കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു; സംഭവം തായ്ലൻഡിൽ
ഭാര്യയും ഭർത്താവുമാകുമ്പോൾ അഭിപ്രായവ്യത്യാസങ്ങളും വഴക്കമുണ്ടാകുക സാധാരണമാണ്. ചിലപ്പോൾ നിസാര കാര്യങ്ങൾക്കു പോലും വഴക്കടിക്കുന്ന ദമ്പതികളുണ്ട്. എന്നാൽ തായ്ലൻഡിൽ സംഭവിച്ചത് എല്ലാവരെയും ഞെട്ടിക്കുന്നതായി.
കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ അടിച്ചുകൊന്നതാണു സംഭവം. ഭാര്യ ദിവസവും കുളിക്കാത്തതിന്റെ പേരിൽ ഭർത്താവ് വഴക്കിടുക പതിവായിരുന്നു. സംഭവം നടന്ന ദിവസം ഇരുവരും ഒന്നിച്ചു മദ്യപിച്ചിരുന്നു. ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്കു പതിവാണെന്നും അയൽവാസികളും പറയുന്നു.
കുളിക്കാത്തതിന്റെ പേരിൽ വഴക്കടിച്ച ഭർത്താവ് ഭാര്യയെ മരക്കമ്പുകൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. വീടിനു പുറത്തുവച്ചായിരുന്നു ആക്രമണം. തലയ്ക്കടിച്ചശേഷം ഭാര്യയെ കുളിമുറിയിൽ കൊണ്ടുപോയി കിടത്തിയ ശേഷം വഴുതി വീണതായി അയൽക്കാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പോലീസ് ഭാര്യയെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ഇയാൾ സ്ഥലത്തുനിന്നു കടന്നുകളയുകയും ചെയ്തു.
ഒളിവിൽ പോയ ഭർത്താവിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കൊലപാതകം സമ്മതിക്കുകയും ചെയ്തു. മരണത്തിനു കാരണമായത് തലയ്ക്കേറ്റ കനത്ത ആഘാതമാണെന്നാണ് പോലീസ് റിപ്പോർട്ട്.