ഗവൺമെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കോടികൾ തട്ടി; പ്രതി പിടിയിൽ
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായും ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസറായും ആള്‍മാറാട്ടം നടത്തി കോടികള്‍ തട്ടിയ പ്രതി അറസ്റ്റിലായി. കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസറായിരുന്ന ഓംവീര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഓംവീർ സിങ്ങിനെതിരെ അഹമ്മദാബാദ് പൊലീസും സൂറത്ത് പൊലീസും രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ചില്ലറ തട്ടിപ്പൊന്നുമല്ല ഓംവീർ സിങ് നടത്തിയത്. വ്യവസായികളെ കബളിപ്പിച്ച് കോടികളാണ് ഓംവീര്‍ സിങ് തട്ടിയതെന്ന് ഇഡി കണ്ടെത്തി.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഓംവീർ സിങ്, ഒരു കൽക്കരി വ്യാപാരിയിൽ നിന്ന് 1.50 കോടി രൂപ തട്ടി. തന്‍റെ സ്വാധീനം ഉപയോഗിച്ച് ടെന്‍ഡര്‍ നേടിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മറ്റൊരു സന്ദർഭത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവായി ആൾമാറാട്ടം നടത്തി സൂറത്ത് ആസ്ഥാനമായുള്ള ഊർജ്ജ മേഖലാ കമ്പനിയിൽ നിന്ന് 2 കോടിയിലധികം രൂപയാണ് തട്ടിയത്.
കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസറായാണ് ഓംവീർ സിങ് ജോലി ചെയ്തിരുന്നത്. 2019 വരെ തുച്ഛമായ വരുമാനം മാത്രമാണുണ്ടായിരുന്നതെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. അതിനുശേഷമാണ് ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണെന്ന് ആളുകളെ പറഞ്ഞുവിശ്വസിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയത്.