Begin typing your search...

പ്രകൃതിയുടെ വർണ്ണങ്ങൾ

ചിത്രകലയില്‍ സമകാലിക രീതി ഉപയോഗിക്കുന്ന വടക്കാഞ്ചേരി സ്വദേശി ബിനു ഭാസ്‌കറിന്റെ വരയുടെ ലോകം

പ്രകൃതിയുടെ വർണ്ണങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കലയെ ആത്മശുദ്ധീകരണത്തിന്റെ ഉപാധിയായി കാണുന്ന ശാന്തനും സൗമ്യനുമായ കലാകാരനാണ് ബിനു ഭാസ്‌കര്‍. കുട്ടിക്കാലത്തിന്റെ ഓര്‍മകളും മനുഷ്യനെയും പ്രകൃതിയെയും കുറിച്ചുള്ള വിചാരങ്ങളും ഈ ചിത്രകാരന്റെ ചിത്രങ്ങളെ വേറിട്ടതാക്കുന്നു. ചിത്രം വരക്കുമായിരുന്ന അച്ഛനും ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്ന വല്ല്യമ്മാവനുമാണ് വരയുടെ വഴികളില്‍ ബിനുവിനു പ്രചോദനമായത്. സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഈ കലാകാരനു ചിത്രരചനയും സംഗീതവും ഒന്നിച്ചു മുന്നേറുന്ന ദിനങ്ങളാണ് സ്വപ്നങ്ങളില്‍ നിറയെ.

വടക്കാഞ്ചേരി ഓട്ടുപാറയില്‍ ജനിച്ച ബിനു ഭാസ്‌കര്‍ ചെറുപ്പം മുതലേ ചിത്രം വരക്കുമായിരുന്നു. സ്‌കൂളിലും കലാലയ കാലങ്ങളിലും ചിത്രരചനയ്ക്കു ധാരാളം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊതുവെ അന്തര്‍മുഖകനായിരുന്ന ബിനുവിനു കുട്ടിക്കാലത്ത് ഒരിടത്ത് ഒതുങ്ങിയിരുന്നു തന്റെ മനസിനെ വര്‍ണങ്ങളിലൂടെയും വരകളിലൂടെയും കടലാസില്‍ പകര്‍ത്തുകയായിരുന്നു ഒരു വലിയ സദസിനെ അഭിമുഖികരിക്കുന്നതിനേക്കാള്‍ എളുപ്പം.

മലയാള സാഹിത്യത്തില്‍ ബിരുദമെടുത്ത ബിനു ഭാസ്‌കര്‍ കലാപഠനം ആരംഭിച്ചത് തൃശൂരുള്ള ആന്റണി മാഷിന്റെ കലാഭവനില്‍ ആയിരുന്നു. കലാഭവനിലെ പഠനകാലത്തെ ഓര്‍മകള്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്ന ചിത്രകാരന്‍ അക്കാലഘട്ടത്തെ തന്റെ കലാജീവിതത്തിന്റെ അടിത്തറയായിക്കരുതി അതില്‍ അഭിമാനിക്കുന്നു. അക്കാലം സമ്മാനിച്ച ജീവിത പാഠങ്ങളെയും സംഗീതലോകത്തും കലാലോകത്തും തനിക്കു ലഭിച്ച നല്ല സൗഹൃദങ്ങളെയും കാര്യമായി കരുതുന്നു.

നിറച്ചാര്‍ത്ത് എന്ന കലാകാരന്മാരുടെ കൂട്ടുചേരലിന്റെ ഭാഗമായതോടെയാണ് തന്റെ കലാജീവിതത്തിനു പുതിയ മാനങ്ങള്‍ ലഭിച്ചതെന്നാണ് ബിനു പറയുന്നത്. കലാസ്‌നേഹിയായ സതീഷിന്റെ നേതൃതത്തില്‍ ആരംഭിച്ച നിറച്ചാര്‍ത്ത് കലാകാരന്മാരെയും പ്രകൃതി സ്‌നേഹികളെയും ചേര്‍ത്തുനിര്‍ത്തുന്നു. സിനിമ, ചിത്രരചന, സംഗീതം, നാടോടിക്കലാരൂപങ്ങള്‍, സൗഹൃദങ്ങള്‍ തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കുന്ന നന്മ നിറഞ്ഞ മനുഷ്യരുടെ ഈ കൂട്ടുചേരല്‍ ഓരോ വര്‍ഷവും ചിത്രപ്രദര്‍ശനങ്ങളും കലാമേളകളും സംഘടിപ്പിക്കുന്നു. കലയെ മനുഷ്യരോടടുപ്പിക്കാനായി കുട്ടികള്‍ക്കായി ചിത്രകല മുസിക് ക്ലാസുകളും ക്യാംപുകളും നടത്തുന്നു.

ധാരാളം മാസികകള്‍ക്കു കവര്‍ ചിത്രമൊരുക്കിയും ചിത്രങ്ങള്‍ വരച്ചും ഗ്രാഫിക് ആനിമേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു കഴിഞ്ഞതിനു ശേഷമാണു മുഴുവന്‍ സമയ ചിത്രകാരനിലേക്ക് ബിനു ഭാസ്‌കര്‍ എത്തിച്ചേര്‍ന്നത്. പുസ്തകങ്ങള്‍ക്കായി കവര്‍ ചിത്രങ്ങളും രേഖാചിത്രങ്ങളും ഇപ്പോഴും ഒരുക്കാറുണ്ട്. കുട്ടിക്കാലം ബിനുവിന്റെ ചിത്രങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്നതു കാണാം കുട്ടികള്‍, സ്വപ്‌നങ്ങള്‍, ഉഞ്ഞാലാടുന്ന-പട്ടംപറത്തുന്ന ബാല്യങ്ങള്‍, കൂട്ടംചേര്‍ന്നു കളിക്കുന്ന കുട്ടികള്‍, ഉത്സവങ്ങള്‍ ആഘോഷങ്ങള്‍ എന്നിവയെല്ലാം തന്റേതായ ശൈലിയില്‍ ഈ ചിത്രകാരന്‍ ചിത്രങ്ങളാക്കിയിട്ടുണ്ട്. കുട്ടികള്‍, പ്രകൃതി, ഫാന്റസി എന്നിവയാണ് ബിനുവിന്റെ ചിത്രങ്ങളുടെ പൊതുലോകം. നിയന്ത്രണങ്ങള്‍ക്കു വിധേയമായ കുട്ടിക്കാലമായിരുന്നു ബിനുവിന്റേത്. അതുകൊണ്ടുതന്നെ തനിക്കു നഷ്ടടമായ കാര്യങ്ങളാണു കുട്ടിക്കാല ചിത്രങ്ങളില്‍ ബിനു വരച്ചു ചേര്‍ക്കുന്നത്. ഷാഡോസ് എന്ന പേരില്‍ നടത്തിയ ഏകാങ്ക ചിത്ര പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ, 25-ലധികം ഗ്രൂപ്പ് പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. തൃശൂര്‍, എറണാകുളം, മട്ടാഞ്ചേരി ബംഗളൂരു തുടങ്ങിയ ഇടങ്ങളിലെ കാണികളുടെയും കലാനിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് ബിനുവിന്റെ ചിത്രങ്ങള്‍.

അക്രിലിക്, ഓയില്‍, വാട്ടര്‍ കളര്‍ എന്നിവയെല്ലാം കലയില്‍ ഉപയോഗിക്കുന്ന ബിനു മിക്‌സഡ് മീഡിയയും ചിത്രങ്ങളില്‍ ഉപയോഗിക്കാറുണ്ട് . നീല നിറത്തോടു കൂടുതല്‍ ഇഷ്ടം തോന്നുമെങ്കിലും ചിത്രങ്ങളുടെ വിഷയങ്ങള്‍ക്കനുസരിയിച്ച് നിറങ്ങളെ ക്രമീകരിക്കുന്നു. പഴയ മാസികകളിലെ രേഖാ ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഈ കലാകാരനു രേഖാ ചിത്രരചന ഏറെ ആത്മസംതൃപ്തി നല്‍കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം.വി. ദേവന്‍ തുടങ്ങിയ രേഖാചിത്രകാരന്മാരെ ഈ ചിത്രകാരന് ഏറെ ഇഷ്ടമാണ്.

കലാലയകാലത്ത് ഇന്റര്‍സോണ്‍, ഡി സോണ്‍ കലോത്സവങ്ങളില്‍ കൊളാഷിനു സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ള ബിനുവിന്റെ ചിത്രങ്ങളില്‍ കൊളാഷിന്റെ സ്വാധീനം കാണാം. മുറിച്ചുവച്ച കടലാസുകഷണങ്ങള്‍ പോലെ പല നിറത്തില്‍ ഒട്ടിച്ചു ചേര്‍ത്ത കൊളാഷ് പോലെയാണ് ബിനുവിന്റെ മിക്കചിത്രങ്ങളുടെയും കളര്‍ പാറ്റേണും പശ്ചാത്തലവും.

ഇന്ത്യയിലെ പ്രസിദ്ധരായ ചിത്രകാരന്മാര്‍ മുതല്‍ വര്‍ത്തമാന കേരളത്തിലെ ചിത്രകാരന്മാര്‍ വരെ തന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നാണ് ബിനുവിന്റെ വാക്കുകള്‍. ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സി.എന്‍. കരുണാകരന്‍, സതീഷ് ഗുജ്‌റാള്‍, അജി വി.എന്‍, അജികുമാര്‍, മധു വേണുഗോപാല്‍, ബാഹുലേയന്‍ തുടങ്ങി വലിയ ചിത്രകാരന്മാരുടെ ചിത്രങ്ങളും ചിന്തകളും കൂട്ടിനുണ്ട്. ഒരു ചിത്രകാരന്റെ മനസാണ് അയാളുടെ ചിത്രങ്ങള്‍ എന്നു പറഞ്ഞു ബിനു ഭാസ്‌കര്‍ പുഞ്ചിരിക്കുന്നു. ശാന്തനായി ചിത്രങ്ങളുടെ, വര്‍ണങ്ങളുടെ ലോകത്തേക്കു മടങ്ങുന്നു. പ്രകൃതിയെക്കുറിച്ച്, വലിയ ക്യാന്‍വാസിലെ നന്മനിറഞ്ഞ നല്ല ചിത്രങ്ങള്‍ സ്വപ്നം കണ്ട്...

Krishnendhu
Next Story
Share it