യു.എ.ഇയിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമായ അൽ ഷിന്ദഗ മ്യൂസിയത്തിൽ എമിറേറ്റിന്റെ സാംസ്കാരിക കലാ വിഭാഗമായ മായ പൈതൃക പ്രദർശനം ഒരുക്കുന്നു. മാസത്തിലെ എല്ലാ അവസാന വാരാന്ത്യത്തിലും ആവർത്തിക്കുന്ന പരിപാടിയാണ് 'ഫാമിലി വീക്കെൻഡ്' എന്നത്. വർഷം മുഴുവൻ തുടരുന്ന പുതിയ സംരംഭത്തിൽ 'ലൈഫ് ബൈ ദി കോസ്റ്റ്' എന്ന പ്രമേയമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. എമിറേറ്റിന്റെ വളർച്ചയിൽ സമുദ്ര മേഖല വഹിച്ച പങ്കിനെയാണ് പരിപാടി അടയാളപ്പെടുത്തുന്നത്.
എമിറേറ്റിന്റെ പൈതൃക പ്രദേശമെന്ന നിലയിയാണ് ഷിന്ദഗ അറിയപ്പെടുന്നത്. പഴമയുടെ അടയാളങ്ങൾ കേടുപാടുകളില്ലാതെ സംരക്ഷിച്ചിരിക്കുന്ന ഇവിടെ പുതുതായി രൂപപ്പെടുത്തിയ മ്യൂസിയം പൊതുജനങ്ങൾക്കായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് സമർപ്പിച്ചത്. ക്രീക്കിന്റെ പടിഞ്ഞാറൻ തീരത്ത് വ്യാപിച്ചുകിടക്കുന്ന 31 ഹെക്ടർ പരിസരമാണ് മ്യൂസിയമായി മാറ്റിയത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആഅൽ മക്തൂമിന്റെ പിതാമഹൻ ശൈഖ് സഈദ് അൽ മക്തൂം ഭരണം നടത്തിയത് ഇവിടം ആസ്ഥാനമാക്കിയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ദുബൈയുടെ ചരിത്രവും പൈതൃകവും മനസിലാക്കാൻ സഹായിക്കുന്ന രൂപത്തിലാണ് മ്യൂസിയം നിർമിച്ചിട്ടുള്ളത്.
2025ൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് ജനറൽ കോൺഫറൻസിന് ദുബൈ ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മ്യൂസിയം തുറന്ന് സജീവമായത്. സമ്മേളനത്തിന് മുമ്പായി 10 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കാനാണ് മ്യൂസിയം പദ്ധതിയിടുന്നത്.