പൊതുമാപ്പ് നൽകിയ തടവുകാർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് മന്ത്രിസഭ
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൊതുമാപ്പ് ലഭിച്ച 457 തടവുകാർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് മന്ത്രിസഭ. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് 457 തടവുകാർക്ക് പൊതുമാപ്പ് നൽകിയത്. രാജ്യ വികസനത്തിന് സംഭാവന നൽകുന്നതിനും അവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും അവരെ ശാക്തീകരിക്കുന്നതിനായി അവർക്ക് തൊഴിൽ പരിശീലനം നൽകാൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയോഗം തൊഴിൽ മന്ത്രാലയത്തോട് നിർദേശിച്ചു.
തടവുകാരെ സമൂഹത്തിലേക്ക് ക്രിയാത്മകമായി പുനഃസംയോജിപ്പിക്കുന്നതിനും രാജ്യ പുരോഗതിക്കും സമൃദ്ധിക്കും കാരണമായ സമഗ്ര വികസന പ്രക്രിയയിൽ പങ്കാളികളാക്കാനുമുള്ള അവസരം നൽകുകയാണ് പൊതുമാപ്പിലൂടെ. മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ് ഈ നടപടി. മാപ്പുനൽകിയ തടവുകാരെ തൊഴിൽ വിപണിയിൽ സമന്വയിപ്പിക്കുന്നതിനും ലഭ്യമായ പരിപാടികളിൽനിന്നും അവസരങ്ങളിൽനിന്നും അവർക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു.ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന 160 കിലോമീറ്റർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ശൈഖ് നാസറിനെ മന്ത്രിസഭ അനുമോദിച്ചു. ഗൾഫ് ബാസ്കറ്റ് കിരീടം നേടിയ ബഹ്റൈൻ ടീമിനെയും അഭിനന്ദനം അറിയിച്ചു. ജനസംഖ്യാ സെൻസസ് സംബന്ധിച്ച് ആഭ്യന്തരമന്ത്രി സമർപ്പിച്ച മെമ്മോറാണ്ടവും മന്ത്രിസഭ അവലോകനം ചെയ്തു.
ബഹ്റൈൻ ജനസംഖ്യ 1,583,934
2023ന്റെ അവസാനത്തിൽ ബഹ്റൈനിലെ ജനസംഖ്യ 1,583,934 ആണെന്ന് കണക്കുകൾ. ജനസംഖ്യാ സെൻസസ് സംബന്ധിച്ച് ആഭ്യന്തര മന്ത്രി മന്ത്രിസഭയോഗത്തിൽ സമർപ്പിച്ച മെമ്മോറാണ്ടത്തിലാണ് ഈ കണക്ക്. ഈ വർഷം പകുതിയോടെ 1,588,670 ആയി ജനസംഖ്യ വർധിക്കുമെന്നും മെമ്മോറാണ്ടം വ്യക്തമാക്കുന്നു.