കൂട്ടമരണം; മഹാരാഷ്ട്ര ആശുപത്രിയിലെ ഡീനെതിരെ നരഹത്യാ കേസ്
മഹാരാഷ്ട്രയിൽ 48 മണിക്കൂറിനിടെ 16 നവജാതശിശുക്കൾ ഉൾപ്പെടെ 31 പേർ മരിച്ച നന്ദേഡ് സർക്കാർ മെഡിക്കൽ കോളജിലെ ഡീനെതിരെ കേസ്. കൂട്ടമരണത്തിൽ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് നന്ദേഡ് റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരണപ്പെട്ട ഒരു നവജാതശിശുവിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആക്ടിങ് ഡീൻ ഡോ. ശ്യാമറാവു വാകോഡെയ്ക്കെതിരെയാണ് കേസ്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഡീനെതിരെ ചുമത്തിയിരിക്കുന്ന കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യാ കേസ്.
ഡീനിന്റെയും ശിശുരോഗ വിദഗ്ധന്റേയും അനാസ്ഥ മൂലമാണ് നവജാത ശിശു മരിച്ചതെന്ന് പരാതിയിൽ പറയുന്നു. ആശുപത്രിക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങി കുടുംബം കാത്തുനിന്നെങ്കിലും നവജാതശിശുവിനെ ഒരു ഡോക്ടറും പരിശോധിച്ചില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. സഹായത്തിനായി ഡീനിന്റെ ഓഫീസിലെത്തിയപ്പോൾ തങ്ങളെ ആട്ടിയോടിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഡീനിനെക്കൊണ്ട് ആശുപത്രിയിലെ വൃത്തിഹീനമായ ശുചിമുറി വൃത്തിയാക്കിച്ച സംഭവത്തില്‍ എം.പിക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് വാകോഡെയ്ക്കെതിരായ നടപടി. ശിവസേന എം.പി ഹേമന്ത് പാട്ടീലിനെതിരെയായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അപകീർത്തിപ്പെടുത്തിയതിനും ഡീൻ നൽകിയ പരാതിയെ തുടർന്നായിരുന്നു എം.പിക്കെതിരായ നടപടി. ആശുപത്രിയില്‍ എത്തിയ എം.പി വൃത്തിഹീനമായ കക്കൂസ് കണ്ടതോടെ ഡീനായ ശ്യാമറാവു വാകോഡിനോട് ഇതു വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഡീനോട് വൃത്തിയാക്കാന്‍ പറയുകയും എം.പി പൈപ്പില്‍ നിന്ന് വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഡീന്‍ കക്കൂസ് ബ്രഷ് ഉപയോഗിച്ചു കഴുകുകയായിരുന്നു. ചൂലുപയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ഡീനിന്റെ ചിത്രങ്ങൾ സഹിതം വാർത്തകൾ പുറത്തുവന്നിരുന്നു.
അതേസമയം, മഹാരാഷ്ട്രയിലെ ആശുപത്രികളിലെ കൂട്ടമരണങ്ങളിൽ പ്രതിഷേധം ശക്തമാണ്. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 31 രോഗികളും ഔറംഗാബാദിലെ ഗാട്ടി ആശുപത്രിയിൽ 10 രോഗികളുമാണ് മരിച്ചത്. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചത് ഒഴിച്ചാല്‍ മറ്റൊരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മരണമല്ല സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതാണ് മരണ കാരണമെന്ന് ആരോപണമുയർന്നിരുന്നു. അതേസമയം ജീവൻരക്ഷാ മരുന്നുകൾക്ക് ലഭ്യതക്കുറവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇതിനിടെ, പന്നികളുടെ സ്വൈരവിഹാരമുൾപ്പെടെ ആശുപത്രിയിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വ്യാപക പരാതിയാണ് ആശുപത്രിയെ കുറിച്ച് രോഗികളും കൂട്ടിരിപ്പുകാരും ഉന്നയിക്കുന്നത്. ഉപയോഗശൂന്യമായ ശൗചാലയങ്ങളാണ് ആശുപത്രിയിലുള്ളതെന്നും തങ്ങൾക്ക് ആവശ്യമായ യാതൊന്നും ഇവിടെ ലഭിക്കുന്നില്ലെന്നും മരുന്നിനും മറ്റെല്ലാ ആവശ്യങ്ങൾക്കും പുറത്തുപോകേണ്ട സ്ഥിതിയാണെന്നും ഇവർ പറയുന്നു.