അബുദാബിയില്‍ വിവാഹത്തിന് മുന്‍പ് ജനിതകപരിശോധന നിര്‍ബന്ധം; നിയമം പ്രാബല്യത്തിലായി

Update: 2024-10-05 11:05 GMT

വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ യു.എ.ഇ. പൗരര്‍ക്കും വിവാഹപൂര്‍വ ജനിതകപരിശോധന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിലായി. ജനിതകരോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, ഭാവി തലമുറകളെ സംരക്ഷിക്കുക, വിവാഹം കഴിക്കാന്‍ പോകുന്നവരെ ആരോഗ്യകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

840-ലേറെ ജനിതകവൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള 570 ജീനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാഫലം ലഭിക്കാന്‍ വിവാഹത്തിന് 14 ദിവസം മുമ്പെങ്കിലും ടെസ്റ്റിന് വിധേയരാവണമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യവിദഗ്ധരുമായും ജനിതകരോഗ കൗണ്‍സലര്‍മാരുമായും വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വധൂവരന്‍മാര്‍ക്ക് അവസരം ലഭിക്കും. 2022-ല്‍ പരീക്ഷണാര്‍ഥം ആരംഭിച്ച ജനിതകപരിശോധ വന്‍വിജയമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് നിയമം എല്ലായിടത്തും നിര്‍ബന്ധമാക്കിയത്.

Similar News