പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി , ഇരയെ കൊലപ്പെടുത്തി ; അരുംകൊല നടന്നത് ഒഡീഷയിൽ
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കൊലപ്പെടുത്തിയതിന് വീണ്ടും അറസ്റ്റിൽ. കുനു കിസാൻ എന്ന 28കാരനാണ് പിടിയിലായത്. പ്രതി 18കാരിയായ ഇരയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തതായി കണ്ടെത്തി. സുന്ദർഗഡ് ജില്ലയിലാണ് സംഭവം.
പോക്‌സോ നിയമപ്രകാരം അറസ്റ്റിലായതിന് ശേഷം ഡിസംബർ 4 ന് ജാമ്യത്തിൽ പുറത്തിറങ്ങിയ കുനു കിസാൻ ഡിസംബർ 7നാണ് കൊലപാതകം നടത്തിയത്. മൊഴി മാറ്റിപ്പറയാൻ പ്രതി ഇരയായ പെൺകുട്ടിയെ നിരന്തരം നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് എൻഎച്ച് 143-ലെ ആളൊഴിഞ്ഞ സ്ഥലത്താണ് കൊലപാതകം നടന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താൻ ശിക്ഷിക്കപ്പെടുമെന്ന പ്രതിയുടെ ഭയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പ്രതിയും ഇരയും തമ്മിൽ നടന്ന ഫോൺ സംഭാഷണങ്ങളുമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ സഹായിച്ച പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതി കത്തി ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങൾ പ്രത്യേകം ബാഗുകളിലാക്കി വലിച്ചെറിയുകയായിരുന്നു. ബാലുഘട്ടിലെ ബ്രാഹ്മണി നദി, ഗാഡിയതോല, സമീപത്തെ ജലാശയങ്ങൾ തുടങ്ങി 20 കിലോ മീറ്റർ പരിധിയിലുള്ള നിരവധി സ്ഥലങ്ങളിൽ നിന്നാണ് പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. നേരത്തെ, ബലാത്സംഗത്തെ തുടർന്ന് ഝാർസുഗുഡയിലേക്ക് താമസം മാറിയ പെൺകുട്ടി അമ്മായിയോടൊപ്പം താമസിച്ച് ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുകയായിരുന്നു. ഡിസംബർ 7 ന് പെൺകുട്ടിയെ കാണാതായതായി വീട്ടുകാർ പരാതി നൽകിയിരുന്നു.നേരത്തെ ഇരുവരും തമ്മിലുള്ള ബന്ധത്തിനിടെ പെൺകുട്ടി ഗർഭിണിയാകുകയും കുനു കിസാൻ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പെൺകുട്ടി ഗർഭച്ഛിദ്രം നടത്തുകയും ചെയ്തിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി സുന്ദർഗഡ് ജില്ലാ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.