുടേത്. പതിനെട്ടു വര്‍ഷം എയര്‍പോര്‍ട്ടിലാണ് നാസെറി താമസിച്ചത്, നവംബര്‍ 12-ന് അദ്ദേഹം ഈ ലോകത്തോടു വിടപറയുന്നതുവരെ! നയതന്ത്രപരമായ നിയമക്കുരുക്കുകളില്‍ അകപ്പെട്ട നാസെറി 1988 മുതലാണ് ഫ്രാന്‍സിലെ റസി ചാള്‍സ് ദ ഗോള്‍ വിമാനത്താവളത്തിന്റെ 2എഫ് ടെര്‍മിനലില്‍ താമസമാരംഭിക്കുന്നത്. നാസെറിയുടെ ജീവിതം അന്വേഷണത്തിന്റെയും കയ്ക്കുന്ന അനുഭവങ്ങളുടെയും കഥയാണ്.
വിഖ്യാത സംവിധായകന്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാസെറിയുടെ ജീവിതം ലോകമാകെ അറിയുന്നത്. 2004-ല്‍ സ്പില്‍ബര്‍ഗിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ദി ടെര്‍മിനല്‍' എന്ന സിനിമ നാസെറിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. നാസെറിയെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയതോ ടോം ഹാങ്ക്‌സ് എന്ന മഹാനടനും! കാതറിന്‍ സെറ്റ ജോണ്‍സ്, സ്റ്റാന്‍ലി ടക്കി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. വെള്ളിത്തിരയില്‍ വിസ്മയമായ കഥാസന്ദര്‍ഭങ്ങള്‍ അനുഭവിച്ച പ്രേക്ഷകര്‍ അത്ഭുതപ്പെട്ടു. യഥാര്‍ഥത്തില്‍ അങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന വാര്‍ത്ത ആദ്യമാരും വിശ്വസിക്കുകയുമില്ലല്ലോ. സിനിമ പുറത്തുവന്നതോടെ നാസെറിക്കു താരപരിവേഷവും ലഭിച്ചു. സൂപ്പര്‍ ഹിറ്റായി മാറിയ ദി ടെര്‍മിനല്‍ എന്ന ഹോളിവുഡ് സിനിമയ്ക്കു വിഷയമായ നാസെറിയുടെ അഭിമുഖത്തിനായി ഫ്രാന്‍സിലെ വിമാനത്താവളത്തിലേക്കു മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ഒരു ദിവസം ആറ് അഭിമുഖങ്ങള്‍ വരെ നല്‍കിയിട്ടുണ്ട് നാസെറി.
ഇറാനിലെ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ 1945-ലാണ് മെഹ്‌റാന്‍ കരീമി നാസെറി ജനിച്ചത്. കരീമിയുടെ ആദ്യ വിദേശയാത്ര യൂറോപ്പിലേക്കായിരുന്നു. തന്റെ അമ്മയെ അന്വേഷിച്ചാണ് അദ്ദേഹം യൂറോപ്പിലെത്തിയത്. കുറച്ചുകാലം ബെല്‍ജിയത്തിലൂടെ അലഞ്ഞുതിരിഞ്ഞു. പിന്നീട്, യുകെയിലും നെതര്‍ലന്‍ഡ്‌സിലും ജര്‍മനിയിലും സന്ദര്‍ശനം നടത്തി. എന്നാല്‍, മതിയായ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ആ രാജ്യങ്ങള്‍ നാസെറിയെ നാടുകടത്തുകയായിരുന്നു. അവസാനമാണ് നാസെറി ഫ്രാന്‍സിലെത്തുന്നതും റസി ചാള്‍സ് ദ ഗോള്‍ വിമാനത്താവളത്തിന്റെ 2എഫ് ടെര്‍മിനലില്‍ താമസം തുടങ്ങുന്നതും.
ടെര്‍മിനലിലെ ബഞ്ചിലാണ് നാസെറി കിടന്നുറങ്ങിയിരുന്നത്. തന്റെ ജീവിതകഥ എഴുതാനാണ് നാസെറി അധികം സമയവും വിനിയോഗിച്ചത്. പിന്നെ, ദിനപ്പത്രങ്ങളും ധാരാളം പുസ്തകങ്ങളും വായിച്ചിരുന്നു. അഭയാര്‍ഥി എന്ന പരിഗണനയിലാണ് വിമാനത്താവളത്തില്‍ നാസെറിക്കു താമസിക്കാന്‍ കഴിഞ്ഞത്. 2006 വരെ അദ്ദേഹം വിമാനത്താവളത്തില്‍ ചെലവഴിച്ചു. അസുഖബാധിതനായതിനെത്തുടര്‍ന്ന് ആ വര്‍ഷം തന്നെ നാസെറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കു ശേഷം നാസെറി തന്റെ താമസം ഹോസ്റ്റലിലേക്കു മാറ്റുകയായിരുന്നു. സിനിമയില്‍നിന്നു ലഭിച്ച പ്രതിഫലം ചെലവാക്കിയാണ് നാസെറി അവിടെ താമസിച്ചത്.
അടുത്തിടെ നാസെറി വീണ്ടും വിമാനത്താവളത്തിലെത്തിയതു വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വാര്‍ധക്യസഹജമായ പ്രയാസങ്ങളും രോഗങ്ങളും അലട്ടുന്നുണ്ടായിരുന്നെങ്കിലും എഴുത്തും വായനയുമായി നാസെറി 2എഫ് ടെര്‍മിനലില്‍ തുടര്‍ന്നു. 12-ന് നാസെറിക്കു ഹൃദയാഘാതമുണ്ടാകുകയായിരുന്നു. എയര്‍പോര്‍ട്ട് മെഡില്‍ സംഘവും പോലീസും സ്ഥലത്തെത്തി നാസെറിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവബഹുലമായ ആ ജീവിതം അവിടെ അവസാനിക്കുകയായിരുന്നു!