ചരിത്രപരവും സാംസ്കാരികപരവുമായി പൈതൃകം നിലനിർത്തി മനാമ സൂഖ് നവീകരിക്കും ; സമഗ്ര പദ്ധതിക്ക് മന്ത്രിസഭാ നിർദേശം
മനാമ സൂഖ് ആധുനികരൂപത്തിൽ പുനരുദ്ധരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മന്ത്രിസഭ യോഗത്തിൽ നിർദേശം നൽകി. ബഹ്റൈന്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്തി അടിസ്ഥാനാവശ്യങ്ങൾ പരിഗണിച്ചായിരിക്കും നവീകരണം നടക്കുക.
ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ഭരണാധികാരികൾക്കും ബഹ്റൈൻ ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും കാബിനറ്റ് ആശംസ നേർന്നു. രാജ്യത്തിനും ജനങ്ങൾക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും നന്മയുടെയും സമാധാനത്തിന്റെയും ദിനങ്ങൾ പുതുവർഷത്തിൽ സമ്മാനിക്കട്ടെയെന്നും ആശംസയിൽ വ്യക്തമാക്കി.
ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആവശ്യപ്പെട്ടതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. ലബനാനിൽ സമാധാനം നിലനിർത്താനും അതുവഴി മേഖലയിൽ ശാന്തിയും സമാധാനവും പുലരാനുമുള്ള അവസരമുണ്ടാകുമെന്ന് വിലയിരുത്തി. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിന്റെ ഫലമായി ബഹ്റൈൻ കൈവരിച്ച നേട്ടത്തെ കാബിനറ്റ് സ്വാഗതം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് സുരക്ഷിത തൊഴിലിടങ്ങൾ ഒരുക്കുന്നതിലും ബഹ്റൈൻ മുൻനിര സ്ഥാനത്താണുളളത്.