ബഹ്‌റൈൻ കേരളീയ സമാജത്തോട് നന്ദി പറഞ്ഞ് എം എ യുസഫ് അലി
ബഹ്‌റൈൻ കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് താങ്ങും തണലുമാവുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് എം എ യൂസഫലി. കേരളീയസമാജം ഓണാഘോഷ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാക്കാരടക്കമുള്ള മുഴുവൻ പ്രവാസികളെയും കോവിഡ് മഹാമാരികാലത്ത് ബഹ്‌റൈൻ ഭരണാധികാരികൾ സമാനതകളില്ലാത്ത സഹായസഹകരണങ്ങൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രമായി കേരളീയ സമാജം മാറിയെന്നും, സാമൂഹികവും, സാംസ്കാരികവുമായ പ്രൗഢി നിലനിർത്തുന്നതിൽ അഭിനന്ദിക്കുന്നതായും യുസഫ് അലി പറഞ്ഞു. ഓണത്തെയും മലയാളികളെയും അടുത്തറിയാൻ സമാജം സഹായിച്ചതായും, ഓണാഘോഷവൈവിധ്യങ്ങളും സാംസ്കാരികത്തനിമയും ഒട്ടും ചോരാതെ പുനസൃഷ്ട്ടിക്കാൻ സാധിക്കുന്നുണ്ടെന്നും ഇന്ത്യൻ അംബാസിഡർ പീയുഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ സാമൂഹിക ക്ഷേമ മന്ത്രിഉസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അഫ്‌സുർ മുഖാതിഥിയായിരുന്നു. ഓണാഘോഷത്തോട് അനുബന്ധിച്ചുനടന്ന ഗാനമേളയിൽ പ്രശസ്ത പിന്നണിഗായിക കെ. എസ് ചിത്ര, രൂപ രേവതി, നിഷാദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.