ഓൺലൈൻ വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവതിയെ കബളിപ്പിച്ചു ; ഏഷ്യൻ പൗരൻമാരായ മൂന്ന് പേർ അറസ്റ്റിൽ
ഓൺലൈൻ വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവതിയെ കബളിപ്പിച്ച ഏഷ്യൻ പൗരന്മാരായ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ബഹ്റൈനിലെ മുഹറഖ് ഗവർണറേറ്റ് പൊലീസ്. ഓർഡർ ചെയ്ത ഫോണിന് പകരം കേടായ ഫോൺ നൽകിയാണ് യുവതിയെ പ്രതികൾ വഞ്ചനക്കിരയാക്കിയത്. സോഷ്യൽ മീഡിയയിൽ കണ്ട പരസ്യത്തെത്തുടർന്നാണ് യുവതി മൊബൈൽ ഫോണിനായി ഓർഡർ നൽകിയത്.
മുൻകൂറായി പണംനൽകിയ യുവതിക്ക് ഫോൺ കൈയിൽ കിട്ടിയപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. കേടായ ഫോൺ നൽകിയ പ്രതികളോട് പകരം മാറ്റിനൽകാനോ അല്ലെങ്കിൽ പണം മടക്കി നൽകാനോ യുവതി ആവശ്യപ്പെട്ടു. എന്നാൽ, തങ്ങളെ ബന്ധപ്പെടാനുള്ള എല്ലാമാർഗങ്ങളും പ്രതികൾ തടയുകയായിരുന്നു. ശേഷം യുവതി സമാഹീജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് കേസ് അന്വേഷിച്ച പൊലീസ് പ്രതികളെ പിടികൂടുകയും അറസ്റ്റ്ചെയ്യുകയുമായിരുന്നു. തുടർനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
വിശ്വാസ യോഗ്യമല്ലാത്ത സോഷ്യൽ മീഡിയ പരസ്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വിശ്വാസ്യത ഉറപ്പാക്കാതെ പണം കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.