ലഹരി കടത്ത് കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത് ; രണ്ട് പേർ അറസ്റ്റിൽ
എംഡിഎംഎ വിൽപ്പന തൊഴിലാക്കിയ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയിൽ. മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി നിസാർ ബാബു (ബെൻസ് ബാബു -42), തിരുനാവായ പട്ടർനടക്കാവ് സ്വദേശി ഒരുവിൽ മുഹമ്മദ് (33) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് നിസാർ ബാബുവെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവിൽ നിന്നാണ് കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. നേരത്തെ ഒരു ലക്ഷം രൂപയുടെ എം ഡി എം എയുമായി കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി മുഹമ്മദ് ആഷിഖിനെ (27) കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രി പരിസരത്തു നിന്ന് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിസാർ ബാബുവും മുഹമ്മദും വലയിലായത്.സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നിസാർ ബാബു കഴിഞ്ഞ വർഷം 300 ഗ്രാം എം ഡി എം എ, 30 കിലോ കഞ്ചാവ് എന്നിവയുമായി ബംഗളൂരുവിൽ പിടിയിലായി മൂന്ന് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വൈത്തിരി, ചേവായൂർ, മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, തിരുവമ്പാടി സ്റ്റേഷനുകളിലായി കവർച്ച, പോക്‌സോ കേസുകളിലും ഇയാൾ പ്രതിയാണ്. 100 ഗ്രാം എം ഡി എം എയുമായി മുഹമ്മദും ബംഗളൂരു പൊലീസിന്റെ പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്.തുടർന്നാണ് ഇരുവരും കേരളത്തിലേക്കുള്ള ലഹരിക്കടത്തിൽ സജീവമായതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലുൾപ്പെട്ട മറ്റുള്ളവർ നിരീക്ഷണത്തിലാണ്. കൊണ്ടോട്ടി ഡിവൈഎസ്പി പി ഷിബു. ഇൻസ്‌പെക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.