ഹമദ് രാജാവിൻ്റെ സന്ദേശം ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് കൈമാറി
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സന്ദേശം ഫ്രാൻസിസ് മാർപാപ്പക്ക് കൈമാറി. റോയൽ കോർട്ടിലെ പബ്ലിക് അഫയേഴ്സ് മന്ത്രി ഡോ. മാജിദ് ബിൻ അലി അൽ നുഐമി വത്തിക്കാനിലെത്തിയാണ് രേഖാമൂലമുള്ള സന്ദേശം ഫ്രാൻസിസ് മാർപാപ്പക്ക് കൈമാറിയത്.
ബഹ്റൈനും വത്തിക്കാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന കാര്യം സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. കിങ് ഹമദ് ഡിജിറ്റൽ ലൈബ്രറിയും വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറിയും തമ്മിലുള്ള സഹകരണം ശക്തമാകുന്നത് സംബന്ധിച്ചും ഹമദ് രാജാവ് സന്ദേശത്തിൽ സൂചിപ്പിച്ചു.
15ആം നൂറ്റാണ്ടിൽ സ്ഥാപിതമായ വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറിയിൽ വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതം, സാഹിത്യം എന്നിവയെക്കുറിച്ചുള്ള അറബി കൃതികൾ ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും സൂക്ഷിച്ചിട്ടുണ്ട്.