തൊഴിലാളികൾക്കായി പുതുവത്സര ആഘോഷം സംഘടിപ്പിച്ച് ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ്

Update: 2024-01-02 15:46 GMT

സാമൂഹിക ഉത്തരവാദിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിലെ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ്, 2023 ഡിസംബർ 31 ന്, തൊഴിലാളികൾക്കായി പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. അൽകൂസ്, മുഹൈസിന, ജബൽ അലി, ഓർലയൻസ്, ജുമൈറ ഒന്ന് , അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു.ആഘോഷ പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ 3 കാറുകളും നിരവധി സ്മാർട്ട്‌ ഫോണുകളും സമ്മാനമായി നൽകി.

അൽകൂസിലാണ് പ്രധാന ആഘോഷ പരിപാടി നടന്നത്. ദുബായ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ചെയർമാൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, സെക്രട്ടറി ജനറൽ അബ്ദുള്ള ലഷ്കരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

"തൊഴിലാളി സമൂഹത്തെ അംഗീകരിക്കുകയും അവർക്ക് സന്തോഷങ്ങൾ നൽകുകയും ചെയ്യുന്നതിൽ ദുബായ് ഏവർക്കും മാതൃകയാണ്. പുതുവത്സരാഘോഷങ്ങളിൽ തൊഴിലാളികളുടെ പാരമ്പര്യ-സാംസ്കാരിക കലകൾ പ്രദർശിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യുന്നതിന് വേണ്ടി ദുബായ് തൊഴിൽ കാര്യവകുപ്പ് സ്ഥിരം സമിതി എപ്പോഴും പ്രതിജ്ഞാബദ്ധതരാണെന്ന് സെക്രട്ടറി ജനറൽ അബ്ദുള്ള ലഷ്കരി പറഞ്ഞു

ഇത്തരത്തിലുള്ള ആഘോഷങ്ങൾ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ തൊഴിലാളി സമൂഹവും, ഡിപ്പാർമെന്റും തമ്മിലുള്ള പരസ്പര വിശ്വാസം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അബ്ദുള്ള ലഷ്കരി കൂട്ടിച്ചേർത്തു.പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ബാൻഡുകൾ അവതരിപ്പിച്ച ഡാൻസുകൾ, ഗാനമേള, നാടൻ കലാപ്രകടനങ്ങൾ എന്നിവ പുതുവത്സരാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.

Tags:    

Similar News