ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ മൂന്ന് പേർ അറസ്റ്റിൽ
ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേരെ പത്തനംതിട്ട അടൂർ പൊലീസ് അറസ്റ്റുചെയ്തു. ഒന്നാം പ്രതി കൊല്ലം വെള്ളിമൺ സ്വദേശി വിനോദ്, നൂറനാട് സ്വദേശികളായ അയ്യപ്പദാസ്, സഹോദരൻ മുരുകദാസ് എന്നിവരാണ് പിടിയിലായത്. സമാന രീതിയിൽ 15 തട്ടിപ്പുകൾ പ്രതികൾ നടത്തിയതായും പൊലീസ് പറയുന്നു.
ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് അടൂർ സ്വദേശിനിയെ രണ്ടും മൂന്നും പ്രതികളായ മുരുകദാസും അയ്യപ്പദാസും സമീപിച്ചു. സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധമുള്ള വിനോദ് ബാഹുലേയൻ വഴിയാണ് ജോലി തരപ്പെടുത്തുന്നതെന്ന് യുവതിയോട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കുണ്ടറ മണ്ഡലത്തിലെ വിനോദിന്റെ ആര്‍.ജെ.ഡി സ്ഥാനാർഥിത്വം യുവതിയെ വിശ്വസിപ്പിക്കാൻ ഉപയോഗിച്ചു. 9 ലക്ഷം രൂപയാണ് യുവതിയിൽ നിന്ന് തട്ടിയെടുത്തത്. വ്യാജ നിയമന ഉത്തരവും യുവതിക്ക് കൈമാറി.
നിലവിൽ അടൂർ പൊലീസ് സ്റ്റേഷനിൽ തന്നെ 10 ലക്ഷം രൂപയുടെ മറ്റൊരു തട്ടിപ്പ് കേസ് കൂടി ഇവര്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ തലത്തിൽ സ്വാധീനം ഉണ്ടെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനായി ഇരയാക്കപ്പെടുന്നവരെ സെക്രട്ടറിയേറ്റിലും സർക്കാർ ഓഫീസുകളിലും കൊണ്ടുപോകും. സമാനരീതിയിൽ പതിനഞ്ചോളം തട്ടിപ്പുകൾ പ്രതികൾ നടത്തിയതാണ് പൊലീസിന്‍റെ കണ്ടെത്തൽ.