പൈതൃക സ്മരണകൾ ഉണർത്തുന്ന ഹയ്യാ ബയ്യാ
ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈന്റെ പരമ്പരാഗത ആഘോഷങ്ങളിലൊന്നായ ഹയ്യാ ബയ്യാ ദിയാർ അൽ മുഹറഖിലെ മറാസി ഗലേറിയയിൽ നടന്നു. ഇന്നലെ വൈകുന്നേരം നാലു മുതൽ 6.30 വരെയായിരുന്നു പരിപാടി.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക)യുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്റൈനിന്റെ സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്ന പരിപാടികളായ അൽ ഹിദ്ദ് ബാൻഡ് അവതരിപ്പിക്കുന്ന നാടോടി കലാപരിപാടികൾ, കഥപറച്ചിൽ ശിൽപശാല, എന്നിവയും ‘ഹയ്യാ ബയ്യാ യോടനുബന്ധിച്ചു നടന്നു.
കുടുംബങ്ങൾക്കിടയിലും അയൽവാസികൾക്കിടയിലും ബന്ധങ്ങളുടെ ഇഴയടുപ്പം വർധിപ്പിക്കുന്നുവെന്നത് ഈ ആഘോഷത്തിന്റെ ഒരു പ്രത്യേകതയാണ്. ഇത്തരം പൈതൃകങ്ങളെ നിലനിർത്തുകയെന്ന ഉദ്ദേശ്യത്തിൽ ഗവർണറേറ്റുളുടേയും മുനിസിപ്പാലിറ്റികളുടേയും നേതൃത്വത്തിൽ വിപുലമായ രീതിയില്‍ ഹയ്യാ ബയ്യാ ആഘോഷിക്കുന്നുണ്ട്. ബഹ്റൈനിനു പുറമെ ഇതര ഗൾഫ് രാജ്യങ്ങളിലും ഏറക്കുറെ സമാനമായ രീതിയിൽ ഇത്തരം ആഘോഷമുണ്ട്.
ഹജ്ജ് മാസമായ ദുല്‍ഹജ്ജ് ഒന്നിന് തന്നെ തങ്ങളുടെ വീട്ടുപരിസരങ്ങളില്‍ കുട്ടികള്‍ പ്രത്യേകം തയാറാക്കിയ ചെടിച്ചട്ടികളില്‍ ചെറിയ ചെടികള്‍ നട്ടുപിടിപ്പിക്കും. ഓരോ ദിവസവും ഇതിനു വെള്ളവും വളവും നല്കി പരിചരിക്കുകയും താലോലിക്കുകയും ചെയ്യും.
പെരുന്നാൾ ദിനം വൈകുന്നേരം ഈ ചെടികളുമായി കുട്ടികള്‍ വിവിധ വര്‍ണങ്ങളിലുള്ള മനോഹരമായ ബഹ്റൈൻ പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ്ഞ് കടല്‍ത്തീരത്തേക്ക് ഘോഷയാത്രയായി പുറപ്പെടും. കൂടെ മുതിര്‍ന്നവരും അവരുടെ സഹായികളായി ഉണ്ടാവും. കടല്‍ത്തീരത്തുള്ള ഉയര്‍ന്ന പ്രദേശത്ത് കയറിനിന്ന് അവിടെ നിന്നും ‘ഹയ്യാ ബയ്യാ റാഹത് ഹയ്യാ ബയ്യാത് ഹയ്യാ...’ എന്ന് തുടങ്ങുന്ന ഗാനം ഇവര്‍ സംഘമായി ആലപിക്കും.