ഉണ്ണി രാജ അഥവാ 'ചിരിരാജ'
ജനപ്രിയ ടി.വി പോഗ്രാമായ മറിമായത്തിലെ കാസര്‍ഗോഡ് ഉണ്ണിയെന്ന ഉണ്ണിരാജയുമായി റിപ്പോർട്ടർ ശ്രേയ കൃഷ്ണകുമാർ നടത്തിയ അഭിമുഖം
സൂപ്പര്‍ ഹിറ്റായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ പല രംഗങ്ങളിലും വരുന്ന രസികനായ ഒരു ഹാസ്യകഥാപാത്രമുണ്ട്, രഘു. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണിരാജ എന്ന നടനാണ്. കഥാപാത്രസൃഷ്ടിയിയുടെ പ്രത്യേകത കൊണ്ടാണോയെന്നറിയില്ല, സിനിമ അവസാനിക്കുമ്പോള്‍ രഘുവിന്റെ കണ്ണുകളില്‍ ഒരു സങ്കടം ഒളിഞ്ഞിരിപ്പുള്ളതായി അനുഭവപ്പെട്ടു. പിന്നെ ആലോചിച്ചപ്പോഴാണ്, ഉണ്ണിരാജ അവതരിപ്പിച്ച ചെറുതാണെങ്കിലും വളരെ കുറച്ചുള്ള തന്റെ കഥാപാത്രങ്ങളെല്ലാം (തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കവി മുതല്‍) ഇതു പോലെ സങ്കടത്തിന്റെ ഉള്ളുള്ളതാകുന്നു. അപ്പോ ഉറപ്പിച്ചു പറയാം, ഉണ്ണിരാജ എന്ന തമാശക്കാരനായ നടന്റെ സ്വഭാവികമായ അഭിനയമികവിനാല്‍ ശ്രദ്ധിക്കപ്പെടുകയാണ് കഥാപാത്രങ്ങള്‍.
നേരത്തെ പറഞ്ഞതുപോലെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഒരുഗ്രന്‍ സിനിമയാണ്. ഒപ്പം വടക്കേ മലബാറിയന്‍ മലയാളത്തിന്റെ അകമ്പടിയോടെ ഉണ്ണിരാജ ഈ സിനിമയില്‍ നടത്തിയ പകര്‍ന്നാട്ടവും പ്രേക്ഷകരുടെ മനസില്‍ ആഴ്ന്നിറങ്ങി. രഞ്ജിത്തിന്റെ 'ഞാന്‍' എന്ന സിനിമയിലാണ് ഉണ്ണിരാജയുടെ ആദ്യത്തെ സിനിമാ അഭിനയം. പിന്നീട്, ദിലീഷ് പോത്തന്റെ 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തില്‍ കവി രാജേഷ് അമ്പലത്തറയെ ശ്രദ്ധേയമാക്കി. പിന്നിട്, എം. മോഹനന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍, റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി, എന്റെ ഉമ്മാന്റെ പേര്, ചന്ദ്രഗിരി, വിജയ് സൂപ്പറും പൗര്‍ണമിയും, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ സിനിമകള്‍. കമലിന്റെ പ്രണയ മീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ ആണ്ടിയേട്ടന്‍ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു.
''ഞാനൊന്നും സിനിമയ്ക്കു പറ്റിയ ആളേയല്ല എന്നാണു വിചാരിച്ചിരുന്നത്. അതുകൊണ്ടു പരിസരപ്രദേശത്തു നടക്കുന്ന ഷൂട്ടിങ് ലോക്കേഷനുകളില്‍ പോലും പോകാറില്ലായിരുന്നു. ദാ, ഇപ്പോ സിനിമ ജീവിതമാര്‍ഗമായി. എന്റെ സംസാര രീതിയാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടത്. ഇതുവരെ ഞങ്ങളുടെ ഭാഷ മലയാള സിനിമയില്‍ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടില്ല ''- ഉണ്ണിരാജ പറഞ്ഞു.
ഓര്‍മകളിലേക്ക്
ചെറുവത്തൂരിലുള്ള ഉണ്ണിരാജയുടെ വീട്ടില്‍ നിന്നു താഴോട്ടിറങ്ങുമ്പോള്‍ ഒരു സ്റ്റേജ് കാണാം. പണ്ട് ഈ വേദിയില്‍ ധാരാളം നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. കളി ഉള്ളപ്പോള്‍ നാടകക്കാരും മറ്റും ഉണ്ണിയുടെ വീട്ടിലാണു താമസിച്ചിരുന്നത്. അങ്ങനെ ഉണ്ണിയുടെ മനസില്‍ നാടകഭ്രമം കടന്നു കൂടി. സ്‌കൂളില്‍ നാടകങ്ങളില്‍ അഭിനയിച്ചുവെങ്കിലും സബ്ബ് ജില്ല മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല. ചെലവിനുള്ള പണം ഇല്ലാത്തതുകൊണ്ടാണ് ഉണ്ണിക്കു പങ്കെടുക്കാന്‍ കഴിയാതിരുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്കു ചേരാന്‍ സാമ്പത്തിക ബുദ്ധിമുട്ടു കാരണം കൂലിപ്പണിക്കിറങ്ങി ജീവിതാനുഭവ പാഠങ്ങള്‍ സ്വായത്തമാക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷം പെയിന്റ് കടയില്‍ കൂടി. അവിടെ നിന്നു കിട്ടുന്ന പണത്തില്‍ മിച്ചംവച്ച് നീലേശ്വരം സ്‌കോളര്‍ കോളേജില്‍ പ്രീഡിഗ്രിയ്ക്കു ചേര്‍ന്നു. ഉച്ച വരെ പഠനം. അതു കഴിഞ്ഞു പല പണികള്‍. പെയിന്റിങ്, കിണര്‍ പണി, റോഡ് പണി, കെട്ടിട നിര്‍മാണം തുടങ്ങിയവ.
ഇതിനിടയില്‍ കലയോടുള്ള സ്‌നേഹം കൂടിയപ്പോള്‍ മെല്ലേ നാടകങ്ങളും മൈമുകളും സ്‌കിറ്റുകളും സംവിധാനം ചെയ്തു തുടങ്ങി. അതോടെ സ്‌കൂളിലും കോളേജിലും കുട്ടികളെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടി. ഇവിടം മുതല്‍ ഉണ്ണിരാജയുടെ കലാജീവിതത്തിനു പുതിയൊരു വഴിത്തിരിവായി. സുഹൃത്തായ അഡ്വ. പ്രദീപാണ് മറിമായം പരമ്പരയിലേക്ക് എത്തിച്ചത്. ആദ്യം ചെറിയ വേഷം ചെയ്തു തുടങ്ങി. പിന്നീട്, മറിമായത്തില്‍ സ്ഥിരാംഗമായി. സിനിമാ സംവിധായകനും നാട്ടുകാരനുമായ കെ.ടി. സുധാകരനാണ് തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ഓഡിഷനു വിളിച്ചത്. അതിലെ കവി രാജേഷ് അമ്പലത്തറ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ ജീവിത മാര്‍ഗമായി.
ജനപ്രിയ ടി.വി. പോഗ്രാമായ മറിമായം എന്ന പരിപാടിയില്‍ കാസര്‍ഗോഡ് ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ലോക മലയാളികളുടെ പ്രിയപ്പെട്ട കാസര്‍ഗോഡന്‍ ഉണ്ണിയായി മാറിയ ഈ കലാകാരന്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കലാരംഗത്ത് സജീവമായിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരത്തില്‍ അവാര്‍ഡ് നേടിയ 'വേഷം', 'ആത്മാവിന്റെ ഇടനാഴി', 'ചായം' തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം ഉണ്ണി അവതരിപ്പിച്ചിട്ടുണ്ട്.
കൂടാതെ ചെറുവത്തൂര്‍ വി.വി. സ്മാരക കലാവേദി, കണ്ണങ്കൈ നാടകവേദി, കോറസ് മാണിയാട്ട് തുടങ്ങിയ സാംസ്‌കാരിക സംഘടനയുടെ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. നാടകം, മൈം, സ്‌കിറ്റ്, മോണോ ആക്ട്, തുടങ്ങിയ കലാരൂപങ്ങളുടെ സംസ്ഥാന പരിശീലകനായി കേരളത്തിനകത്തും പുറത്തും പരിപാടികള്‍ അവതരിപ്പിച്ച് കലോത്സവ വേദിയില്‍ നിരവധി തവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 19 വര്‍ഷം തുടര്‍ച്ചയായി കേരളത്തിലെ പല സ്‌കൂളകള്‍ക്കും ഒന്നും രണ്ടും എ ഗ്രേഡ് നേടികൊടുത്തിട്ടുണ്ട്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം, സൗത്ത് ഇന്ത്യന്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍, സംസ്ഥാന ആയുര്‍ ഫെസ്റ്റ്, മെഡിക്കോസ് പോളിടെക്‌നിക്ക്, കാര്‍ഷിക കോളേജ്, കുടുംബ ശ്രീ സംസ്ഥാന മത്സരം തുടങ്ങിയ വേദികളില്‍ മൈം, സ്‌കിറ്റ് പരിശീലനം നല്‍കി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ തയാറെടുക്കുകയാണ് ഉണ്ണിരാജ.