വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ നീക്കം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി
വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സി.പി.ഐ.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാൻ തീരുമാനം. കോട്ടാലി സ്വദേശി സി.സി സജിമോനെതിരെയാണു നടപടി കൈക്കൊള്ളാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നീക്കം. കേസിൽ ഡി.എൻ.എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലാണ് പാർട്ടി ഇടപെടൽ.
സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റുമാണ് സജിമോൻ. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ കൂടിയായ പാർട്ടി പ്രവർത്തകരെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. ഇതിനുശേഷം കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനാ ഫലം തിരുത്താൻ ഇയാൾ ശ്രമിച്ചെന്നാണ് കേസുള്ളത്. സംഭവത്തിൽ ഇയാളെ പാർട്ടിയിൽ നിന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
പിന്നീട് സജിമോനെ വീണ്ടും സി.പി.ഐ.എമ്മിൽ തിരിച്ചെടുക്കുകയും ചുമതലകൾ നൽകുകയും ചെയ്തു. ഇതോടെയാണ് ഇയാൾക്കെതിരായ നടപടികൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. കൂടുതൽ അന്വേഷണം നടത്തി വേണ്ട നടപടികൾ കൈക്കൊണ്ടാൻ സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയോട് നിർദേശിക്കുകയായിരുന്നു. ഇതിനിടെ സി.പി.ഐ.എം പ്രവർത്തകയായ വീട്ടമ്മയുടെ നഗ്നചിത്രം പകർത്തിയെന്ന പരാതിയും ഉയർന്നിരുന്നു.