Begin typing your search...

ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമണോ എന്ന് അറിയാം

ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമണോ എന്ന് അറിയാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രപഞ്ചത്തിലെ ജീവികളില്‍ ഏറെ സവിശേഷതയുണ്ടു മനുഷ്യന്. തലച്ചോറുള്ളവരാണ് എന്നു മാത്രമല്ല അതുപയോഗിക്കാന്‍ കഴിവുള്ളവര്‍ കൂടിയാണു മനുഷ്യര്‍. ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് അന്ധമായി വിശ്വസിച്ചെന്നിരിക്കും. നമ്മുടെ വിശ്വാസം ശരിയാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കഴിഞ്ഞേക്കും. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍ സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇതു തന്നെ നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതു സത്യമാണോ? ചിന്തിക്കുക.

ഇതുപോലെ സ്വന്തം പണം കൈകാര്യം ചെയ്യുന്ന കാര്യത്തിലും മറ്റുള്ളവര്‍ പറയുന്നുതു വിശ്വസിക്കാനാണ് അഥവാ നമുക്കു വേണ്ടതു മറ്റുള്ളവരില്‍ നിന്നു പറഞ്ഞു കേള്‍ക്കാനാണു നമുക്കു താല്‍പര്യം. കാലങ്ങളായി നമ്മള്‍ പറഞ്ഞു കേട്ടിട്ടുണ്ട്, ബാങ്കുകളില്‍ നമ്മുടെ പണം സുരക്ഷിതമാണെന്ന്. ഇപ്പോള്‍ അതു ശരിയാണു താനും. ബാങ്കുകളിലുള്ള നമ്മുടെ പണം നാണയപ്പെരുപ്പത്തില്‍ നിന്നും നികുതിയില്‍ നിന്നും സുരക്ഷിതമാണോ എന്നാണ് എന്റെ ചോദ്യം. പലിശ നിരക്കിന്റെ ഈ ദക്ഷിണായന കാലത്ത് ബാങ്കുകളിലുള്ള പണം നാണ്യപ്പെരുപ്പത്തിലോ നികുതി വര്‍ധനയിലോ നിന്നു സുരക്ഷിതമല്ല എന്നു ഞാന്‍ പറയും.

മാന്യമായി ജീവിക്കാനും സമാധാനത്തോടെ റിട്ടയര്‍മെന്റ് ജീവിതം ചെലവിടാനുമായി കഠിനമായി അധ്വാനിക്കുന്ന ഒരു മധ്യവര്‍ഗ ഇന്ത്യക്കാരന്‍ എന്താണു ചെയ്യേണ്ടത്? ഉത്തരം ഇതാണ്- മെച്ചപ്പെട്ട ആദായം ലഭിക്കുന്ന മറ്റു മേഖലകളില്‍ അയാള്‍ നിക്ഷേപമിറക്കണം. നാണ്യപ്പെരുപ്പത്തെയും നികുതിയെയും മറികടക്കും വിധമുള്ള ആദായം ലഭിക്കുന്നതും എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്നതുമായുള്ള നിക്ഷേപ സാധ്യതകളുള്ള ഏതു മേഖലയാണുള്ളത്?

അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യ. പ്രമുഖ സാമ്പത്തിക വിദഗ്ധരുടെയും വ്യവസായികളുടെയും അഭിപ്രായത്തില്‍ മുന്നോട്ടുള്ള വന്‍കുതിപ്പിന്റെ വക്കത്താണു നാം. നിക്ഷേപ നിരക്കിലെ കുറവു സൂചിപ്പിക്കുന്നതു നാം വികസിത സമ്പദ്ഘടനയിലേക്കു നീങ്ങുകയാണെന്നു തന്നെയാണ്. 5-10 വര്‍ഷത്തിനകം ജപ്പാനിലെപ്പോലെ പലിശ നിരക്ക് പൂജ്യത്തില്‍ താഴെ പോകുന്ന അവസ്ഥയാണു വരാനിരിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കൂടുതല്‍ പണം ബാങ്കില്‍ സൂക്ഷിക്കുന്നതു നന്നായിരിക്കില്ല. സമ്പാദ്യത്തിന്റെ ഒരു പങ്ക് ഏതായാലും ബാങ്കിലിടേണ്ടി വരുമെങ്കിലും സിംഹഭാഗവും ദീര്‍ഘമായ കാലയളവില്‍ നിങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും സാക്ഷാത്കരിക്കുന്നതിനാണു നിക്ഷേപിക്കേണ്ടത്.

മധ്യവര്‍ഗക്കാരില്‍ അധികം പേര്‍ക്കും ഓഹരികളുടെ ശരിയായ തെരഞ്ഞെടുപ്പും നിരീക്ഷണവും തരം തിരിവും മറ്റും സാധ്യമായെന്നു വരില്ല. ഇങ്ങനെയുള്ള ഘട്ടത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു വ്യക്തികളെ സഹായിക്കാന്‍ കഴിയുക മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ്. മ്യൂച്വല്‍ഫണ്ട് പദ്ധതികള്‍ കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തമുള്ള, ഈ രംഗത്തു പരിശീലനം സിദ്ധിച്ച ഫണ്ട് മാനേജര്‍മാരാണ്. വിപണിയില്‍ കൃത്യ സമയത്തു ശരിയായ തെരഞ്ഞെടുപ്പു നടത്താന്‍ അവര്‍ക്കു കഴിയും.

ഒരു പഠനമനുസരിച്ച് രാജ്യത്തെ മു്യൂച്വല്‍ ഫണ്ടുകളില്‍ ഏറ്റവും മികച്ചത് പത്തു വര്‍ഷത്തിനുള്ളില്‍ 35 ശതമാനം സി.എ.ജി.ആര്‍ (കോംപൗണ്ടഡ് ആന്വല്‍ ഗ്രോത് റേറ്റ്)നല്‍കിയിട്ടുണ്ട്. ഏറ്റവും മോശമായവ 7.5 ശതമാനവും. ഇതിനര്‍ത്ഥം നിങ്ങള്‍ നിക്ഷേപിച്ചത് ഏറ്റവും മോശമായ മ്യൂച്വല്‍ ഫണ്ടിലാണെങ്കില്‍ പോലും ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ നിന്നുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ആദായം ലഭിക്കും എന്നതാണ്.

മ്യൂച്വല്‍ ഫണ്ടുകള്‍ എന്നാല്‍ വെറും ഇക്വിറ്റി നിക്ഷേപം മാത്രമല്ല. ഡെബ്റ്റ് ഓറിയന്റഡ് ഫണ്ടുകള്‍, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍, ലിക്വിഡ് ഫണ്ടുകള്‍ എന്നിങ്ങനെ വ്യത്യസ്ത ഫണ്ടുകളുണ്ട്. ഇതു നിങ്ങളുടെ നിക്ഷേപങ്ങള്‍ക്കു വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ തുറന്നു തരും. അപകട സാധ്യത കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ ശേഷിക്കനുസൃതമായി ഫണ്ടുകളുടെ തെരഞ്ഞെടുപ്പു നടത്താന്‍ ഇതിലൂടെ സാധ്യമാകുന്നു. ഈ ഫണ്ടുകളുടെ ഒരു നല്ല മിശ്രണം അടുത്ത 10 വര്‍ഷത്തിനകം നിങ്ങളെ തീര്‍ച്ചയായും സമ്പന്നനാക്കും.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എസ്.ഐ.പി അഥവാ വ്യവസ്ഥിത നിക്ഷേപ പദ്ധതിയാണ്. എസ്.ഐ.പി നിങ്ങളെ അച്ചടക്കമുള്ളവനാക്കും. 500 രൂപയില്‍ പോലും നിക്ഷേപം തുടങ്ങാന്‍ കഴിയും. എസ്.ഐ.പിയില്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ നിങ്ങള്‍ മനസിലാക്കുകയും പിന്തുടരുകയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

1. ഒരു ഫണ്ട് വാങ്ങാന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിര്‍ദേശം ലഭിച്ചാല്‍ ഈ ഫണ്ടിനെക്കുറിച്ചു സ്വയം ബോധ്യപ്പെടുകയും അതിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനായ ശേഷം മാത്രം വാങ്ങാന്‍ ആരംഭിക്കുകയും ചെയ്യുക.

2. മനസില്‍ ഒരു ലക്ഷ്യം മുന്‍ നിര്‍ത്തി നിക്ഷേപിക്കുക.

3. നിങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ ഉതകും വിധമുള്ള തുകയാണു നിക്ഷേപിക്കേണ്ടത്. ഇതിനായി എസ്.ഐ.പി കാല്‍കുലേറ്ററിന്റെ സഹായം തേടാം.

4. അച്ചടക്കം ഉടനീളം കാത്തു സൂക്ഷിക്കുക.

5. വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കായി വ്യത്യസ്ത എസ്.ഐ.പികള്‍ തെരഞ്ഞെടുക്കുക.

6. ഫണ്ടുകളുടെ പ്രവര്‍ത്തനം വാര്‍ഷികാടിസ്ഥാനത്തില്‍ പഠിക്കുക. തുല്യമായ മറ്റു ഫണ്ടുകളുമായി താരതമ്യം ചെയ്യുകയും വിപണിയിലെ നിലവാരം പരിശോധിക്കുകയും വേണം. പ്രവര്‍ത്തന നിലവാരം തീരെ താഴെയാണെങ്കില്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ അനുമതിയോടെ മാത്രം ഫണ്ട് മാറുക.

7. നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഒരു വര്‍ഷം മുമ്പായി നിക്ഷേപം നിര്‍ത്തുകയും ലിക്വിഡ് അഥവാ ഡെബ്റ്റ് ഫണ്ടിലേക്ക് അതു മാറ്റുകയും ചെയ്യുക.

ഇതവസാനിപ്പിക്കുന്നതിനു മുമ്പായി തുടങ്ങിയേടത്തേക്ക് ഒരിക്കല്‍ കൂടി വരട്ടെ. മനുഷ്യന്‍ സവിശേഷ ജീവിയാണ്. അവന്റെ ആവശ്യങ്ങളും വ്യത്യസ്തങ്ങളാണ്. നിങ്ങളുടെ ലക്ഷ്യം മുന്‍ നിര്‍ത്തി മാത്രം നിക്ഷേപിക്കുക, അല്ലാതെ സുഹൃത്തോ, അയല്‍ക്കാരനോ ഓഹരി വിപണിയില്‍ പണം നേടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തതു കൊണ്ടായിരിക്കരുത്. നിക്ഷേപിക്കുമ്പോള്‍ ദയവായി സുഹൃത്തിനെയോ അയല്‍ക്കാരനെയോ അല്ല ചെവിക്കൊള്ളേണ്ടത്, സാമ്പത്തിക ഉപദേഷ്ടാവിനെയാണ്.

WEB DESK
Next Story
Share it