ഭാവിയുടെ മ്യൂസിയത്തിന് ഒരു വയസ്; സന്ദർശിച്ചത് 10 ലക്ഷം പേർ

Update: 2023-02-22 13:01 GMT

ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന ടാഗ്‌ലൈനോടെ അവതരിച്ച ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വർഷം ഫെബ്രുവരി 22ന് തുറന്നുകൊടുത്ത മ്യൂസിയത്തിലേക്ക് ഇതുവരെ എത്തിയത് 10 ലക്ഷം സന്ദർശകരാണ്. 163 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ഇവിടെയെത്തി. ഇതിന് പുറമെ ആയിരത്തോളം അന്താരാഷ്ട്ര പ്രതിനിധികളും മന്ത്രിമാരും ഉദ്യോഗസ്ഥരും വിദഗ്ധരും പ്രത്യേക അതിഥികളായി ഫ്യൂച്ചർ മ്യൂസിയം സന്ദർശിച്ചു. 180ഓളം ലോകസമ്മേളനങ്ങൾ നടന്നു.

2015ലാണ് ഫ്യൂച്ചർ മ്യൂസിയം പ്രഖ്യാപിച്ചത്. യു.എ.ഇയിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം എമിറേറ്റ്‌സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ കവിതയാണ് കാലിഗ്രഫി രൂപത്തിൽ ഫ്യൂച്ചർ മ്യൂസിയത്തെ പൊതിഞ്ഞിരിക്കുന്നത്.

2016ൽ നിർമാണം തുടങ്ങിയ ഫ്യൂച്ചർ മ്യൂസിയത്തിലെ അറബിക് കാലിഗ്രഫിക്ക് 14,000 മീറ്റർ നീളമുണ്ട്. ഏഴുനില കെട്ടിടത്തിന് 77 മീറ്ററാണ് ഉയരം. ഇതിൽ 17,600 ചതുരശ്ര മീറ്ററും സ്റ്റീലാണ്. 14 കിലോമീറ്റർ നീളത്തിൽ എൽ.ഇ.ഡി ലൈറ്റുകളുണ്ട്.

Similar News