ആഗോള തലത്തിലെ ഏറ്റവും വലിയ ഭക്ഷ്യ, പാനീയ മേളകളിലൊന്നായ 'ഗൾഫുഡി'ന് ഇന്ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. മുൻ വർഷങ്ങളിലെ ഗൾഫുഡിനേക്കാൾ 30 ശതമാനം കൂടുതൽ ഫ്ളോർ സ്പേസ് ഉപയോഗിക്കുന്ന ഇത്തവണത്തെ മേള ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള ഫുഡ് ആന്റ് ബിവറേജസ് കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിലൊന്നായ ഗൾഫുഡ് ഫെബ്രുവരി 24 വെള്ളി വരെ നീണ്ടു നിൽക്കും.
ഭക്ഷ്യമേഖലയിലെ സുസ്ഥിരത മുഖ്യ വിഷയമാവും
പണപ്പെരുപ്പവും ഉപഭോക്തൃ സാധനങ്ങൾ, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിലയിലെ വർധനയും ഇത്തവണത്തെ ഗൾഫുഡ് മേളയിലെ അജണ്ടകളിൽ പ്രധാനമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 2023-ൽ COP 28ന് ആതിഥേയത്വം വഹിക്കാൻ യുഎഇ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ, ആഗോള ഭക്ഷ്യ, പാനീയ വ്യവസായ രംഗവുമായി ബന്ധപ്പെട്ട് ഭക്ഷ്യ ഉൽപ്പാദനത്തിനും ഉപഭോഗത്തിനും കൂടുതൽ സുസ്ഥിര മാതൃകയിലേക്കുള്ള മാറ്റം തുടരാനുള്ള നിർണായക അവസരമായി ഗൾഫുഡ് മേളയെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ദുബായിൽ നടക്കുന്ന മേളയുടെ 28-ാം പതിപ്പിൽ, ഭക്ഷ്യമേഖലയിലെ സുസ്ഥിരത, ഭക്ഷണച്ചെലവ്, ആഗോള വിപണിയിൽ ദുബായ് ഭക്ഷ്യ വ്യവസായത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം എന്നിവയെ കുറിച്ച് ചർച്ചകൾ നടക്കും.
ഭക്ഷ്യമേഖലയിലെ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കും
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് മുമ്പിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിന് വിവിധ കമ്പനികൾക്ക് വേദിയൊരുക്കുന്നതാണ് മേള. പണപ്പെരുപ്പവും ഭക്ഷ്യോൽപന്ന വിലക്കയറ്റവും വിവിധ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന മേളയെ വലിയ പ്രതീക്ഷയോടെയാണ് കമ്പനികൾ ഉറ്റുനോക്കുന്നത്. ഫുഡ്‌മെറ്റാവേഴ്സ് ഉൾപ്പെടെ അതിനൂതനമായ സാങ്കേതിക വിദ്യകൾ ഭക്ഷ്യമേഖലയിൽ ഉപയോഗപ്പെടുത്താനുള്ള സാധ്യത മേള ചർച്ച ചെയ്യും. വിവിധ കമ്പനികൾ തമ്മിൽ സഹകരണ കരാറുകൾ രൂപപ്പെടുത്തും.
ഭക്ഷ്യ സുരക്ഷ പ്രധാന വിഷയമാവും
അന്താരാഷ്ടട്ര തലത്തിലെ പ്രമുഖ ബ്രാൻഡുകൾ എത്തിച്ചേരുന്ന മേളയിൽ ഇത്തവണ റെക്കോർഡ് എണ്ണം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ വ്യവസായ മേഖലയിലെ സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്ന 'ഗൾഫുഡ് ഗ്രീൻ', ലോകമെമ്പാടും മരങ്ങൾ സംരക്ഷിക്കുന്നതിനും നട്ടുവളർത്തുന്നതിനുമുള്ള 'ഗൾഫുഡ് ഗ്ലോബൽ ഫോറസ്റ്റ്', മന്ത്രിമാരും സംരംഭകരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന ഇൻസ്പെയർ കോൺഫറൻസ് എന്നിവയും ഇത്തവണത്തെ ഗൾഫുഡ് മേളയുടെ ആകർഷണങ്ങളാണ്. പ്രകൃതിദത്ത കാർഷിക വിഭവങ്ങളുടെ ദൗർലഭ്യം, ആഗോള വിതരണ തടസ്സങ്ങൾക്ക് കാരണമാകുന്ന പകർച്ചവ്യാധികളുടെ വ്യാപനം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. വ്യാവസായിക തലത്തിലുള്ള വെർട്ടിക്കൽ ഫാമിംഗ് സൗകര്യങ്ങൾ, കാർഷിക-സാങ്കേതിക ശ്രമങ്ങളിലെ നിക്ഷേപം, ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഭക്ഷ്യ പാഴാക്കൽ കുറയ്ക്കുന്നതിനുമുള്ള നിയമനിർമ്മാണങ്ങളുടെയും നയങ്ങളുടെയും ആമുഖം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കരുത്ത് തെളിയിക്കാൻ യുഎഇ സ്ഥാപനങ്ങളും
എഫ് ആൻഡ് ബി മേഖലയുമായി world-largest-food-festival-begin-today-in-dubai/ബന്ധപ്പെട്ട പ്രമുഖ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും പങ്കെടുക്കുന്ന മേളയിൽ ഖലീഫ ഇക്കണോമിക് സോൺസ് അബുദാബി (കെസാഡ് ഗ്രൂപ്പ്) അതിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും ബിസിനസ്സ് സൊല്യൂഷനുകളും പ്രദർശിപ്പിക്കും. ആത്യന്തിക ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് സുസ്ഥിരമായ കാർഷിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്കാണ് യുഎഇ നീങ്ങുന്നതെന്ന് എഡി പോർട്ട് ഗ്രൂപ്പ് ഇക്കണോമിക് സിറ്റീസ് ആൻഡ് ഫ്രീ സോണുകളുടെ സിഇഒ അബ്ദുല്ല അൽ ഹമേലി പറഞ്ഞു. ദുബായിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഈ വർഷം ഗൾഫുഡിൽ പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും നിക്ഷേപ അവസരങ്ങളും നേരത്തേ പ്രഖ്യാപിച്ചിരുന്നു.