രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; മരിച്ചത് നീറ്റ് പരിശീലനത്തിനെത്തിയ 20കാരൻ
രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരിശീലനത്തിനെത്തിയ 20കാരൻ ആത്മഹത്യ ചെയ്തു. യു.പിയിൽ നിന്നുള്ള അശ്വതോഷ് ചൗരസ്യയാണ് മരിച്ചത്. ഈ വർഷം 15ാമത്തെ ആത്മഹത്യയാണ് കോട്ടയിൽ നടക്കുന്നത്. നഗരത്തിലെ ദാദബാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രിയാണ് ആത്മഹത്യ . വ്യാഴാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ കോളുകൾക്ക് പ്രതികരിക്കാത്തതിനെ തുടർന്നാണ് അശ്വതോഷ് താമസിക്കുന്ന വീടിലെ സഹപാഠികൾ മുറിയിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്ന് നോക്കിയപ്പോഴാണ് അശ്വതോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യു.പിയിൽ മിർസാപൂരിൽ നിന്നുള്ളയാളാണ് അശ്വതോഷ് ചൗരസ്യയെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ എൻട്രൻസ് പരിശീലനത്തിനായാണ് അശ്വതോഷ് കോട്ടയിലെത്തിയതെന്നും പൊലീസ് പറഞ്ഞു. അശ്വതോഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആത്മഹത്യയുടെ യഥാർഥ കാരണം ഇനിയും വ്യക്തമല്ലെന്നും എന്നാൽ, നാഡീസംബന്ധമായ അസുഖത്തിന് അശ്വതോഷ് ചികിത്സയിലായിരുന്നുവെന്നും ഡി.എസ്.പി യോഗേഷ് ശർമ്മ പറഞ്ഞു. അശ്വതോഷിന്റേതായി രണ്ട് കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.