ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖുൽ അസ്ഹറുമായി കൂടിക്കാഴ്ച നടത്തി
ഇസ്ലാമികകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ ഖലീഫ ശൈഖുൽ അസ്ഹർ ഡോ. അഹ്മദ് അത്ത്വയ്യിബുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ അദ്ദേഹം ശൈഖുൽ അസ്ഹറിന് കൈമാറി.
ഇസ്ലാമിന്റെ സന്തുലിത വീക്ഷണം പ്രചരിപ്പിക്കുന്നതിന് അൽ അസ്ഹർ നിർവഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ ശൈഖ് അബ്ദുറഹ്മാൻ പ്രത്യേകം ശ്ലാഘിക്കുകയും ദൗത്യം കൂടുതൽ ശക്തമായി തുടരാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ബഹ്റൈനും അൽ അസ്ഹറും തമ്മിൽ നിലനിൽക്കുന്ന ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണ പുതുക്കുകയും ചെയ്തു. ബഹ്റൈനിൽ നിന്നുള്ള മൂന്ന് ഖുർആൻ പാരായണ വിദഗ്ധരുടെ ഓഡിയോ വിഡിയോകൾ അദ്ദേഹം ശൈഖുൽ അസ്ഹറിന് സമ്മാനിച്ചു.