അറബ് പാർലമെൻ്റിൻ്റെ പരമോന്നത ബഹുമതി ഹമദ് രാജാവിന്
അറബ് പാർലമെന്റിൻ്റെ പരമോന്നത ബഹുമതി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ലഭിച്ചത് അഭിമാനാർഹമാണെന്ന് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം. അറബ് താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യോജിച്ച പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ഹമദ് രാജാവിന്റെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ലീഡർ മെഡൽ ലഭിച്ചത്. അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ യമാഹി സഖീർ കൊട്ടാരത്തിലെത്തിയാണ് അവാർഡ് കൈമാറിയത്.
അറബ് സഹകരണത്തിന് പിന്തുണ നൽകുന്നതിൽ നിലവിലെ അറബ് ഉച്ചകോടിയുടെ പ്രസിഡൻറ് കൂടിയായ ഹമദ് രാജാവ് പുലർത്തുന്ന ശ്രദ്ധയെയും സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം അഭിനന്ദിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രാദേശികവും ആഗോളവുമായ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനും ഹമദ് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. അറബ് ഐക്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും അറബ് അവകാശങ്ങൾ നേടിയെടുക്കുന്നതിനും ഹമദ് രാജാവിന്റെ സംഭാവനകൾ അതുല്യമാണ്. അറബ് സഹകരണം, പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള ആഗോള അഭിലാഷങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിൽ അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ യമാഹി വഹിക്കുന്ന പങ്കിനെയും സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം പ്രശംസിച്ചു.