വാഗമണിലെ 'ഡ്രാക്കുള' കോട്ട
വാഗമണില്‍ ഡ്രാക്കുള കോട്ടയോ? കേള്‍ക്കുന്നവര്‍ തെല്ലൊന്ന് അമ്പരക്കും. കേരളവും ഡ്രാക്കുളയുമായി എന്തു ബന്ധം? ബ്രാം സ്‌റ്റോക്കറെ അനുകരിച്ച് ചില കോട്ടയം എഴുത്തുകാര്‍, ഡ്രാക്കുള കഥകള്‍ തങ്ങളുടെ കല്‍പ്പനകള്‍ക്കനുസരിച്ച് ജനപ്രിയ വാരികകള്‍ക്കായി എഴുതിപ്പിടിപ്പിച്ച തുടരന്‍ നോവലുകളിലൊന്നും വാഗമണിലെ ഡ്രാക്കുള കോട്ടയെ കാണാനാകില്ല. വാഗമണിലെ ഈ ഡ്രാക്കുള കോട്ടയുടെ കഥകര്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, അതൊരു ഡ്രാക്കുള കോട്ടയൊന്നുമല്ല. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ദേവാലയത്തെക്കുറിച്ചു നാട്ടില്‍ പല കഥകളുമുണ്ട്. അതിലൊന്നാണ് ഡ്രാക്കള കോട്ട പരിവേഷവും.
ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ സിനിമയാണ് ആ ദേവാലയത്തെ പ്രശസ്തിയിലെത്തിച്ചത്. ചില സിനിമകള്‍ റിലീസ് ചെയ്തുകഴിയുമ്പോഴേക്കും ലൊക്കേഷന്‍ വിസ്മൃതിയിലേക്കു മറയുകയാണു പതിവ്. എന്നാല്‍, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ ഹിറ്റ് ആയതോടെ പള്ളിയും ഹിറ്റ് ആയി. ലൂസിഫര്‍ പുറത്തിറങ്ങിയിട്ട് മൂന്നര വര്‍ഷം പിന്നിടുമ്പോഴും ലൊക്കേഷന്‍ കാണാന്‍ ഇന്നും ജനങ്ങളെത്തുന്നു. അവധി ദിവസങ്ങളില്‍ ധാരാളം സഞ്ചാരികളാണ് അവിടെയെത്തുന്നത്.
ചീന്തലാര്‍ എസ്‌റ്റേറ്റിലെ സെന്റ് ആന്‍ഡ്രൂസ് സിഎസ്‌ഐ ദേവാലയമാണ് സിനിമയില്‍ കാണിക്കുന്നത്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയോടൊപ്പം ലൂസിഫര്‍ പള്ളി എന്ന പുതിയ വിളിപ്പേരോടെ സിഎസ്‌ഐ ദേവാലയവും ജനങ്ങള്‍ക്കിടയില്‍ തരംഗമായി. തേയിലത്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളി ഇപ്പോള്‍ ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.
വാഗമണ്‍-ചീന്തലാര്‍-ഉപ്പുതറ വഴിയില്‍ ലോണ്‍ട്രീ എസ്‌റ്റേറ്റിനു സമീപമാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. ദേവാലയത്തിന്റെ ചരിത്രമിതാണ്. 1952-ല്‍ ജെ.എം. വില്‍ക്കി എന്ന ബ്രിട്ടീഷുകാരനാണ് ദേവാലയം നിര്‍മിച്ചത്. അതിന്റെ നിര്‍മാണ ശൈലിയിലുമുണ്ട് വ്യത്യസ്തത. നിര്‍മാണത്തിന് ഗോത്തിക് രീതിയാണ് വില്‍ക്കി അവംലബിച്ചത്. മലനിരകളില്‍ ഗോത്തിക് ശൈലിയിലുള്ള നിര്‍മിതി ആരെയും ആകര്‍ഷിക്കുമെന്ന് അദ്ദേഹം മനസില്‍ കരുതിയിട്ടുണ്ടാകും. നേരത്തെ, സിഎസ്‌ഐ, ഓര്‍ത്തഡോക്‌സ്, യാക്കോബായ എന്നീ വിഭാഗങ്ങള്‍ അവിടെ ആരാധന നടത്തിയിരുന്നു. ഇപ്പോള്‍ സിഎസ്‌ഐ വിഭാഗത്തിന്റെ അധീനതയിലാണ് പള്ളി. 2016-ഓടെ ദേവാലയത്തില്‍ വീണ്ടും ആരാധന ആരംഭിച്ചു.
ജീര്‍ണാവസ്ഥയിലായിരുന്നു ദേവാലയം. ദേവാലയത്തോടു ചേര്‍ന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള സെമിത്തേരിയുമുണ്ട്. ഏറെക്കാലം ആരാധനയൊന്നമില്ലാതെ പൊട്ടിപ്പൊളിഞ്ഞ് ജീര്‍ണാവസ്ഥയില്‍ കിടന്നിരുന്ന പള്ളിയെ നാട്ടുകാര്‍ ഡ്രാക്കുള പള്ളിയെന്നാണ് വിളിച്ചിരുന്നത്. തേയിലത്തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന പള്ളിയും സെമിത്തേരിയും നാട്ടുകാര്‍ക്കിടയില്‍ ഭീതിപരത്തിയിരുന്നു. മേമ്പൊടിക്കായി ചില പ്രേത കഥകളും നാട്ടുകാരില്‍ ചിലര്‍ പ്രചരിപ്പിച്ചു. കഥകള്‍ക്കു പഞ്ഞമില്ലാത്ത നാട്ടില്‍ ദേവാലയം ഭീതിയുടെ കോട്ടയായി മാറി.
മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയും മഞ്ജു വാര്യരുടെ പ്രിയദര്‍ശിനിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത് അവിടെയാണ്. പള്ളിയിലെ പുരോഹിതനായി ജനപ്രിയ സംവിധായകരിലൊരാളായ ഫാസിലാണ് വേഷമിട്ടത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് പ്രൊഡക്ഷന്‍സ് ലക്ഷങ്ങള്‍ മുടക്കി ദേവാലയം നവീകരിച്ചു നാട്ടുകാര്‍ക്കു സമര്‍പ്പിച്ചു.
കോട്ടയം-കട്ടപ്പന വഴിയില്‍ ഏലപ്പാറ-ചീന്തലാര്‍ വഴി ഇവിടെയെത്താം. വാഗമണിലൂടെയും ഇവിടെയെത്താം.