ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് ; ഫോബ്സ് പട്ടികയിൽ നിന്ന് പുറത്തായി
17000 കോടി രൂപയുടെ ആസ്തിയിൽ നിന്ന് പൂജ്യത്തിലേക്ക് ബൈജൂസ്. പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയിൽ നിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി. 2022ൽ 22 ബില്യൺ ആയിരുന്നു ബൈജൂസ് കമ്പനിയുടെ ആസ്തി. കഴിഞ്ഞ വർഷം ഇത് 2.1 ബില്യൺ ഡോളർ (17,545കോടി) ആയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് എത്തിയത്.
ഇന്ത്യയിലെ എജ്യുടെക് സ്റ്റാർട്ട്അപ്പ് സംരംഭകരിൽ ഏറ്റവും വലിയ തകർച്ച നേരിട്ടയാളാണ് ബൈജു രവീന്ദ്രൻ. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിൽ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയിൽ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു . ശമ്പളം കൊടുക്കാനില്ലാതെ ഈ ആഴ്ച മാത്രം 500 പേരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്. ആകെ മൂവായിരത്തോളം പേർക്ക് ഇതുവരെ ബൈജൂസിൽ നിന്ന് ജോലി നഷ്ടപ്പെട്ടു.
ബൈജു രവീന്ദ്രൻ ഉൾപ്പെടെ നാല് പേരാണ് ഫോബ്‌സ് സമ്പന്നരുടെ പട്ടികയിൽ നിന്ന് ഇത്തവണ പുറത്തായത്. ചരിത്രത്തിൽ ആദ്യമായി 200 ഇന്ത്യക്കാരെ ഉൾപ്പെടുത്തിയാണ് ഫോബ്‌സ് സമ്പന്നരുടെ പട്ടിക പുറത്തുവിട്ട്. ഇതിലാണ് കുറച്ച്കാലം മുൻപ് വരെ ലോകത്തെ അതിസമ്പന്നരുടെ പേരുകൾക്കൊപ്പമുണ്ടായിരുന്ന ബൈജൂസ് പുറത്തായത്.