ജഗതി സമം ജഗതി
ചലച്ചിത്ര താരം ജഗതിയെക്കുറിച്ച് മുതിർന്ന പത്രപ്രവർത്തകൻ കെ.സി മധു എഴുതുന്ന ഓർമ്മക്കുറിപ്പുകൾ -രണ്ടാം ഭാഗം
(സ്കൈലൈൻ പാർക്ക് വില്ല, ഒരു പാർപ്പിട സമുച്ചയമാണ്. നഗരത്തിന്റെ തിക്കിലും തിരക്കിലും പെടാത്ത നിശ്ശബ്ദമായ ഒരു ഗ്രാമപ്രദേശമാണ് ,നിമ്നോന്നതമായ ഭൂപ്രകൃതി.അമ്പിളി ചേട്ടനും ഭാര്യ ശോഭയും ഇപ്പോൾ താമസിക്കുന്നതിവിടെയാണ് .അവർക്കൊപ്പം മകൻ രാജ്‌കുമാറും കുടുംബവുമുണ്ട് )
കുന്നിൻ മുകളിലെ മുപ്പത്തി മൂനാം നമ്പർ വില്ല.പ്രധാന നിരത്തിൽ നിന്നു കുത്തനെയുള്ള ഒരു വളവിലൂടെ വേണം ജഗതിയുടെ വില്ലയുടെ മുന്നിലെത്താൻ .കടന്നു വന്ന വീഥിയിലെ തിക്കും തിരക്കും മൂലം എനിക്ക് കൃത്യ സമയത്തെത്താൻ കഴിഞ്ഞില്ല.എങ്കിലും വിജയൻ (കഴിഞ്ഞ മുപ്പത്തിരണ്ട് വർഷമായിഡ്രൈവർ കം പി എ ആയി പ്രവർത്തിക്കുന്നു) വിമുഖത കാട്ടിയില്ല. കൃത്യമായി ചിട്ടപ്പെടുത്തിയ ദിനചര്യകളിലൂടെയാണ് അമ്പിളി ചേട്ടന്റെ ഇപ്പോഴത്തെ ഓരോ ദിനവും കടന്നു പോയിക്കൊണ്ടിരിക്കുന്നത് നിഴൽ പോലെ എപ്പോഴും വിജയൻ അടുത്തുണ്ടാകും.ഹരി എന്നൊരാൾ കൂട്ടിനുണ്ട് സഹായിയായി.ചാർട്ട് പ്രകാരം ഉച്ചക്ക്12 മണി മുതൽ ബെഡ് റെസ്റ്റാണ്. ഞങ്ങളുടെ സന്ദർശനം മൂലം അതിനാണിവിടെ ഭംഗം വന്നിരിക്കുന്നത്.
എങ്കിലും അദ്ദേഹത്തെ കാണുവാനും കുറച്ചു സമയം അദ്ദേഹത്തോടൊപ്പം അവിടെ കഴിയുവാനും വിജയൻ സന്തോഷപൂർവ്വം ഞങ്ങളെ അനുവദിച്ചു.എല്ലാറ്റിനും മൂകസാക്ഷിയെന്ന പോലെ അതിഥി മുറിയിൽ ഒരു വീൽ ചെയറിൽ അമ്പിളി ചേട്ടൻ ഞങ്ങളെ ശ്രദ്ധിക്കുകയായിരുന്നു.ആ മുഖത്തു കൃത്യമായും രണ്ടു ഭാവങ്ങളെ ഇപ്പോൾ പ്രകടമാകുന്നുള്ളു. എന്ന് തോന്നി .പച്ചാളം ഭാസി യായി വേഷം കെട്ടുമ്പോൾ നവരസങ്ങൾക്കപ്പുറം പിന്നൊരു രസം കൂടി സംഭാവന ചെയ്ത അതുല്യ നടൻ.ഭാവപ്രകടനങ്ങളുടെ ആറാം തമ്പുരാൻ.
ഇപ്പോൾ ആ മുഖത്തു രണ്ടേ രണ്ടു ഭാവങ്ങൾ മാത്രം. സ്ഥായിയായ ദുഃഖ ഭാവം.
സാക്ഷിയാകുന്നുനിസ്സംഗമായ മിഴിയിണകൾ. പിന്നെ പ്രേരണയിലെന്ന പോലെ മുഖത്തു പ്രകടമാകുന്നപരിചിതഭാവം. പ്രയാസപ്പെട്ടു വരുത്തിയ ഒരു ചെറു പുഞ്ചിരിയോടെ....
തീർന്നു. അതിനപ്പുറം ഒന്നുമില്ല. നിത്യ നിതാന്തശൂന്യത ...
കുംഭമാസത്തിലെ കത്തിയെരിയുന്ന ആകാശത്തിനു കീഴെ , നഗരബഹളങ്ങളിലൂടെയുള്ള മടക്ക യാത്രയിൽ ,കാറിനുള്ളിൽ 12 വോൾട്ട് എ സി യുടെ തണുപ്പിൽപരന്നു നിറയുന്ന സ്റ്റീരിയോ ശബ്ധം ശ്രദ്ധിക്കുകയായിരുന്നു. അമ്പിളി ചേട്ടന്റെ പഴയൊരു ഇഷ്ടഗാനം.
വാർമഴ വില്ലെ, ഏഴഴകെല്ലാം
നീലാംബരത്തിൽ മാഞ്ഞുവെല്ലോ
നിരാലംബയായ് നീ മാറിയില്ലേ
ചൈതന്യമായ് നിന്ന സൂര്യനോ
ദൂരെ...ദൂരെ...ദൂരെ..