യു.പിയിൽ സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലിനൽകി; ഡയറക്ടറും ജീവനക്കാരും അറസ്റ്റിൽ
യു.പിയിൽ സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലിനൽകി. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് സംഭവമുണ്ടായത്. ഹോസ്റ്റലിൽവെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഡി.എൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സ്കൂളിന്റെ ഡയറക്ടർ ഉൾപ്പടെ അഞ്ച് പേർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. സ്കൂളിന്റെ ഡയറക്ടർ അയാളുടെ പിതാവ്, മൂന്ന് അധ്യാപകർ എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിന്റെ ഡയറക്ടറുടെ പിതാവ് ദിനേഷ് ബാഗലിന് ദുർമന്ത്രവാദമുണ്ടെന്നും സംശയമുണ്ട്.
സ്കൂളിനടുത്തെ കുഴൽക്കിണറിലിട്ട് കുട്ടിയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ ഹോസ്റ്റലിൽ നിന്നും കുട്ടിയെ കൊണ്ടു പോകുന്നതിനിടെ കരഞ്ഞതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണത്തിനിടെ പ്രദേശത്ത് ദുർമന്ത്രവാദം നടത്തിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. സെപ്തംബർ ആറിന് മറ്റൊരു കുട്ടിയെ കൂടി ബലിനൽകാൻ ഇയാൾ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
തിങ്കളാഴ്ച രാവിലെ മകൻ കുഴഞ്ഞുവീണുവെന്ന് അറിയിച്ച് ഫോൺ വന്നുവെന്ന് കുട്ടിയുടെ പിതാവ് കൃഷൻ കുശ്‍വാഹ പറഞ്ഞു. സ്കൂളിലെത്തിയപ്പോൾ ഡയറക്ടർ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും പിന്നീട് കുട്ടിയുടെ മൃതദേഹമാണ് കാണാൻ കഴിഞ്ഞതെന്നും പിതാവ് പറഞ്ഞു.