ആഗോളവിപണിയിൽ എണ്ണവില ഇടിഞ്ഞു; ഉൽപാദനനയം തിരുത്തില്ലെന്ന് ഒപെക്
തുടർച്ചയായ ഏഴ് ആഴ്ചകളിലെ വർധനക്കു ശേഷം ആഗോളവിപണിയിൽ എണ്ണ വിലയിൽ ഇടിവ്. ഡോളർ ശക്തിയാർജിച്ചതും ചൈനയുടെ ഉൽപാദന മേഖലയിലെ മാന്ദ്യവുമാണ് എണ്ണക്ക് തിരിച്ചടിയായത്. അതേസമയം ഉൽപാദനം കുറച്ച് വില നിജപ്പെടുത്തുകയെന്ന നയവുമായി മുന്നോട്ട് പോകുമെന്ന് ഒപെക് നേതൃത്വം അറിയിച്ചു. എണ്ണവിലയിൽ രണ്ടു ശതമാനത്തോളം ഇടിവാണ് രൂപപ്പെട്ടത്. ആഗോള വിപണിയിൽ ബാരലിന് 86 ഡോളറിന് ചുവടെയാണ് പുതിയ നിരക്ക്. പിന്നിട്ട ഒന്നര മാസത്തോളമായി എണ്ണവിലയിൽ വർധന പ്രകടമായിരുന്നു. പുതിയ ഇടിവ് താൽക്കാലികം മാത്രമാണെന്നാണ് ഒപെക് വിലയിരുത്തൽ.
ഉൽപാദന നയം പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ഒപെക് നേതൃത്വം പ്രതികരിച്ചു. മറ്റു കറൻസികളെ അപേക്ഷിച്ച് ഡോളർ ബലപ്പെടുകയാണ്. ഇന്ത്യൻ രൂപ ഉൾപ്പെടെ എല്ലാ കറൻസികളുടെയും മൂല്യം കുറയുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ ചൈനീസ് സമ്പദ് ഘടനയുടെ ദൗർബല്യവും എണ്ണക്ക് തിരിച്ചടിയാണ്.
ചൈനയുടെ നേരിട്ടുളള വിദേശനിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നാളെ പ്രഖ്യാപിക്കാനിരിക്കെ, എണ്ണവില തകർച്ചക്ക്ആക്കം കൂട്ടുമെന്ന ആശങ്കയുണ്ട്. പ്രതിദിന ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുത്തി വിപണിയിൽ വില സന്തുലിതത്വം ഉറപ്പാക്കുകയെന്ന തന്ത്രമാണ് എണ്ണ ഉൽപാദക രാജ്യങ്ങൾ സ്വീകരിച്ചു വരുന്നത്. നിലവിലെ സാഹചര്യത്തിൽ ഉൽപാദന നയം പുനരവലോകനം ചെയ്യേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ്പ്രധാന ഉൽപാദക രാജ്യമായ സൗദി അറേബ്യ.