മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ
തിരുവനന്തപുരത്ത് മകളെ ശല്യം ചെയ്തതു വിലക്കിയ പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലാണു പാമ്പിനെ ഇട്ടത്. പ്രതി കോടന്നൂർ സ്വദേശി എസ്‌കെ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ യുവാവിനെ വീട്ടുകാർ വിലക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ കിച്ചു പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീടിനടുത്ത് ആരോ എത്തിയ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ ജനലിലൂടെ പാമ്പിനെ അകത്തേക്ക് ഇടുകയായിരുന്നു.
വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ വീടിനുള്ളിൽ ഇട്ട് പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പറിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. ഏത് പാമ്പാണ് എന്നറിയാൻ പാലോട് മൃഗാശുപത്രിയിൽ പരിശോധിക്കും.