മോണ്‍സ്റ്റര്‍' വെള്ളിത്തിരയില്‍ അവതരിക്കാന്‍ മണിക്കൂറുകള്‍ മാത്രം
തിയേറ്ററുകള്‍ ആഘോഷമാക്കാന്‍ അവര്‍ വരുന്നു. ആ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും, മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണ. മലയാളത്തിലെ ആദ്യ നൂറു കോടി ക്ലബ് ചിത്രമായ പുലിമുരുകനു ശേഷം മോഹന്‍ലാലും വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രം തിയേറ്ററുകളില്‍ ഉത്സവമാകും. ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറുമെല്ലാം പുറത്തിറങ്ങിയ ദിവസം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സിനിമയെന്നും തിരക്കഥയാണ് സിനിമയുടെ നായകനും വില്ലനുമെന്നും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വെളിപ്പെടുത്തിയതോടെ ആരാധകരുടെ ആവേശവും ഇരട്ടിയായി. ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന സിനിമയാണ് മോണ്‍സ്റ്റര്‍.
പുലിമുരുകന്‍ എന്ന 100 കോടി ക്ലബ് സിനിമ പുറത്തിറങ്ങിയിട്ട് ആറു വര്‍ഷം പിന്നിടുന്നു. അതിനു ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്കു പ്രതീക്ഷിക്കാനേറെ. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നിന്ന് ഇതൊരു പക്കാ മാസ് ചിത്രമാണെന്നു മനസിലാക്കാം. പോക്കിരിരാജ (2010) എന്ന സിനിമയിലൂടെയാണ് വൈശാഖ് സംവിധാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് സീനിയേഴ്‌സ്, മല്ലു സിംഗ്, സൗണ്ട് തോമ, പുലിമുരുകന്‍, മധുരരാജ തുടങ്ങിയ മാസ് ചിത്രങ്ങള്‍ ഒരുക്കി ബോക്‌സ്ഓഫിസുകള്‍ പിടിച്ചടക്കി.
ഉദയകൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആ ഹിറ്റ് കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം ഉദയകൃഷ്ണ ഒറ്റയ്ക്കു തിരക്കഥയൊരുക്കിയ സിനിമയാണ് പുലിമുരുകന്‍. മോണ്‍സ്റ്റര്‍ നൂറു കോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.